കൊല്ലം: തൃപ്പനയത്തമ്മ സേവാസംഘം ഉദ്ഘാടനവും ആംബുലന്‍സ് സര്‍വീസിന്റെ ഫഌഗ് ഓഫും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും. സേവാസംഘം രക്ഷാധികാരി സി.കെ. ചന്ദ്രബാബു, സെക്രട്ടറി എസ്. മുരളീധരന് പിള്ള എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മാര്‍ച്ച് ഒന്നിന് രാവിലെ 10ന് തൃപ്പനയം ക്ഷേത്രം ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്. ശശിധരന് സേവാ സന്ദേശം നല്‍കും. സേവാസംഘം ആംബുലന്‍സിന്റെ താക്കോല്‍ സേവാഭാരതി പനയം പഞ്ചായത്ത് സമിതി പ്രസിഡന്റ് വി. ബാബുവിന് അദ്ദേഹം കൈമാറും.
ചികിത്സാ ധനസഹായ വിതരണം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും കൊല്ലം താലൂക്ക് യൂണിയന് പ്രസിഡന്റുമായ ഡോ.ജി. ഗോപകുമാറും, വിദ്യാഭ്യാസ ധനസഹായ വിതരണം അഖിലകേരള വിശ്വകര്മ്മമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആര്. ദേവദാസും നിര്‍വഹിക്കും. സേവാസംഘം രക്ഷാധികാരി സി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിക്കും. സെക്രട്ടറി എസ്. മുരളീധരന് പിള്ള, പ്രസിഡന്റ് സി. പ്രദീപ് എന്നിവര്‍ സംസാരിക്കും.
സാമൂഹ്യ സാംസ്ക്കാരിക മണ്ഡലത്തില്‍ കര്‍മശേഷികൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച കെറ്റിഎസ്എസിന്റെ പ്രസിഡന്റ് എം. ജനാര്ദ്ദനന്, ദീര്‍ഘകാലം തൃപ്പനയം ക്ഷേത്രം പ്രസിഡന്റായിരുന്ന എം.കെ. ജനാര്ദ്ദനന് പിള്ള എന്നിവരെ ആദരിക്കും. 2021 ലെ യുവശാസ്ത്രജ്ഞനുള്ള ദേശീയ അവാര്‍ഡ് നേടിയ സിഎസ്ഐആര്‍ ശാസ്ത്രജ്ഞന് ഡോ. അച്ചു ചന്ദ്രനെ ചടങ്ങില്‍ അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: