കൊൽക്കത്ത : ബംഗാളില്‍ 108 നഗരസഭകളിലേക്കും 2,117 വാർഡുകളിലേക്കും നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനിടെ തൃണമൂൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ മൂന്ന് മണിക്കൂര്‍ നേരത്തായിരുന്നു അക്രമം അരങ്ങേറിയത്. കള്ളവോട്ട്, ബുത്ത് പിടിച്ചെടുക്കല്‍, തെരഞ്ഞെടുപ്പ് അട്ടിമറികള്‍, സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയുള്ള അക്രമം എന്നിവ രാവിലെ മുതല്‍ പലയിടത്തും അരങ്ങേറി.
പോളിംഗിനിടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബിജെപിപ്രവര്‍ത്തകര്‍ക്ക് തൃണമൂൽ ഗുണ്ടകളില്‍ നിന്നും മര്‍ദ്ദനമേറ്റു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി സ്ഥാപിച്ച കേന്ദ്രങ്ങൾ തൃണമൂൽ ഗുണ്ടകൾ നശിപ്പിച്ചു.
രാവിലെ പോളിംഗ് ആരംഭിച്ചതിന് പിന്നാലെ തൃണമൂൽ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളില്‍ സംഘർഷം സൃഷ്ടിച്ചു. ഇതിനിടെയാണ് ബിജെപി സ്ഥാനാർത്ഥിയ്‌ക്ക് മർദ്ദനമേറ്റത്.ശനിയാഴ്ച രാത്രി തന്നെ തൃണമൂൽ പ്രവർത്തകർ ബിജെപിയുടെ പ്രവർത്തന കേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു. അര്‍ദ്ധരാത്രി എത്തിയ ഗുണ്ടകൾ പ്രവര്‍ത്തന കേന്ദ്രങ്ങൾ തീയിട്ടു നശിപ്പിക്കുകയായിരുന്നു. അർദ്ധ രാത്രി മുതൽ തന്നെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു.
തൃണമൂല്‍ ഗുണ്ടായിസത്തിന്റെ ശക്തകേന്ദ്രമായ കൂച് ബീഹാറിലെ ദിന്‍ഹാത മുനിസിപ്പാലിറ്റിയിലെ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. എതിര്‍സ്ഥാനാര്‍ത്ഥികളില്ലാത്തതിനാല്‍ ഇവിടെ തൃണമൂല്‍ ജയിച്ചതായി പ്രഖ്യാപിച്ചു.
ഭത്പാര നഗരസഭയിലും ബിജെപി പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ചു. പോലീസ് എത്തിയാണ് പിന്നീട് പ്രശ്‌നം പരിഹരിച്ചത്. ഇംഗ്ലീഷ് ബസാർ നഗരസഭയിൽ തൃണമൂൽ പ്രവർത്തകർ വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിലേക്ക് വഴിവെച്ചിരുന്നു. അക്രമങ്ങൾ അഴിച്ചുവിട്ടവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അക്രമങ്ങള്‍ നടന്ന ഏതാനും കേന്ദ്രങ്ങള്‍ ഒഴികെ മറ്റിടങ്ങളില്‍ പൊതുവേ വോട്ടെടുപ്പ് സമാധാനപരമായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: