കൊല്ലം: കൊട്ടിയം, മയ്യനാട് പ്രദേശങ്ങളില്‍ ലഹരിമാഫിയ സംഘം പിടിമുറുക്കുന്നു. നടപടിയെടുക്കാതെ പോലീസും എക്സൈസും. കഞ്ചാവിനൊപ്പം മാരക ലഹരിമരുന്നുകളുടെയും നിരോധിത പുകയില ഉത്പ്പന്നങ്ങളുടെയും ഉപയോഗവും വര്‍ധിച്ചു.
പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്ക് നയം മുതലെടുത്ത് ലഹരിമാഫിയ സംഘങ്ങള്‍ തഴച്ചുവളരുകയാണ്. ചോദ്യം ചെയ്താല്‍ പൊതുജനത്തെ മാത്രമല്ല പോലീസിനെയും എക്സൈസിനേയും ലഹരിമാഫിയ സംഘം ആക്രമിക്കുകയാണ്. കഴിഞ്ഞ ദിവസം ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പ്രദേശത്ത് യുവാക്കള്‍ ബഹളം വയ്ക്കുന്നതറിഞ്ഞ് എത്തിയ മയ്യനാട് ഗ്രാമ പഞ്ചായത്ത് പടനിലം വാര്‍ഡ് മെമ്പര്‍ രഞ്ജിത്തിനെ നാലംഗസംഘം കുത്തികൊല്ലാന്‍ ശ്രമിച്ചു. പ്രതികളെല്ലാം 25 വയസിനു താഴെയുള്ളവരാണ്.
ലഹരി ഉപയോഗിച്ച് ബഹളം വയ്ക്കുന്ന വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്തംഗം സ്ഥലത്തെത്തുന്നത്. ചോദ്യം ചെയ്തതോടെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പിടികൂടാനെത്തിയ എക്സൈസ് സംഘത്തിലെ ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ലഹരിക്കടിമകളായവര്‍ നടത്തിയ അക്രമത്തിന്റെ പേരില്‍ കൊട്ടിയത്ത് പത്തും ഇരവിപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ ഇരുപതും കേസുകളാണ് ഒരു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: