കണ്ണൂര്‍: കണ്ണൂരിലെ സിപിഎം പ്രവര്ത്തകന് ഹരിദാസിന്റെ കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നത് സിപിഎമ്മും പോലീസും സംയുക്തമായി ഉണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി. ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടത് മറച്ചുവെക്കാന്‍ കേസ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ദേശിയസമിതി അംഗം പികെ കൃഷ്ണദാസ് കണ്ണൂരില്‍ പറഞ്ഞു.
സിപിഎം പോലീസുമായി ചേര്‍ന്ന് മെനഞ്ഞുണ്ടാക്കിയ തിരക്കഥയെ അടിസ്ഥാനമാക്കിയാണ് അറസ്റ്റുകള്‍ രേഖപ്പെടുത്തുന്നത്. പോലീസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി. പോലീസ് നീക്കത്തിനെതിരെ തലശേരിയില്‍ നടന്ന എസിപി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രവര്‍ത്തനമാണ് ജില്ലാ പോലീസ് മേധാവി ചെയ്യുന്നത്. കേസില്‍ ലിജേഷ് പ്രതിയാണെന്ന് പറയുന്നത് സിപിഎം ജില്ലാ സെക്രട്ടറിയാണ്. ജില്ലാ സെക്രട്ടറി പറയുന്നതിനനുസരിച്ചാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. കേരളപോലീസിലെ ഒരു വിഭാഗം തൊപ്പിയും ലാത്തിയും സിപിഎം ഓഫീസില്‍ പണയം വെച്ചത് ലജ്ജാകരം തന്നെയാണെന്നും വീണ് കിട്ടിയ അവസരം മുതലെടുത്ത് ബിജെപി പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കുകയാണെന്നും പി.കെ കൃഷ്ണദാസ് പ്രതികരിച്ചു.
കണ്ണൂര്‍ ജില്ലയില്‍ കലാപം ഉണ്ടാക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായാണ് കല്യാണ വീട്ടില്‍ പോലും സിപിഎമ്മുകാര്‍ ബോംബ് കൊണ്ടുപോകുന്നതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. നിരപരാധികളെ കള്ളക്കേസില്‍ പ്രതികളാക്കുന്ന പോലീസ് നയത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ തലശ്ശേരി എ.സി.പി ഓഫീസ് മാര്‍ച്ച് നടന്നു. ബിജെപി ദേശിയസമിതി അംഗം പികെ കൃഷ്ണദാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: