എ.എസ്. അഹിമോഹനന്‍
(തിരുവനന്തപുരം അയ്യാവൈകുണ്ഠര്‍ പഠനകേന്ദ്രം ചെയര്‍മാനാണ് ലേഖകന്‍)
ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ തിരുവിതാംകൂറില്‍ നിന്ന് ആദ്യ ശബ്ദം ഉയര്‍ത്തിയ അയ്യാവൈകുണ്ഠ നാഥര്‍ അഗസ്തീശ്വരത്തിനു സമീപം പൂവണ്ടന്‍ തോപ്പില്‍ 1809 ല്‍ പിറന്നു. പൊന്നു നാടാര്‍ പിതാവും വെയിലാള് അമ്മാള്‍ മാതാവും. ബാല്യത്തില്‍ തന്നെ അസാമാന്യ പാണ്ഡിത്യം പ്രകടിപ്പിച്ചിരുന്ന കുട്ടിക്ക് മുടിചൂടും പെരുമാള്‍ എന്ന് പേരിട്ടു. എന്നാല്‍ സവര്‍ണ്ണ മേധാവികളില്‍ നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് മുത്തുക്കുട്ടി എന്നു പേരുമാറ്റി.
തനിക്കുചുറ്റും കണ്ട അനീതികള്‍ക്കെതിരെ പ്രതികരിച്ച മുത്തുക്കുട്ടിയെ നാട്ടുപ്രമാണിമാര്‍ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പലപ്പോഴും അവര്‍ കുമാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. മരുത്വാ മലയിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി അതിശക്തമായ ‘ഹാല ഹാല’ വിഷം പാലില്‍ ചേര്‍ത്തു നല്കി. ഇതേ തുടര്‍ന്ന് മുത്തുക്കുട്ടി രോഗബാധിതനായി. പിന്നീട് കിടപ്പുരോഗിയായി. കണ്ണുനീരിലും പ്രാര്‍ത്ഥനയിലും മുഴുകി അലമുറയിട്ടു കഴിഞ്ഞ നാളുകളില്‍ ഒരു ദിവസം തന്റെ മകനെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തിലെത്തിച്ചാല്‍ രോഗമുക്തി ലഭിക്കുമെന്ന് മാതാവ് സ്വപ്നം കണ്ടു.
അടുത്ത ദിവസം കാലത്തുതന്നെ കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും സഹകരണത്തോടെ തുണിത്തൊട്ടില്‍ കെട്ടി മുത്തുക്കുട്ടിയെയും വഹിച്ചുകൊണ്ടവര്‍ പുറപ്പെട്ടു. തിരുച്ചെന്തൂരിലേക്ക് റോഡുകള്‍ ഇല്ലാതിരുന്ന കാലം. ഊടുവഴികളും പനങ്കാടുകളും അരുവികളും താണ്ടി അവര്‍ തോറവഴിയാറിന്റെ കരയില്‍ വിശ്രമിച്ചു. ക്ഷീണംകൊണ്ട് എല്ലാവരും അല്പമൊന്നു മയങ്ങി. തുണിത്തൊട്ടിലില്‍ കിടന്ന രോഗിയായ മുത്തുക്കുട്ടി ചാടി എണീറ്റ് ഓടാന്‍ തുടങ്ങി. രോഗഭ്രമത്താല് ഓടുകയാണെന്ന് ധരിച്ച് ഏവരും പിറകെ ഓടി. തിരുച്ചെന്തൂര്‍ ക്ഷേത്രം എത്തുന്നതിനു മുമ്പ് മുത്തുക്കുട്ടി അതിവേഗം കടലിലേക്ക് കടന്ന് തിമാലകള്ക്കിടയില് മറഞ്ഞു.
രണ്ട് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ബന്ധുക്കള്‍ മടങ്ങിപ്പോയി. എന്നാല്‍ മകന് മടങ്ങി വരുമെന്ന ഉത്തമവിശ്വാസത്തില്‍ അമ്മമാത്രം കരയില്‍ കണ്ണീരോടെ കാത്തിരുന്നു. മൂന്നാംനാള്‍ (1833 മാര്‍ച്ച് 3, കൊല്ലവര്‍ഷം 1008) കടലില്‍ നിന്ന് പുറത്തേക്ക് വന്ന മകനെ കണ്ട് സന്തോഷപാരവശ്യത്തോടെ അമ്മ ആശ്ലേഷിക്കാന്‍ അടുത്തു. എന്നാല്‍ അമ്മയുടെ മുഖത്തേക്കുറ്റു നോക്കികൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു.”ഇപ്പോള്‍ മുതല്‍ ഞാന്‍ നിന്റെ മകനല്ല, സാക്ഷാല്‍ വൈകുണ്ഠരാണ്’. ഉടന്‍ തന്നെ അദ്ദേഹം പ്രയാണം ആരംഭിച്ചു. അമ്മ പിറകേയും. ഉപ്പുവെള്ളത്തില്‍ കുതിര്‍ന്ന് വികൃതമായ തലമുടിയും മുഖരോമങ്ങളും ഉടുമുണ്ടുമായി കൊടുങ്കാറ്റുപോലെ പൂവണ്ടന്‍ തോപ്പിലേക്ക്. വഴിയില്‍ കിട്ടിയ കല്ലേറും പരിഹാസങ്ങളും സ്നേഹാദരങ്ങളും പുഞ്ചിരിയോടെ ഏറ്റു വാങ്ങി ആര്‍ത്തിരമ്പുന്ന തിരമാല കണക്കെ പാഞ്ഞു. മൂന്നു നാളത്തെ പട്ടിണിയും വ്യഥയും കാരണം തളര്‍ന്നുപോയ അമ്മമാത്രം അനുധാവനം ചെയ്തു. വാര്ത്തകേട്ടറിഞ്ഞ ജനങ്ങള്‍ അദ്ദേഹത്തിന് പനനീരും പഴങ്ങളും നല്കി.
പൂവണ്ടന്‍തോപ്പില്‍ എത്തിച്ചേര്‍ന്ന വൈകുണ്ഠര്‍ തന്നെ കാണാനെത്തിയവര്‍ക്ക് ചെളി ശുദ്ധീകരിച്ചെടുത്ത ‘തിരുമണ്ണും’ ജലവും നല്കി. പലര്‍ക്കും രോഗങ്ങള്‍ ഭേദമായി. ദിവസംപ്രതി ജനക്കൂട്ടം വര്‍ധിച്ചു. അദ്ദേഹം അവരെ അനുഗ്രഹിക്കുകയും ഉപദേശിക്കുകയും ചെയ്തു. ഭയരഹിതരായിരിക്കണമെന്നും കൂലിയില്ലാ വേല (ഊഴിയം) ചെയ്യരുതെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ദൈവസൃഷ്ടിയില്‍ എല്ലാവരും സമന്മാരാണെന്നും ഒന്നിന്റെ പേരിലും ഉച്ചനീചത്വം പാടില്ലെന്നും ഉപദേശിച്ചു. വസ്ത്രധാരണത്തിലെ വിവേചനത്തേയും എതിര്‍ത്തു.
അനാചാരങ്ങള്‍ക്കും ജാതീയ അസമത്വത്തിനുമെതിരായ അയ്യാവൈകുണ്ഠരുടെ പ്രവര്‍ത്തനം ആശയ പ്രചാരണത്തില്‍ മാത്രം പരിമിതപ്പെട്ടില്ല. പ്രായോഗിക പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം സ്വയം മാതൃക സൃഷ്ടിച്ചു. അവര്‍ണ്ണരെന്ന് മുദ്രകുത്തപ്പെട്ട പതിനെട്ടു ജാതിക്കാരെ ഒന്നിച്ചുകൊണ്ടുവന്നു. ഒരുമിച്ചു താമസിക്കുവാനും ഒരുമിച്ചു ജീവിക്കുവാനും അവരെ പ്രേരിപ്പിച്ചു. അവര്‍ക്ക് വെള്ളമെടുക്കാന്‍ പൊതുകിണര്‍ നിര്‍മ്മിച്ചു. (ഈ കിണര്‍ ‘മുത്തിരി കിണര്‍’ എന്നപേരില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്). അവരെ ഒരുമിച്ചിരുത്തി സമപന്തിഭോജനം നടത്തി. അവരുടെ സാമൂഹിക ഉന്നതിക്കായി പ്രവര്‍ത്തിക്കാന്‍ സമത്വ സമാജം രൂപീകരിച്ചു. കേരള ചരിത്രത്തിലെ അവിസ്മരണീയ അദ്ധ്യായമായി തീര്‍ന്ന തെക്കന്‍ തിരുവിതാംകൂറിലെ ജാതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഈ പരിഷ്കരണ പ്രവര്‍ത്തനങ്ങളാണ്.
‘ജാതി ഒന്ട്രെ, മതം ഒന്ട്രെ, ഉലകം ഒന്ട്രെ’ എന്ന് ഉദ്ഘോഷിച്ച അയ്യാവൈകുണ്ഠനാഥരുടെ രണ്ട് വിശുദ്ധ ഗ്രന്ഥങ്ങളാണ് അരുള്‍ നൂലും അഖിലത്തിരട്ടും. ഓരോ മനുഷ്യനും ദൈനംദിന ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട നിഷ്ഠകളും രാജ്യത്തോട് നിറവേറ്റേണ്ട ചുമതലകളും സഹജീവികളോടുള്ള കടമകളും പ്രകൃതിയോടുള്ള സമീപനവുമെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന അഖിലത്തിരട്ട് മനുഷ്യന് ഈ ലോകത്തില്‍ തന്നെ സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു. ഭൂമിയിലെ സകല ജീവജാലങ്ങളിലും നിലനില്‍ക്കുന്ന വിശപ്പ് അവയില്‍ അനന്യത സൃഷ്ടിക്കുന്നുവെന്ന അയ്യാവൈകുണ്ഠരുടെ ആശയം ഈ വിശുദ്ധ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു.
ചിന്തകനും പണ്ഡിതനുമായ അയ്യാവൈകുണ്ഠര്‍ പലപ്പോഴായി അരുള്‍ചെയ്തതാണ് അരുള്‍നൂല്‍. നൂല് എന്ന തമിഴ് വാക്കിന് അര്‍ത്ഥം പുസ്തകം. ബോധിപ്പ്, ഉകപഠിപ്പ്, വാഴപ്പഠിപ്പ്, ഉച്ചിപ്പഠിപ്പ് എന്നീ അദ്ധ്യായങ്ങള്‍ ആരാധാനാലയങ്ങളിലെ ആരാധനയുടെ ഭാഗമാണ്. ചാട്ടുനീട്ടോല പ്രവചനങ്ങളാണ്. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ അയ്യാവൈകുണ്ഠര്‍ ജ്ഞാന ദൃഷ്ടിയില് ദര്‍ശിക്കുന്നതായി വിവരിക്കുന്നു. സാമൂഹ്യമാറ്റത്തിനും മനുഷ്യന്മയ്ക്കുമായി ജീവിതകാലം മുഴുവന്‍ യത്നിച്ച അയ്യാവൈകുണ്ഠരുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും തെന്നിന്ത്യയെ മുഴുവന്‍ സ്വാധീനിച്ചു. ഇന്നും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ കാല്‍ച്ചങ്ങലകള്‍ പൊട്ടിച്ചെറിയാനും ഒപ്പം കൂട്ടിമുന്നേറാനും
തങ്ങള്‍ക്കൊപ്പം വന്ന അയ്യാവൈകുണ്ഠരെ മഹാവിഷ്ണുവിന്റെ അവതാരമായി കണ്ട് ആരാധിക്കുന്ന ഒരു കോടിയിലധികം ആരാധകരും ഇരുപതിനായിരത്തിലധികം ആരാധാനാലയങ്ങളും ഇന്ന് നിലവിലുണ്ട്. അയ്യാവൈകുണ്ഠരുടെ ജീവിതവും സന്ദേശവും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ നടപടികളുണ്ടാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: