കൊച്ചി: എക്കാലത്തും പാര്‍ട്ടിയോടൊപ്പം നിന്ന പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഹിന്ദു അടിത്തറയില്‍ വിള്ളല്‍ വീണതായി സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ന്യൂനപക്ഷ വര്‍ഗീയതയെ ശക്തമായി ചെറുക്കേണ്ടതുണ്ടെന്ന് സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദളിത് പിന്നാക്ക വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നുവെന്നും ഇത് നേരിടണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലീഗുമായുള്ള സംഖ്യം അടുത്തകാലത്തൊന്നും നടക്കില്ലെന്ന സൂചന കൂടിയാണ് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയ സംഘടനകളുമായി സിപിഎം സന്ധിചെയ്യുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സാംസ്കാരിക രംഗത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനം തീരെ പോരാ എന്ന വിമര്‍ശനവും ഉണ്ട്. സാംസ്കാരിക നായകന്മാര് ഇപ്പോള്‍ കൂടുതലായി പങ്കെടുക്കുന്നത് ബിജെപിയുടെ വേദികളിലാണ്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തേക്കുള്ള വഴിവെട്ടിയ രീതിയിലാണ് റിപ്പോര്‍ട്ടിലെ പരമാര്‍ശം. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന തീരുമാനം ജയരാജന് ലംഘിച്ചു. പാര്‍ട്ടി സെന്ററില്‍ തുടരേണ്ടതിന് പകരം കമ്മിറ്റിയില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുകയാണ് ജയരാജനെന്ന് പേരെടുത്തു പറഞ്ഞാണ് വിമര്‍ശനം. പ്രായപരിധിയില്‍ ഇളവ് പ്രതീക്ഷിച്ചിരുന്ന ജി. സുധാകരെനെതിരെയും പരാമര്‍ശമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരന് കാര്യമായി പ്രവര്‍ത്തിച്ചില്ലെന്നാണ് ആക്ഷേപം.
മന്ത്രിമാരായ പി. രാജീവ്, കെ. രാധാകൃഷ്ണന്, കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. എറണാകുളം ജില്ലാ സമ്മേളനത്തില്‍ നിന്ന് ജില്ലാ കമ്മിറ്റിയംഗം ബാലകൃഷ്ണന് നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് സിപിഎം സമ്മേളനങ്ങളുടെ ആകെ ശോഭ കെടുത്തിയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് തെരഞ്ഞെടുപ്പ് പരാജയത്തില്‍ എടുത്ത നടപടികളില്‍ പക്ഷപാതിത്വം കാണിച്ചെന്നും വിമര്‍ശനമുണ്ട്. പ്രവര്‍ത്തനറിപ്പോര്‍ട്ടിലും സംഘടനാ റിപ്പോര്‍ട്ടിലും കരട് നയരേഖയിലും ഇന്ന് ചര്‍ച്ചകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: