ന്യൂദല്‍ഹി : റെയില്‍വേ സ്റ്റേഷന്റെ പേരിനൊപ്പം പരസ്യം നല്കി അധിക വരുമാനമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ഇതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി നിശ്ചിത നിരക്ക് നല്കി സ്റ്റേഷനുകളുടെ പേരിനൊപ്പം വാണിജ്യ ബ്രാന്‍ഡുകളുടെ പേരും നല്കാന് സാധിക്കും. നിലവില്‍ മെട്രോസ്റ്റേഷനുകള്‍ക്ക് ഇത്തരത്തില്‍ ബ്രാന്‍ഡിന്റെ പേരുകള്‍ നല്കി പരസ്യം നല്‍കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയും ഈ പാത പിന്തുടരുന്നതാണ്.
ഇതിലൂടെ സ്വകാര്യ- സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സ്റ്റേഷന് പേരിനൊപ്പം തങ്ങളുടെ ഉത്പ്പന്നങ്ങളുടേയോ കമ്പനികളുടേയോ പേര് നല്കാന് സാധിക്കും.സ്റ്റേഷനുകളുടെ പേരിനൊപ്പം ബ്രാന്‍ഡിനെ ചേര്‍ക്കുന്നതിനായി ലേലം നടത്താന്‍ സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി കഴിഞ്ഞു. റെയില്‍വേയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലാകണം ഇത്തരത്തില്‍ പേര് മാറ്റങ്ങള്‍ നടപ്പാക്കേണ്ടതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ വ്യക്തികളുടെ പേര് നല്‍കാനാകില്ല. റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റുന്നതിന് തുല്യമായിട്ടാണ് പരസ്യ ദാതാവിന്റെ പേര് നല്‍കുക. ബ്രാന്‍ഡ് നെയിമുകള്‍ രണ്ട് വാക്കില്‍ കൂടാന്‍ പാടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. റെയില്‍വേ ടിക്കറ്റുകള്‍, പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം, വെബ്സൈറ്റുകള്‍, റൂട്ട് മാപ്പുകള്‍, പൊതു അറിയിപ്പുകള്, റെയില്‍ ഡിസ്പ്ലേ നെറ്റ്വര്‍ക്ക് മുതലായവയില്‍ കോ- ബ്രാന്‍ഡിങ് അനുവദിക്കില്ല. റെയില്‍വേ സ്റ്റേഷന്റെ യഥാര്‍ത്ഥ പേര് തന്നെയാകും ഇവിടങ്ങളില്‍ ഉണ്ടാകുക.
റെയില്‍വേ സ്റ്റേഷന് കെട്ടിടത്തില്‍ എവിടെയെല്ലാം സ്റ്റേഷന്റെ പേര് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ അവിടെയൊക്കെ ഏറ്റെടുക്കുന്ന ബ്രാന്‍ഡിന്റെ പേരും ഒപ്പം ചേര്‍ക്കാം. യാത്രക്കാര്‍ കടന്നുപോകുന്ന ഇടനാഴികളിലും പരസ്യം നല്‍കാനും ഇതിനോടൊപ്പം അനുമതി നല്‍കും.
അതേസമയം പ്രമുഖ വ്യക്തിത്വങ്ങളുടേയും ദേശീയ നേതാക്കളുടേയും രക്തസാക്ഷികളുടേയും പേരിലുള്ള റെയില്‍വേ സ്റ്റേഷനുകളുടെ പേരില്‍ മാറ്റം വരുത്തി പരസ്യം നല്‍കില്ല. കൂടാതെ മയക്കുമരുന്ന്, മദ്യം, സിഗരറ്റ്, പുകയില വസ്തുക്കള്‍ എന്നിവയുടെ ബ്രാന്‍ഡുകളുടെ പേരുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് നല്‍കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: