കൊല്ലം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദയോജനയുടെ ഘടകപദ്ധതിയായ ബയോഫ്ളോക്ക് മത്സ്യക്കൃഷിക്ക് സ്വീകാര്യതയേറുന്നു. കുറഞ്ഞസ്ഥലത്ത് മത്സ്യക്കൃഷി നടത്താമെന്നതും ഉയര്‍ന്ന ഉത്പാദനവുമാണ് ബയോഫ്ളോക്ക് മത്സ്യക്കൃഷിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കുന്നത്. ആറുമാസംകൊണ്ട് വിളവെടുക്കാമെന്നതിനാല്‍ വര്‍ഷത്തില്‍ രണ്ടുതവണ മത്സ്യക്കൃഷി നടത്താം.
ഏറ്റവും ചെലവുകുറഞ്ഞതും നൂതനവും പരിസ്ഥിതിക്ക് അനുയോജ്യവുമാണ് ബയോ ഫ്ളോക്ക് മത്സ്യക്കൃഷി. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 9.22 കോടിരൂപയും സംസ്ഥാനസര്‍ക്കാര്‍ ആറുകോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാനത്ത് 500 ബയോഫ്ളോക്ക് യൂണിറ്റുകളാണ് നിലവിലുള്ളത്. ഒരു യൂണിറ്റിന് 7.5 ലക്ഷം രൂപ ചെലവുവരും. ടാങ്ക്, എയറേറ്റര്‍, ജനറേറ്റര്‍, സിസി ടിവി എന്നീ ഭൗതികസൗകര്യങ്ങള് ഏര്‍പ്പെടുത്താന്‍ 4.8 ലക്ഷം രൂപ ചെലവുവരും.
2.7 ലക്ഷം മത്സ്യക്കുഞ്ഞുങ്ങള്‍ക്കും തീറ്റയ്ക്കും ചെലവുണ്ട്. മൊത്തംചെലവിന്റെ 40 ശതമാനം സബ്സിഡിയായി കര്‍ഷകര്‍ക്ക് തിരികെ ലഭിക്കും. ജില്ലയില്‍ 16 ബയോഫ്ളോക്ക് മത്സ്യക്ക്യഷി വളര്‍ത്തുന്ന യൂണിറ്റുകളുണ്ട്. പല യൂണിറ്റുകളിലും ഏഴു ടാങ്കുകള്‍ വരെയുണ്ട്.
ബയോഫ്ളോക്ക് തയ്യാറാക്കല്‍
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനുമുമ്പ് ടാങ്കില്‍ ബയോഫ്ളോക്ക് രൂപപ്പെടുത്തണം. 20,000 ലിറ്റര്‍ സംഭരണശേഷിയുളള ടാങ്കിന് 200 ലിറ്റര്‍ ഇനോക്കുലം (മൈക്രോ ഓര്‍ഗാനിസം) തയ്യാറാക്കണം.
ഇതിനായി 200 ലിറ്റര്‍ വെള്ളം നിറച്ച ബാരലില്‍ മത്സ്യക്കൃഷി നടത്തിവരുന്ന ജലാശയങ്ങളില്‍ നിന്ന് ശേഖരിച്ച ഉണങ്ങിയ നാലുകിലോഗ്രാം മണ്ണ്, രണ്ടുഗ്രാം അമോണിയ സള്‍ഫേറ്റ്, 40 ഗ്രാം പുളിപ്പിച്ച ശര്‍ക്കര എന്നിവ ചേര്‍ത്ത് 24-മുതല്‍ 36 മണിക്കൂര്‍വരെ സമയം ശക്തമായ എയ്റേഷന്‍ നല്‍കിയശേഷം ടാങ്കിലേക്ക് ഒഴിക്കണം. ഇത് ബയോഫ്ളോക്ക് രൂപപ്പെടുന്നതിന് കാരണമാവുന്ന ജീവികളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കും.
തുടര്‍ന്നുള്ള ദിവസങ്ങളിലും നിശ്ചിത അനുപാതത്തില്‍ പുളിപ്പിച്ച ശര്‍ക്കര ഒഴിക്കണം. 10-14 ദിവസത്തിനുള്ളില്‍ ടാങ്കിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ഒരു ടാങ്കില്‍ 1250 വീതം കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. തിലാപ്പിയ മത്സ്യങ്ങളാണ് ഇത്തരം ബയോഫ്ളോക്ക് ടാങ്കുകളില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യം. കൃത്യമായ ഇടവേളകളില്‍ ടാങ്കിലെ ജലത്തിന്റെ ഗുണനിലവാരപരിശോധന നടത്തണം.
തീറ്റയും വിളവെടുപ്പും
ദിവസവും ഫ്ളോട്ടിങ് പെല്ലറ്റ് തീറ്റ മൂന്നുനാലു പ്രാവശ്യമായി നല്‍കണം. ഈ കൃഷിരീതിയില്‍ മത്സ്യം ബയോഫ്ളോക്ക് ഭക്ഷിക്കുന്നതിനാല്‍ മത്സ്യത്തീറ്റയുടെ അളവ് 30 ശതമാനംവരെ കുറയ്ക്കാം.
ആറുമാസംകൊണ്ട് മത്സ്യം 500 ഗ്രാം വരെ തൂക്കംവയ്ക്കും. മത്സ്യത്തിന് 350 ഗ്രാം വളര്‍ച്ച ആവുമ്പോള്‍ വിളവെടുപ്പ് നടത്താം. ഒരു ടാങ്കില്‍നിന്ന് 500 കിലോഗ്രാം മത്സ്യം ലഭിക്കുമെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: