ടി.പി. ശ്രീനിവാസന്
നയതന്ത്ര വിദഗ്ദ്ധന്
റഷ്യയുടെ ഉക്രൈന് അധിനിവേശവും പിടിച്ചെടുക്കലും ലോക ജനതയില്‍ ഭീതിപടര്ത്തിക്കഴിഞ്ഞു. രണ്ടു രാജ്യങ്ങള്‍ തമ്മിലുളള മറ്റൊരു യുദ്ധത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. റഷ്യയുടെ നിലപാ
ടില്‍ ഭാരതം സ്വീകരിക്കുന്ന നയത്തെ കുറിച്ചാണ് ഇന്ന് നാറ്റോ സഖ്യവും മറ്റു വന്‍ സാമ്പത്തിക രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നത്. ഇതിനുകാരണം റഷ്യയുമായുള്ള ഇന്ത്യയുടെ അടുപ്പം തന്നെയാണ്. നമ്മുടെ പ്രതിരോധത്തിന്റെ 70% റഷ്യയുടെ കൈയിലാണ്. സാങ്കേതികവിദ്യ, ആയുധ വില്‍പ്പന മേഖലകളില്‍ ഭാരതത്തിന് റഷ്യയുമായുള്ള ബന്ധം ശ്രദ്ധേയമാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ഈ കരാറുകളൊക്കെ പിന്‍വലിക്കാനും റഷ്യക്കെതിരായി നില്‍ക്കാനും
സാധ്യമല്ല. അമേരിക്ക- റഷ്യ പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഇരുഭാഗത്തിന്റേയും ഒപ്പം നില്ക്കാന് ഇന്ത്യക്ക് സാധിക്കാതെ വരും. ഈ വിഷയത്തിലെ ഇന്ത്യയുടെ ന്യൂ
ട്രല് നിലപാട് അതാണ് സൂചിപ്പിക്കുന്നത്. ഒരു യുദ്ധ സാഹചര്യത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് വഴി നിരവധി വിമര്‍ശനങ്ങളും ഇന്ത്യക്ക് നേരിടേണ്ടി വരും. അതിനു മികച്ച ഉദാഹരണമാണ് അമേരിക്കയുടെ ‘ഇന്ത്യ, ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണ്’ എന്ന പരാമര്‍ശം. ഇന്ത്യ വിഷയത്തില്‍ ഇടപെടണമെന്ന ഉക്രൈന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നിരന്തര ആവശ്യത്തിനു മുന്നില്‍ സമാധാനം വേണമെന്ന് പറയുകയല്ലാതെ മറ്റൊന്നും അവര്‍ക്കായി നല്കാനില്ല എന്നതാണ് സത്യം.
ഈ യുദ്ധം കൊണ്ടുണ്ടായ രണ്ടാമത്തെ വലിയ പ്രശ്നമാണ് ചൈന, റഷ്യ, ഇറാന്, പാകിസ്ഥാന് സഖ്യം. പാക്ക് പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനവും അതിനാല്‍ തന്നെ ചര്‍ച്ചാവിഷയമാണ്. ചൈനയുമൊത്തു ചേര്‍ന്ന് ഇന്ത്യക്കെതിരായി എന്തെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചാല്‍ അത് നമുക്ക് വെല്ലുവിളി സൃഷ്ടിക്കും. ഉക്രൈന് നേറ്റോയില്‍ ചേരുകയാണെങ്കില്‍ യുദ്ധം എന്ന് പറഞ്ഞ റഷ്യക്ക് പിന്നീട് മനംമാറ്റമുണ്ടായതാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള കാലതാമസം വരുത്തിയത്. കഴിഞ്ഞ ദിവസം വ്ളാഡമിര്‍ പുടിന് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് നേരെ വളരെ ദുര്‍ബലമായാണ് ലോകരാജ്യങ്ങള്‍ പ്രതികരിച്ചത്. സാമ്പത്തിക ഉപരോധങ്ങള്‍ മാത്രമാണ് അമേരിക്കയും നേറ്റോയും ചെയ്തത്. ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ് യുദ്ധകാഹളം മുഴക്കാന്‍ റഷ്യക്ക് പിന്‍ബലമായത്. നിലവിലുള്ളതുപോലെ ഒരു പ്രതിഷേധം ലോകരാജ്യങ്ങളില്‍ നിന്നും റഷ്യ പ്രതീക്ഷിച്ചിരുന്നില്ല.
യുദ്ധം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടക്കം മുതല്‍ തന്നെ കാണാം. എന്നാല്‍ നമുക്ക് ഒന്നും തന്നെ വാഗ്ദാനം ചെയ്യാനില്ലാത്തതിനാല്‍ സമാധാനം മാത്രമേ കാംക്ഷിക്കാന്‍ സാധിക്കൂ. യുദ്ധത്തില്‍ ഇടപെടുക എന്നു പറഞ്ഞാല്‍ സൈനികമായി പിന്തുണ പ്രഖ്യാപിക്കുക എന്നല്ല. അത് സമാധാനത്തിന്റെ, ഒത്തുതീര്‍പ്പിന്റെ ഭാഷയിലുമാകാം. കഴിഞ്ഞ ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഫ്രഞ്ച് പ്രസിഡന്റിനെ കണ്ടതും റഷ്യയുമായി ആശയ വിനിമയം നടത്തിയതും ഇതിനുദാഹരണമാണ്. സമാധാനത്തിനായി ഐക്യരാഷ്ട സംഘടനക്കൊപ്പം ശ്രമിക്കാനും
നാം തയ്യാറാണ്. എന്നാല്‍ നിലവിലുള്ള സ്ഥിതി അനുസരിച്ച് യുഎന്നിന് ഈ വിഷയത്തിലെടുക്കാവുന്ന തീരുമാനങ്ങള്‍ക്ക് പരിമിതിയുണ്ട്. പ്രത്യേകിച്ചും സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാനായി റഷ്യ ഈ മാസം തുടരുമ്പോള്‍. സുരക്ഷാ സമിതിയുടെ പ്രമേയം ഉണ്ടായാല്‍ ലോക സംഘടന ഇടപെടും. കൗണ്‍സിലില്‍ റഷ്യ സ്ഥിരാംഗമാണ്, അതിന് വീറ്റോ ഉണ്ട്. ജനറല്‍ അസംബ്ലി പ്രമേയം എടുത്താലും, അത്തരം പ്രമേയങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമല്ലാത്തതിനാല്‍ ഉപദേശം പാലിക്കാന്‍ റഷ്യ ബാധ്യസ്ഥമല്ല. ഇത്തരത്തില്‍ പരിതാപകരമായ സ്ഥിതിയിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ മാനുഷികതയുടെ പേരില്‍ അഭ്യര്‍ത്ഥന നടത്തിയത്.
ഉക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയെ രാജിവയ്പ്പിച്ച് പകരം റഷ്യയുടെ അധീനതയിലുള്ള ഒരു പാവ സര്‍ക്കാരിനെ അവരോധിക്കുകയാണെങ്കില്‍ അവര്‍ യുദ്ധം നിര്‍ത്തിയെക്കാം. അമേരിക്ക ഉക്രൈന് വേണ്ടി യുദ്ധം ചെയ്യുന്ന സാഹചര്യങ്ങളൊന്നും നിലവിലില്ല. അതുകൊണ്ടുതന്നെ നിലവിലെ ചൈന-അമേരിക്ക ശീതയുദ്ധത്തിലേക്ക് റഷ്യയും കൂടി കടന്നു വന്നല് ഇന്ത്യക്ക് അത് ഉറപ്പായും വെല്ലുവിളി സൃഷ്ടിക്കും. അമേരിക്ക ലഡാക്കുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നമ്മുക്ക് തന്നിരുന്ന പിന്തുണ നമ്മുടെ നിലപാടോടെ ചോദ്യചിഹ്നമാകും.
റഷ്യയുടെ വാദം അവര്‍ക്ക് 70 രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നാണ്. എന്നാല്‍ ജനറല്‍ അസംബ്ലിയില്‍ വോട്ടു ചെയ്യുന്നവരൊന്നും സജീവമായി പ്രവര്‍ത്തിക്കുന്നവരല്ല. റഷ്യക്ക് അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ വോട്ടുചെയ്തുവെന്ന് കരുതി ആരും സ്വന്തം രാജ്യത്തിന്റെ സാഹചര്യം മറന്ന് മറ്റുള്ള രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടില്ല. രാജ്യങ്ങളെ ശത്രുപക്ഷത്ത് എത്തിക്കാതിരിക്കാന്‍ നിരവധി രാജ്യങ്ങള്‍ ശ്രമിക്കുന്നതിനാല്‍ ആരൊക്കെ ചേരിചേരാതെ നില്‍ക്കുമെന്നത് ഇപ്പോള്‍ പറയാനാകില്ല.
മഹാമാരിയുടെ സമയം മുതല്‍ ചൈന ശ്രമിക്കുന്നത് അമേരിക്കയെ മാറ്റി ലോക നേതൃത്വം ഏറ്റെടുക്കാനാണ്. എന്നാല്‍ കൊവിഡ് വിതച്ച ആഘാതം ചൈനയുള്‍പ്പെടെ എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് ബാധിച്ചത്. ഇതിനു പിന്നാലെ ജോ ബൈഡന് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതും രാജ്യം തിരിച്ച് ലോകത്തിന്റെ നടുവിലേക്ക് എത്തി. ചൈന-റഷ്യ കൂട്ടുകെട്ട് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കാം.
ഉക്രൈനിന്റെ ഭാഗങ്ങള്‍ നശിപ്പിക്കുകയല്ല പുടിന്റെ ലക്ഷ്യം. റഷ്യയുടെ സ്വാധീനത്തിന് കീഴില്‍ അവരെ കൊണ്ടുവരിക എന്നതാണ്.. ഇപ്പോള്‍ അദ്ദേഹം ആ ആഗ്രഹം വിപുലീകരിച്ചു, പഴയ സോവിയറ്റ് യൂണിയനെ തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ നീക്കം സൂചിപ്പിക്കുന്നു.
സോവിയറ്റ് യൂണിയന്റെയും ചരിത്രത്തിലെ കമ്മ്യൂണിസത്തിന്റെയും നാശത്തിനെതിരെ താന്‍ പ്രതികരിക്കാന്‍ പോവുകയാണെന്ന് യുദ്ധത്തിനുള്ള പ്രത്യക്ഷമായ ആഹ്വാനത്തിന് മുമ്പുതന്നെ പുടിന് വ്യക്തമാക്കി. ‘സോവിയറ്റ് യൂണിയന്റെ പഴയ സ്വയംഭരണ പദവി വീണ്ടെടുക്കുക എന്നതാണ് പുടിന്റെ ലക്ഷ്യം. ഈ ഘട്ടത്തില്‍, ആ ലക്ഷ്യം എത്രത്തോളം സാധ്യമാകുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. ഉക്രൈന് കീഴടങ്ങിയാല്‍ സംഘര്‍ഷം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: