ഡോ. എം.പി. മിത്ര
നാഷണല്‍ അണ്ടര്‍ ഗ്രാജുവേറ്റ് മെഡിക്കല്‍ വിദ്യാഭ്യാസ സമിതിയുടെ യോഗം, ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്കു പകരം, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആയുര്വേദാചാര്യന് ചരകന്‍ രചിച്ച ‘ചരകശപഥം ആക്കാന്‍ തീരുമാനിച്ചത് ചിലര്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ‘ചരക ശപഥം ഇന്ത്യയെ അപഹാസ്യമാക്കും’ എന്നാണ് ഒരു പത്രം കുറിച്ചത്.
ആരോപണങ്ങള്‍
ശാസ്ത്ര സാങ്കേതികമുന്നേറ്റത്തിലൂടെ ലോകം കുതിക്കുമ്പോള്‍, ഇന്ത്യയെ പ്രാകൃത ചിന്തകളിലേക്കും, അന്ധവിശ്വാസങ്ങളിലേക്കും തിരികെ കൊണ്ടുപോകാനുള്ള ആസൂത്രിത ശ്രമം, മനുഷ്യരാശിയുടെ സേവനത്തിന് ജീവിതം സമര്‍പ്പിക്കും എന്ന് ആത്മാര്‍ഥമായി പ്രതിജ്ഞ ചെയ്യുന്നു എന്ന് തുടങ്ങുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി, നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്ക് വൈദ്യ സമൂഹത്തെ കൊണ്ടുപോ
കുന്നു, മനുഷ്യത്വത്തിനും നൈതികതയ്ക്കും രോഗികളുടെ സ്വകാര്യതയ്ക്കും ഊന്നല്‍ നല്കി രൂപീകരിച്ച ഡിക്ലറേഷന്‍ ഓഫ് ജനീവ എന്ന പ്രതിജ്ഞയാണ് മാറ്റിയത്. പ്രാചീന ആചാരങ്ങളെയാണ് പ്രതിജ്ഞയായി ചരക സംഹിതയില്‍ നിന്ന് തെരഞ്ഞെടുത്തത്, ചികിത്സകര്‍ സ്ത്രീയെ അവരുടെ ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ സാന്നിധ്യത്തിലേ പരിശോധിക്കാവൂ എന്ന നിര്‍ദ്ദേശം വൈദ്യ വിദ്യാര്‍ത്ഥികളെ നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്ക് വലിച്ചെറിയും, ശാസ്ത്രീയതയില്ലാത്ത കാഴ്ചപ്പാടുകള്‍ അടങ്ങുന്ന പ്രതിജ്ഞ ആധുനിക വിദ്യാര്‍ഥികള്‍ ഉരുവിടുന്നതിന്റെ സാംഗത്യം അംഗീകരിക്കാനാവില്ല, ആധുനിക ലോക വീക്ഷണത്തോടു പുറം തിരിഞ്ഞു നില്ക്കുന്നു തുടങ്ങിയവയാണ് ആക്ഷേപങ്ങള്‍.
ഹിപ്പോക്രാറ്റിക് പ്രതിജ്ഞ
വിദ്യാര്‍ഥികളും ഫിസിഷ്യന്മാരും ബിരുദം നേടുമ്പോള്‍ സ്വീകരിക്കേണ്ട പെരുമാറ്റച്ചട്ടമാണ്, ഡോക്ടര്‍മാര്‍ക്കുള്ള പൊതുധാര്‍മ്മിക കോഡ്. ഹിപ്പോക്രാറ്റിക് പ്രതിജ്ഞ രണ്ടു തരമുണ്ട്. ക്ലാസിക്കല്‍ പതിപ്പും ആധുനിക പതിപ്പും. ക്ലാസിക്കല്‍ പതിപ്പ്, ലുഡ്വിഗ് എഡല്‍സ്റ്റൈന്‍ ഗ്രീക്കില്‍ നിന്നും വിവര്‍ത്തനം ചെയ്തതാണ്. ആധുനിക പതിപ്പ് 1964ല്‍ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് മെഡിസിന് ഡീന്‍ ലൂയിസ് ലസാഗ്ന എഴുതിയതും. ഉള്ളടക്കത്തില്‍, ക്ലാസിക്കല്‍ പതിപ്പില്‍ നിന്നും വളരെ വ്യത്യസ്തമാണ് ആധുനിക പതിപ്പ്. ‘അപ്പോളോ, അസ്ക്ലേപിയസ്, ഹൈജിയ, പനാസിയ എന്നിവരേയും എല്ലാ ദൈവങ്ങളെയും ദേവതകളെയും സാക്ഷികളാക്കി സത്യം ചെയ്യുന്നു, എന്റെ കഴിവിന്റെ പരമാവധി അനുസരിച്ച് ഞാന്‍ ഈ പ്രതിജ്ഞയും ഈ ഉടമ്പടിയും നിറവേറ്റും, മാരകമായ മരുന്ന് ആര്‍ക്കും ഞാന്‍ നല്‍കില്ല, അതിനായി ഒരു നിര്‍ദ്ദേശവും ഞാന്‍ നല്‍കില്ല. സ്ത്രീക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള പ്രതിവിധി നല്‍കില്ല. ഞാന്‍ എന്റെ ജീവിതത്തെയും കലയെയും (തൊഴില്‍) എന്നും വിശുദ്ധിയോടെ സംരക്ഷിക്കും. കല്ല് ബാധിച്ചവരില്‍ പോലും ഞാന്‍ കത്തി ഉപയോഗിക്കില്ല, ഞാന്‍ ഏതു വീടുകള്‍ സന്ദര്‍ശിച്ചാലും, ബോധപൂര്‍വമായി എല്ലാ അനീതികളില്‍ നിന്നും എല്ലാ വികൃതികളില്‍ നിന്നും മാറി നില്ക്കും, പ്രത്യേകിച്ച് സ്ത്രീകളോടും പുരുഷനോടും ഉള്ള പെരുമാറ്റത്തില്‍, സ്വതന്ത്രരോ അടിമകളോ ആയ വ്യക്തികളുമായുള്ള ലൈംഗിക ബന്ധത്തില്‍ നിന്ന് മുക്തനായി നില്ക്കും, രോഗികളുടെ പ്രയോജനത്തിനായി ഞാന്‍ പ്രവര്‍ത്തിക്കും എന്നൊക്കെയാണ് ക്ലാസിക്കല്‍ പതിപ്പ്. അതൊന്നും ആധുനിക പ്രതിജ്ഞയിലില്ല. ക്ലാസിക്കല്‍ പ്രതിജ്ഞയിലെ വാചകങ്ങള്‍ ആധുനിക വൈദ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റി എഴുതി. സത്യപ്രതിജ്ഞ ഹിപ്പോക്രാറ്റസ് എഴുതിയതാണ് എന്ന് വിശ്വസിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണെന്ന് പറയാം.
വിവിധ രാഷ്്ട്രങ്ങളില്‍
അമേരിക്ക, കാനഡ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ 135 മെഡി. സ്കൂളുകളില്‍ 11 ശതമാനത്തില്‍ മാത്രമാണ് ക്ലാസിക്കല്‍ പതിപ്പ് ഉപയോഗിക്കുന്നത്. 1964ല്‍ എഴുതിയ ആധുനിക പതിപ്പാണ് 30 ശതമാനത്തിലധികവും ഉപയോഗിക്കുന്നത്. കൂടാതെ അമേരിക്കന്‍ മെഡി. അസോസിയേഷന് സ്വന്തം മെഡിക്കല്‍ എത്തിക്സ് കോഡ് തെരഞ്ഞെടുത്തിട്ടുമുണ്ട്. അതില്‍ ഡോക്ടര്‍മാര്‍ പാലിക്കേണ്ട ഒമ്പത് തത്വങ്ങളുണ്ട്. ഈ രണ്ടു രാജ്യങ്ങള്‍ക്കകത്തു പോലും സത്യപ്രതിജ്ഞയ്ക്ക് ഏകീകൃത രൂപമില്ല.
ന്യൂസിലന്‍ഡിലേയും ബ്രിട്ടനിലേയും 12 മെഡിക്കല്‍ സ്കൂളുകളില്‍ ഒന്നില്‍ പോലും സത്യപ്രതിജ്ഞ ഉള്‍പ്പെടുത്തിയിട്ടില്ല. പല കോളജുകളിലും 1948 ല്‍ വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന് എഴുതിയ ജനീവ പ്രഖ്യാപനമാണ് ഉപയോഗിക്കുന്നത്.
ബ്രിട്ടനിലെ മെഡി. സ്കൂളുകളില്‍, സത്യപ്രതിജ്ഞയുടെ പരിഷ്കരിച്ച പതിപ്പാണ് ഉപയോഗിക്കുന്നത്. ചിലയിടങ്ങളില്‍ ജനീവ പ്രഖ്യാപനവും. ഇവിടേയും സത്യപ്രതിജ്ഞയ്ക്കു പൊതുസ്വഭാവമില്ല. ബ്രിട്ടീഷ് മെഡി.അസോസിയേഷന് സ്വന്തം പ്രതിജ്ഞയെഴുതി, പക്ഷേ അത് ഔദ്യോഗികമായി അംഗീകരിച്ചില്ല.
സൗദി അറേബ്യയിലും മറ്റ് ഇസ്ലാമിക രാജ്യങ്ങളിലും നിരവധി ദൈവങ്ങളെ വിളിക്കുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ നിഷിദ്ധമാണ്. ഖുറാനിലും മറ്റുമുള്ള ധാര്‍മ്മിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേകം പ്രതിജ്ഞയാണ് അവര്‍ രൂപപ്പെടുത്തിയത്. ചിലര്‍ ഇറാനിലെ പോലെ ദൈവങ്ങളുടെ പേരുകള്‍ വിളിക്കാത്ത ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുടെ സെന്‍സര്‍ ചെയ്ത പതിപ്പാണ് ഉപയോഗിക്കുന്നത്. പാകിസ്ഥാനാകട്ടെ, മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ കൗണ്‍സിലിന്റെ പാകിസ്ഥാന് മെഡിക്കല്‍ എത്തിക്സ് കോഡാണ് ഉപയോഗിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ജനീവ പ്രഖ്യാപനമാണ് ഉപയോഗിക്കുന്നത്. അതും മറ്റു പലരെയും പോലെ, രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്കരിച്ചത്.
ചൈനീസ് പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പിതാവായ സണ്‍ സു-മയാവോ, തന്റെ ‘ആയിരം സുവര്‍ണ്ണ പരിഹാരങ്ങള്‍’ എന്ന പുസ്തകത്തിലാണ് രോഗികളോടും ജനങ്ങളോടും ഫിസിഷ്യന്‍ പാലിക്കേണ്ട കടമകള്‍ ആദ്യമായി എഴുതിയത്. ആധുനിക ചൈനീസ് ഫിസിഷ്യന്മാര് ഇപ്പോഴും അതാണ് വായിക്കേണ്ടത്. ‘രോഗ ബാധിതയായ വിവാഹിതയേയോ വിധവയേയൊ കന്യാസ്ത്രീയേയോ പരിശോധിക്കുമ്പോള്‍, വൈദ്യന് കൂട്ടുകാരന് ഉണ്ടായിരിക്കണം, അതിനു ശേഷമേ അയാള്‍ക്ക് പരിശോധന നടത്താന്‍ കഴിയൂ എന്ന് അതിലുമുണ്ട്. വൈദ്യ ശാസ്ത്രം മനുഷ്യത്വമാണ് എന്നാണ് ഇതില്‍. അനുകമ്പയാണ് വൈദ്യമാര്ഗ്ഗം എന്നാണ് ‘ചരക പൈതൃകം’ എന്ന ഗ്രന്ഥം എഴുതിയ, സുപ്രസിദ്ധ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.എം.എസ്. വല്യത്താന് പറയുന്നതും. ഒരു കാര്യം വ്യക്തം, ലോകത്തെ മെഡിക്കല്‍ സ്കൂളുകളില്‍ ‘ഏകീകൃത പ്രതിജ്ഞ കോഡ്’ നിലവിലില്ല. ദേശീയതയ്ക്കും പൈതൃകത്തിനും വില കല്പിക്കുന്നവര് അതിനനുസരണമായ പ്രതിജ്ഞയാണ് സ്വീകരിക്കുന്നത്.
ചരക ശപഥത്തിന്റെ, ചരക സംഹിതയുടെ രചയിതാവ് മഹര്‍ഷി ചരകനാണ്. 800-1000 ബിസിയിലെ ശസ്ത്രക്രിയയെക്കുറിച്ചുള്ള ഇന്ത്യയിലെ ഏറ്റവും പുരാതന ഗ്രന്ഥമായ സുശ്രുത സംഹിതയ്ക്ക് മുമ്പാണ് ചരക സംഹിതയെന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ചരകശപഥം ഇന്ത്യയിലെ മെഡി. സ്കൂളുകള്‍ പ്രതിജ്ഞക്ക് ഉപയോഗിക്കുന്നത്. നിര്‍ദേശം നടപ്പായാല്‍ ചരകശപഥം ഭാരതം ഏകീകൃതമായി സ്വീകരിക്കും. ചരകശപഥം, ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുമായി നിരവധി ഭാഗങ്ങളില്‍ ഒത്തു ചേര്‍ന്ന് നില്ക്കുന്നു. ചരക സംഹിതാ സിദ്ധാന്തങ്ങള്‍ ഹിപ്പോക്രാറ്റസിനെയും സ്വാധീനിച്ചിട്ടുണ്ടാകാം.
അയ്യായിരം വര്‍ഷം മുന്‍പ് അടിസ്ഥാന ആയുര്‍വേദ പ്രമാണ ഗ്രന്ഥമെഴുതിയ ചരകന്റെ പേരില്‍ ആധുനികലോകത്തു ആദ്യമായി വേദി ഉയരുന്നത് അമേരിക്കയിലാണ്. അവിടുത്തെ അലോപ്പതി ഡോക്ടര്‍മാര്‍ 1894ല്‍ ന്യൂയോര്‍ക്കില്‍ ‘ചരക ക്ലബ്’ എന്ന പേരില്‍ സമിതി രൂപീകരിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സ്ഥാപകരില്‍ ഒരാളായ വില്യം ഓസ്ലര് ക്ളബ് രൂപീകരിച്ചവരില്‍ പ്രധാനിയായിരുന്നു.
ആരാണ് ചരകന്‍?
ഇന്ത്യന്‍ ആരോഗ്യ ശാസ്ത്രത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ് ചരകസംഹിത. കായ ചികിത്സയ്ക്ക് (ജനറല്‍ മെഡിസിന്) പ്രത്യേക പ്രാധാന്യം നല്കി, എന്നാല്‍ വൈദ്യശാസ്ത്രത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളിച്ചതാണ് ചരക സംഹിത. ‘ചരക സംഹിത’ ആയുര്‍വേദ ശാസ്ത്രത്തിന്റെ സമ്പൂര്‍ണ്ണ വിജ്ഞാനകോശമാണ്. സ്വഭോപരംവാദ (രോഗങ്ങളുടെ സ്വതസിദ്ധമായ മോചനം അഥവാ സ്വാഭാവിക രോഗശാന്തി) എന്ന ആശയം ആദ്യമായി വിശദീകരിച്ച വ്യക്തിയാണ് ചരകന്‍. രോഗത്തിന് ഔഷധം സ്വീകരിക്കുന്നതിനോടൊപ്പം പ്രാധാന്യം അയാളുടെ സാമൂഹ്യ ജീവിതക്രമത്തിനുമുണ്ട് എന്ന് സ്ഥാപിച്ചു നല്കിയ നിര്‍ദേശങ്ങളാണ് ‘ആചാര രസായനം’ (പെരുമാറ്റ ശിപാര്‍ശകള്‍) എന്ന് അറിയപ്പെടുന്നത്.
എന്താണ് ചരക് ശപഥം
ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ഭാരതത്തില്‍ ആചാര്യ ചരകന്‍ വൈദ്യശാസ്ത്രവിദ്യാര്ത്ഥികള്ക്കും, വൈദ്യന്മാര്ക്കും ധാര്‍മ്മിക ചാര്‍ട്ടര്‍ രൂപപ്പെടുത്തിയിരുന്നു; അത് പാലിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഗുരു ശിഷ്യ ബന്ധത്തിന്റെ പാവനതയും
വൈദ്യന്-രോഗീ ബന്ധത്തിന്റെ പരിശുദ്ധിയും അതില്‍ അടങ്ങിയിട്ടുണ്ട്. രോഗീ പരിചരണ പാതയില്‍ വൈദ്യന്/ഡോക്ടര്‍ പാലിക്കേണ്ട സദാചാരപരമായ ചട്ടങ്ങളുടെ ക്രോഡീകൃത രൂപമാണ് ശപഥം. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് രചിച്ച ഇത്തരം ശപഥങ്ങളില്‍ ചിലതു അക്കാലത്ത് പ്രസക്തമായതും ചിലത് എക്കാലത്തും പ്രസക്തമായതുമുണ്ട്. എക്കാലത്തും പ്രസക്തമായതാണ് ശപഥത്തില്‍ ഉള്‍പ്പെടുത്തുക. വൈദ്യന് മൗലികമായ സദാചാരബോധത്തോടെ ജീവിതം നയിക്കുമ്പോഴാണ് സമൂഹത്തില്‍ അംഗീകരിക്കപ്പെടുക.
വിദ്യാഭ്യാസം കഴിയുന്നതുവരെ ബ്രഹ്മചാരിയായിരിക്കണം, കളവു പറയരുത്, മാംസം ഭക്ഷിക്കരുത്, മേഥ്യങ്ങളായവ (ഓര്മ നിലനിര്‍ത്തുവാന്‍ ഉപകരിക്കുന്നവ) ശീലിക്കണം, പഠിക്കുന്ന വിഷയങ്ങളില്‍ അതീവ ശ്രദ്ധയുണ്ടാവണം, വിനയം ഉണ്ടാവണം, വൈദ്യന് എപ്പോഴും താന്‍ ചികിത്സിക്കുന്ന രോഗികള്‍ക്ക് ആരോഗ്യം ലഭിക്കാാനുള്ള മാര്‍ഗങ്ങള്‍ തന്നെ ആലോചിച്ചു സദാസമയവും പ്രവര്‍ത്തിക്കണം, രോഗികളില്‍ നിന്നു അവരുടെ ശക്തിയില്‍ കഴിഞ്ഞു ധനം വാങ്ങരുത്, രോഗിയെ തന്റെ പുത്രനെ പോലെ കരുതി ചികിത്സിക്കണം, പരസ്ത്രീകളെ കാമിക്കരുത്, മദ്യം ഉള്‍പ്പടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്, ഒരാളുടെ രോഗ വിവരങ്ങള്‍ മറ്റാരോടും പറയരുത്, രോഗീഗൃഹത്തില് പ്രവേശിക്കുമ്പോഴും പരിശോധിക്കുമ്പോഴും പാലിക്കേണ്ട മര്യാദകള്‍, രോഗി ഇന്ന ദിവസം വരേ ജീവിക്കുകയുള്ളൂ എന്ന് ബോധ്യമായാല്‍ പോലും ആ വിവരം പുറത്തു പറയരുത് തുടങ്ങിയവ ഇതിലുണ്ട്. തനിക്കു സഹായം ചെയ്യുന്ന വൈദ്യന് യഥാശക്തി പ്രത്യുപകാരം ചെയ്യണമെന്നും അല്ലാത്തവര്‍ ദുഷ്ടസ്വഭാവം ഉള്ളവര്‍ ആണെന്നും പറയുന്നുണ്ട്.
ഇതില്‍ എന്ത് പ്രാകൃത സ്വഭാവമാണുള്ളത്? ഇതില്‍ എന്താണ് അന്ധവിശ്വാസം? ഇതില്‍ ആധുനിക ശാസ്ത്രീയതയ്ക്കു ബദല്‍ എന്താണ്. ഇതിന് ഉത്തരം പറയുവാന്‍ വിമര്‍ശകര്‍ക്ക് ബാധ്യതയുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സൂസന്ന ജാക്കാബ് ‘ബെഞ്ച് മാര്‍ക്ക് ഫോര്‍ ദി പ്രാക്ടീസ് ഓഫ് ആയുര്‍വേദ’ യുടെ പരിഷ്കൃത പതിപ്പ് പുറത്തു ഇറക്കിയിരിക്കുന്നത് കൂടി ഇവിടെ ചേര്‍ത്തുവായിക്കാം.
ആധുനിക യുഗത്തില്‍ ഭൂരിപക്ഷവും പരിപാലിക്കാത്ത കാര്യങ്ങളാണ് മേല്‍ പറഞ്ഞിരിക്കുന്നത്. ആയുര്‍വേദം ശാശ്വതവും അനാദിയുമാണ് എന്നാണ് ചരകന്‍ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: