കൊട്ടിയം: മയക്കുമരുന്ന് മാഫിയ ബിജെപി നേതാവിനെ കുത്തിപരിക്കേല്‍പ്പിച്ചു. ബിജെപി ഇരവിപുരം മണ്ഡലം ജനറല്‍ സെക്രട്ടറിയും മയ്യനാട് പഞ്ചായത്ത് അംഗവുമായ രഞ്ജിത്തിനാണ് കുത്തേറ്റത്. കൈയ്ക്കും നെഞ്ചിലും വയറ്റിലും കുത്തേറ്റ് ഗുരുതരമായ പരിക്കേറ്റ രഞ്ജിത്തിനെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമി സംഘത്തിലെ മൂന്നൂപേരെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. തട്ടാമല ശാര്ക്കരകുളം പുത്തന്‍വീട്ടില്‍ അല്‍ത്താഫ് (19), ഉമയനല്ലൂര്‍ വയലില്‍ പുത്തന്‍ വീട്ടില്‍ പ്രസാദ് (21), ശ്യാംഭവനില്‍ ശ്യാം (21) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ ഉമയനല്ലൂര്‍ വള്ളിയമ്മ കോവിലിന് സമീപമായിരുന്നു സംഭവം. വള്ളിയമ്മ ക്ഷേത്രത്തിനു സമീപം വയലില്‍ മയക്കുമരുന്ന് സംഘങ്ങള്‍ ബഹളം ഉണ്ടാക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രഞ്ജിത്ത് എത്തിയത്. ഈ സമയം മയക്കുമരുന്ന് സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. രഞ്ജിത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിക്കുകയും അക്രമി സംഘത്തിലെ രണ്ടുപേരെ പിടിച്ചു പോലിസിന് കൈമാറുകയും ചെയ്തു.
മയക്കുമരുന്ന് സംഘങ്ങള്‍ പ്രദേശത്ത് സജീവമാണെന്നും പോലീസും എക്സൈസും നിര്ജീവമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. പല സ്ഥലത്തും ഇത്തരം മയത്തുമരുന്ന് മാഫിയ സംഘങ്ങളെ പേടിച്ചു കഴിയേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍. അധികൃതരെ വിവരം അറിയിച്ചതിന്റെ പേരില്‍ നിരവധി പേര് ആക്രമണത്തിന് ഇരയായിട്ടുണ്ട്. നിയമപാലകരില്‍ നിന്നുപോലും സംരക്ഷണം ലഭിക്കാറില്ല. അതിനാല്‍ ശക്തമായ നടപടികളിലൂടെ ഉമയനല്ലൂര്‍, കൊട്ടിയം മേഖലയില്‍ മയക്കുമരുന്ന് സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: