ധരംശാല: രോഹിത് ശര്‍മ്മയുടെ ഇന്ത്യ ലോക റിക്കാര്‍ഡിനൊപ്പം. ശ്രീലങ്കക്കെതിരായ മൂന്നാം ടി 20 യില്‍ വിജയിച്ചതോടെ ഇന്ത്യ രാജ്യാന്തര ടി 20 യില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ അഫ്ഗാനിസ്ഥാന്റെ റിക്കാര്‍ഡിനൊപ്പം (12 വിജയങ്ങള്‍) എത്തി. മൂന്നാം മത്സരത്തില്‍ കളിക്കാനിറങ്ങിയതോടെ ഏറ്റവും കുടുതല്‍ രാജ്യാന്തര ടി 20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റിക്കാര്‍ഡ് രോഹിതിന് സ്വന്തമായി.
അവസാന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ലോക ഒന്നാം നമ്പറായ ഇന്ത്യയുടെ തുടര്‍ച്ചയായ പന്ത്രണ്ടാം വിജയമാണിത്. നേരത്തെ വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയും മൂന്ന്് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു.
മൂന്ന്് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ മികവിലാണ് ഇന്ത്യ ലങ്കക്കെതിരായ മൂന്ന് മത്സരങ്ങളിലും വിജയം കൊയ്തത്. മൂന്ന് മത്സരങ്ങളിലും അയ്യര്‍ പുറത്തായില്ല. ആദ്യ മത്സരത്തില്‍ 57 റണ്‍സും രണ്ടാം മത്സരത്തില്‍ 74 റണ്‍സും അവസാന മത്സരത്തില്‍ 73 റണ്‍സും നേടി. ഈ പരമ്പരയിലാകെ 204 റണ്‍സ് നേടിയ അയ്യര്‍ പരമ്പരയുടെ താരമായി.
ഇന്ത്യ ആതിഥേയത്വം വഹിച്ച മുന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയില്‍ ഇന്ത്യ ഇത് രണ്ടാം തവണയാണ് ശ്രീലങ്കക്കെതിരെ സമ്പൂര്‍ണ്ണ വിജയം സ്വന്തമാക്കുന്നത്. 2017-18 സീസണില്‍ ഇന്ത്യ ശ്രീലങ്കയെ 3- 0 ന് തൂത്തുവാരിയിരുന്നു. മൂന്ന് ടീമുകള്‍ക്കെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര തൂത്തുവാരിയിട്ടുണ്ട് – ശ്രീലങ്ക (2017-18, 2022), വിന്‍ഡീസ് (2018-19, 2021-22), ന്യൂസിലന്‍ഡ് (2021-22).
രോഹിത് ശര്‍മ്മയുടെ 125-ാം ടി 20 രാജ്യാന്തര മത്സരമാണിത്. ഇതോടെ 124 മത്സരങ്ങള്‍ കളിച്ച പാകിസ്ഥാന് താരം ഷൊയ്ബ് മാലിക്കിന്റെ റിക്കാര്‍ഡാണ് വഴിമാറിയത്. പാകിസ്ഥാന്റെ ഓള് റൗണ്ടര്‍ മുഹമ്മദ് ഹഫീസാണ് മൂന്നാം സ്ഥാനത്ത്. ഹഫീസ് 119 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നൂറില്‍ കൂടുതല്‍ ടി 20 മത്സരങ്ങള്‍ കളിച്ച ഏക ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ്മ. മഹേന്ദ്ര സിങ് ധോണി (98), വിരാട് കോഹ്ലി (97) എന്നിവരാണ് രോഹിതിന് തൊട്ടുപിന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: