ബെര്‍ലിന്‍: ഉക്രൈന് റോക്കറ്റ് ലോഞ്ചറുകള്‍ നല്കാന് തീരുമാനിച്ച് ജര്‍മ്മനി. സംഘര്‍ഷ മേഖലകളില്‍ ആയുധം നല്‍കില്ലെന്ന നയം മാറ്റിവെച്ചാണ് ജര്‍മ്മനിയുടെ നീക്കം. റഷ്യയുടെ അധിനിവേശം പ്രതിരോധിക്കാനുളള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കീഴ് വഴക്കങ്ങള്‍ ലംഘിച്ചുളള തീരുമാനം.
ഉക്രൈന് 350 മില്യന്‍ യുഎസ് ഡോളറിന്റെ സൈനിക സഹായം യുഎസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജര്‍മ്മനിയും രംഗത്തെത്തിയത്. ഉക്രൈനിലെ പ്രതിരോധസേനയ്ക്ക് ആവശ്യമായ സാധനങ്ങള്‍ അടിയന്തിരമായി നീക്കാന്‍ അനുമതി നല്‍കിയതായും ജര്‍മ്മന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ നീക്കം ഉക്രൈനെ മാത്രം ലക്ഷ്യം വെച്ചുളളതല്ലെന്ന് കഴിഞ്ഞ ദിവസം യുഎസ് ആശങ്ക പങ്കുവെച്ചിരുന്നു. മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കും ഇത് ഭീഷണിയാണെന്ന തിരിച്ചറിവും ആയുധങ്ങളും ഇന്ധനവും നല്‍കാനുളള തീരുമാനത്തിന് പിന്നിലുണ്ട്.
റഷ്യന്‍ സൈന്യത്തോട് പൊരുതാന്‍ ഉക്രൈന് സൈന്യത്തെ സഹായിക്കുകയാണ് ലക്ഷ്യമിടുന്നത്. പൂര്‍ണതോതിലുള്ള അധിനിവേശത്തിന് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന് ഉത്തരവിടുകയും കീവിലേക്ക് ഉള്‍പ്പെടെ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് ജര്‍മ്മനി ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ നിലപാട് കടുപ്പിക്കുന്നത്.400 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകളാണ് നല്‍കുക. ഇതിനായി നെതര്‍ലന്‍ഡിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉക്രൈനെ സഹായിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്.
200 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്ന് നെതര്‍ലന്‍ഡ്സ് വ്യക്തമാക്കി. 2000 മെഷീന് ഗണ്ണുകളും 3800 ടണ്‍ ഇന്ധനവും നല്‍കുമെന്ന് ബെല്‍ജിയവും അറിയിച്ചു. ആയുധങ്ങള്‍ നല്കാന് തയ്യാറാണെന്ന് പോളണ്ടും ഇന്ധനം നല്കാന് തയ്യാറാണെന്ന് എസ്റ്റോണിയയും ലാത്വിയയും വ്യക്തമാക്കിയിട്ടുണ്ട്. തോക്കും ആയുധങ്ങളും നല്കാന് തയ്യാറാണെന്ന് ചെക് റിപ്പബ്ലിക്കും ആയുധങ്ങളും ഡീസലും മണ്ണെണ്ണയും നല്‍കുമെന്ന് സ്ലൊവാക്യയും ഉറപ്പ് നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: