വാസ്കോ: നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പ്ലേ ഓഫിനരികിലെത്തി. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. അല്‍വാരോ വാസ്ക്വസ് രണ്ട് ഗോളും. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഒരു ഗോളും നേടി. ഡീഗോ മൗറീഷ്യോയാണ് മുംബൈക്കായി സ്കോര്‍ ചെയ്തത്.
ഈ വിജയത്തോടെ 19 മത്സരങ്ങളില്‍ 33 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തെത്തി. അതേസമയം , മുംബൈ സിറ്റി എഫ്സി 19 മത്സരങ്ങളില്‍ 31 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി ഹൈദരാബാദിനോട് തോല്‍ക്കുകയോ സമനില പിടിക്കുകയോ ചെയ്താല്‍ ബ്ലാസ്റ്റേഴ്സിന് അവസാന മത്സരത്തിന് മുമ്പ് സെമിഫൈനല്‍ ഉറപ്പാകും. മുംബൈ സിറ്റി ഹൈദരാബാദിനെ കീഴടക്കിയാല്‍ അവസാന മത്സരത്തില്‍ എഫ്സി ഗോവയോട് തോല്‍ക്കാതിരുന്നാല്‍ ബ്ലാസ്റ്റേഴ്സ് സെമിയിലെത്തും. ഞായറാഴ്ചയാണ് ഗോവ – ബ്ലാസ്റ്റേഴസ് മത്സരം.
മുംബൈക്കെതിരെ വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ ആഞ്ഞടിച്ചു. തുടരെത്തുടരെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മുംബൈയുടെ ഗോള്‍ മുഖത്ത് അപായ ഭീഷണിയുയര്‍ത്തി. പന്ത്രണ്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം സന്ദീപ് സിങ്ങിന് അവസരം കിട്ടി. ആഡ്രിയാന്‍ ലൂണ നീട്ടുകൊടുത്ത പന്ത്് പിടിച്ചെടുത്ത് ഗോള്‍ പോസ്റ്റിന് അടുത്തുനിന്ന് തൊടുത്തുവിട്ട ഷോട്ട്് പക്ഷെ പുറത്തേക്ക് പോയി.
തൊട്ടടുത്ത നിമിഷത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ആയുഷ് ഖാനും അവസരം നഷ്ടമാക്കി. ജോര്‍ഗെ പെരേര നല്കിയ പാസുമായി കുതിച്ച ആയുഷ് ഗോള്‍ മുഖത്തേക്ക് ഷോട്ട് ഉതിര്‍ത്തു. എന്നാല്‍ പന്ത് പുറത്തേക്ക് പറഞ്ഞു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം മുംബൈ സിറ്റിയുടെ കാസിയോ ഗബ്രീയേലും അവസരം തുലച്ചു. ഗബ്രീലിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പറന്നു.
പ്രത്യാക്രമണം നടത്തിയ ബ്ലാസ്റ്റേഴ്സ് തൊട്ടു പിന്നാലെ ഗോള്‍ നേടി. പത്തൊമ്പതാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് ലക്ഷ്യം കണ്ടത്. ബോക്സിന് പുറത്തുനിന്നുള്ള സമദിന്റെ ഷോട്ട് മുംബൈയുടെ വലയില്‍ കുരുങ്ങി 1-0. ഈ സീസണില്‍ സഹലിന്റെ അഞ്ചാം ഗോളാണിത്.
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും നേടി. പെനാല്‍റ്റിയിലൂടെ അല്‍വാരോ വാസ്ക്വസാണ് സ്്കോര്‍ ചെയ്തത് 2-0. ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മുംബൈ സിറ്റി താരം മൊര്റ്റാഡ ഫാള്‍ പെനാല്‍റ്റി ഏരിയയില്‍ വാസ്ക്വസിനെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഇടവേളയ്ക്ക്് ബ്ലാസ്റ്റേഴ്സ് 2-0 ന് മുന്നിട്ടുനിന്നു.
അറുപതാം മിനിറ്റില്‍ വാസ്ക്വസ് ബ്ലാസ്റ്റേ്ഴ്സിന്റെ മൂന്നാം ഗോള്‍ നേടി 3-0. പതിനൊന്ന് മിനിറ്റുകള്‍ക്ക്് ശേഷം മുംബൈ സിറ്റി ഒരു ഗോള്‍ മടക്കി. പെനാല്‍റ്റിയിലൂടെ ഡീഗോ മൗറീഷ്യോയാണ് സ്കോര്‍ ചെയ്തത് 1-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: