നവോത്ഥാനത്തിന്റെ ക്യാന്‍വാസ് വളരെ വലുതാണ്. എന്താണ് സംഭവിച്ചതെന്ന് അനന്തര തലമുറകള്‍ക്ക് മനസ്സിലാകാന്‍ നിശ്ചിതമായ ഒരു കാലപരിധിയിലേക്ക് പരിമിതപ്പെടുത്താറുണ്ടെങ്കിലും യഥാര്‍ത്ഥ നവോത്ഥാന ചരിത്രത്തിന്റെ ആദിമധ്യാന്തങ്ങള്‍ ശരിയായും സമഗ്രമായും രേഖപ്പെടുത്താന്‍ കഴിയാറില്ല. ഏത് നാട്ടിലെ ഏതു കാലത്തെയും നവോത്ഥാനത്തിന് ബാധകമാവുന്ന സത്യമാണിത്.
കേരളത്തിന്റെ കാര്യത്തില്‍ നവോത്ഥാനത്തിന്റെ കാലനിര്‍ണയം തന്നെ പലപ്പോഴും യാന്ത്രികമാവാറുണ്ട്. നവോത്ഥാനത്തിന്റെ തുടക്കം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ എന്ന് ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഐതിഹാസികമാനമുള്ള പല വ്യക്തിത്വങ്ങളും സംഭവങ്ങളും അതിന് പുറത്തായിപ്പോകുന്നു. ശ്രീനാരായണഗുരുവിന് നായകസ്ഥാനമുള്ളപ്പോള് തന്നെ അതിനു മുന്‍പ് അയ്യാ വൈകുണ്ഠ സ്വാമികളെയും തൈക്കാട്ട് അയ്യാഗുരുവിനെയും കാണാന്‍ കഴിയും. ഇതിനും ചില നൂറ്റാണ്ട് പിന്നോട്ടുപോകുമ്പോള്‍ തന്റെ കാലത്തെ വിലക്കുകള്‍ക്കും മേല്ക്കോയ്മകള്ക്കുമെതിരെ തീവ്രമായി പ്രതികരിച്ച തുഞ്ചത്ത് എഴുത്തച്ഛനുണ്ട്. ഇതിനും നാല് നൂറ്റാണ്ടുമുന്പ് ‘നമേ ജാതിഭേദഃ’ എന്നു പ്രഖ്യാപിച്ച സാക്ഷാല്‍ ശ്രീശങ്കരനെ കാണാം.
കേരളീയ നവോത്ഥാനത്തിന്റെ ചിരപരിചിതമായ ക്യാന്‍വാസിനെ അതിവര്‍ത്തിച്ച് സംഭവബഹുലമായ ചരിത്രത്തെ രേഖപ്പെടുത്തുന്നതാണ് കാ.ഭാ. സുരേന്ദ്രന് രചിച്ച ‘കേരള നവോത്ഥാനം, ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകം. അയ്യാ വൈകുണ്ഠ സ്വാമികള്‍ മുതല്‍ ആനന്ദതീര്ത്ഥന് വരെയുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളെ പരിചയപ്പെടുത്തുകയും, ഇവരുടെ സംഭാവനകളെ വിലയിരുത്തുകയും ചെയ്യുന്ന ആദ്യ ഭാഗം ശരിയായ ഒരു കണക്കെടുപ്പാണ്. ഇവിടെയും നിര്‍ത്താതെ പ്രേംജിയെയും കെ.പി. ചാത്തന് മാസ്റ്ററെയും പി.കെ. ചോതിയെയും പോലുള്ളവരെ ഓര്‍മിക്കുക കൂടി ചെയ്യുമ്പോള്‍ നീതിപൂര്‍വമായ ഒരു പ്രാതിനിധ്യം ലഭിക്കുന്നു.
നവോത്ഥാന നായകന്മാരുടെ ഏവര്‍ക്കുമറിയാവുന്ന ജീവിതത്തെപ്പോലും ജാതീയവും മതപരവും രാഷ്ട്രീയവുമായ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി വളച്ചൊടിച്ചും വക്രീകരിച്ചും അവതരിപ്പിക്കുന്ന രീതി ഓരോ കാലഘട്ടത്തിലുമുണ്ടാകാറുണ്ട്. ശ്രീനാരായണ ഗുരുവിനെ അഹിന്ദുവായും, സി.വി. കുഞ്ഞുരാമനെ ഹിന്ദുവിരുദ്ധനായും ചിത്രീകരിക്കുന്നത് ഇതിനുദാഹരണമാണ്. ഇവയൊക്കെ വസ്തുതാപരമായി തിരുത്തുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു മേന്മ. ഗുരുദേവന്റേതായി പ്രചരിപ്പിക്കപ്പെട്ട ജാതിയില്ലാ വിളംബരം ഒരു തട്ടിപ്പാണെന്നും, സി.വി. കുഞ്ഞുരാമനില്‍ ഒരു ഹിന്ദുത്വാഭിമാനി ഉണ്ടായിരുന്നുവെന്നും രേഖപ്പെടുത്തുന്നത് പല വായനക്കാര്‍ക്കും പുതിയ അറിവുകളായിരിക്കും. നിരീശ്വരവാദിയായി അറിയപ്പെട്ട സഹോദരന് അയ്യപ്പന് അവസാനകാലത്ത് ഈശ്വരവിശ്വാസത്തിന്റെ പാതയിലേക്ക് വരികയുണ്ടായി എന്നത് ഒരു വെളിപ്പെടുത്തല്‍ തന്നെയാണ്. കാലത്തിന്റെ മുന്‍ഗണനകള്‍ മാറിപ്പോയതുകൊണ്ടും, സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് മുറിവേല്ക്കുമെന്നതുകൊണ്ടും അവഗണിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്ത സാമൂഹ്യ വിപ്ലവകാരികളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ഓര്‍മക്കുറിപ്പുകള്‍ ഉചിതമായ ഒരു സ്മരണാഞ്ജലിയാണ്. സദാനന്ദ സ്വാമികള്‍, വേലുക്കുട്ടി അരയന്, തപസ്സ്വി ഓമല്, ചങ്ങനാശ്ശേരി പരമേശ്വരന് പിള്ള, പി.കെ. ഡീവര്‍, ദാക്ഷായണി വേലായുധന്, പുന്നശ്ശേരി നീലകണ്ഠശര്‍മ, പാര്‍വതി നെന്മിനിമംഗലം എന്നിങ്ങനെ നവോത്ഥാന ചരിത്രത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോയവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
ശ്രീരാമകൃഷ്ണ മിഷന്, തിയോസഫിക്കല്‍ സൊസൈറ്റി, അമൃതാനന്ദമയീ മിഷന്, ചിന്മയാ മിഷന്, ആര്‍ട്ട് ഓഫ് ലിവിങ് എന്നീ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ചരിത്രം വിവരിക്കുന്നത് നവോത്ഥാനത്തിന്റെ തുടര്‍ച്ച എങ്ങനെയൊക്കെ ആയിരുന്നുവെന്ന തിരിച്ചറിവ് വായനക്കാര്‍ക്ക് നല്കുന്നു. ഇതിന്റെ തുടര്‍ച്ചയായി കരുതാവുന്ന മൂന്നാം ഭാഗം സാമൂഹ്യപ്രശ്നങ്ങള്‍ക്ക് നവോത്ഥാനം മുന്നോട്ടുവച്ച പരിഹാരങ്ങളെക്കുറിച്ചാണ് പറയുന്നത്. ക്ഷേത്രസ്ഥാപനവും പുനരുദ്ധാരണവും, സാമൂഹിക ഐക്യം, സംഘടിതശക്തിയും മദ്യവിരുദ്ധതയും, സംന്യാസ പരമ്പര, മതപരിവര്‍ത്തനം, കൃഷിയും വ്യവസായവും എന്നിവ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പില്ക്കാലത്ത് എന്തു സംഭവിച്ചു എന്നു വിമര്‍ശനാത്മകമായി പരിശോധിക്കുന്നതാണ് ‘മൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്നോ!’ എന്ന നാലാംഭാഗം. നവോത്ഥാനത്തിന്റെ വക്താക്കളായി വന്നവര്‍തന്നെ അതിന്റെ നന്മകളെ ഇല്ലായ്മ ചെയ്യുന്നവരായി മാറിയത് എങ്ങനെയൊക്കെയെന്ന് ഗ്രന്ഥകാരന് എടുത്തുകാണിക്കുന്നു.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് തുടര്‍ച്ച നഷ്ടപ്പെടുകയും, അവ കൊണ്ടുവന്ന മൂല്യങ്ങള്‍ മുരടിച്ചുപോവുകയും ചെയ്ത പശ്ചാത്തലത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് പറയുന്ന ‘രാഷ്ട്രീയ സ്വയംസേവക സംഘം’ എന്ന അദ്ധ്യായം ശ്രദ്ധേയമാണ്. ”നവോത്ഥാന നായകര്‍ മുന്നോട്ടുവച്ച ആശയങ്ങളും അവര്‍ നടപ്പാക്കിയ കര്‍മപരിപാടികളും ഏറ്റെടുക്കുകയും, അതിന്റെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുകയുമായിരുന്നു സംഘം ചെയ്തത്” എന്ന നിരീക്ഷണം ഗ്രന്ഥകാരന് നടത്തുന്നു. സ്വാമി വിവേകാനന്ദന്റെ ആശയപരവും പ്രായോഗികവുമായ ഇടപെടലുകള്‍ കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായതിനെക്കുറിച്ചാണ് ‘ആധുനിക കേരള നവോത്ഥാനം’ എന്ന അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ആത്മാര്‍ത്ഥവും അര്‍ത്ഥപൂര്‍ണവുമായ ഒരു ശ്രമമാണ് ഈ പുസ്തകം. നവോത്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏതാണ്ടെല്ലാം തന്നെ പരാമര്‍ശിക്കുകയും, കഴിയാവുന്നത്ര വസ്തുതകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. നവോത്ഥാനത്തിന്റെ ഒരു റഫറന്‍സ് ഗ്രന്ഥമായി വരുംകാലങ്ങളില്‍ ഈ പുസ്തകം ഉപയോഗിക്കപ്പെടും. ഇങ്ങനെയൊരു പ്രയത്നം അര്ത്ഥപൂര്ണമാക്കിയതില് ഗ്രന്ഥകാരന് അഭിനന്ദനം അര്‍ഹിക്കുന്നു. നവോത്ഥാനം എഴുതാനും പ്രസംഗിക്കാനുമുള്ള വിഷയം മാത്രമല്ലെന്നും, അറിവും അധികാരവും ജനകീയമാക്കി സാമൂഹ്യനീതിയിലേക്ക് നയിക്കുന്ന പാതയാണതെന്നും പ്രഖ്യാപിക്കുന്ന ഡോ.കെ.എസ്. രാധാകൃഷ്ണന്റെ അവതാരിക ഉള്ളടക്കത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: