ആലപ്പുഴ: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനതോത് കുറയുകയും നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുകയും ചെയ്തതോടെ ആലപ്പുഴയിലെ കായല്‍ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. വിദേശ സഞ്ചാരികള്‍ എത്തി തുടങ്ങിയത് ടൂറിസം സംരംഭകര്‍ക്ക് പ്രതീക്ഷ നല്കുന്നു. ക്രിസ്മസ്-പുതുവത്സര സീസണില്‍ ആഭ്യന്തര ടൂറിസ്റ്റുകളാണ് ഏറെയും എത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ സഞ്ചാരികളും വന്നു തുടങ്ങിയതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
റഷ്യ, ഉക്രൈന് യുദ്ധം നീളുന്നത് ചിലപ്പോള്‍ വിദേശ സഞ്ചാരികളുടെ വരവിനെ ബാധിച്ചേക്കാമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതാണ് തുണയായത്. ആലപ്പുഴ, കുട്ടനാടന്‍ മേഖലകളിലെല്ലാം റിസോര്‍ട്ടുകളും ഹോംസ്റ്റേകളും സജീവമായി. ബുക്കിങ്ങുകള്ക്കായുള്ള അന്വേഷണങ്ങളും വര്‍ധിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര വര്‍ഷക്കാലമാണ് ഹൗസ് ബോട്ടുകള്‍ ഓടാതെ കിടന്നത്. വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് ഉടമകള്‍ക്ക് സംഭവിച്ചത്. ഭൂരിഭാഗം ബോട്ടുകള്‍ക്കും വലിയ തോതില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വന്നതായി ഉടമകള്‍ പറയുന്നു.
20 ലക്ഷം മുതല്‍ 50 ലക്ഷം വരെ രൂപ മുടക്കിയാണ് ആഡംബര ഹൗസ് ബോട്ടുകള്‍ പണിതിറക്കിയത്. റിസോര്‍ട്ടുകളും ഹോട്ടലുകളും വ്യക്തികളും ബാങ്ക് വായ്പയിലാണ് ഹൗസ് ബോട്ടുകള്‍ നീറ്റിലിറക്കിയിട്ടുള്ളത്. ഓടാതെ ഉപ്പുവെള്ളത്തില്‍ കിടന്നതിനാല്‍ തന്നെ ബോട്ടുകളുടെ അടിവശം ദ്രവിച്ചും മുള, ഈറ്റ, ചൂരല്‍ നിര്‍മിത ഫര്‍ണിച്ചറുകള്‍ക്ക് പൂപ്പല്‍ ബാധിച്ചും കേടുപാടുകളുണ്ടായി. 2020 മാര്‍ച്ച് മുതല്‍ ഓട്ടമില്ലാതെ വന്നതോടെ ബോട്ടുകളിലെ ജീവനക്കാരും കുടുംബങ്ങളും പ്രതിസന്ധിയിലായിരുന്നു. മണ്‍സൂണ്‍ ടൂറിസം, ഓണം, വള്ളംകളി എന്നിവ പ്രമാണിച്ച് മുമ്പ് ഓട്ടം ലഭിച്ചിരുന്നത് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളിലാണ്. കഴിഞ്ഞ വര്‍ഷം ഈ സീസണ് നഷ്ടമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: