കീവ് : കരയുദ്ധത്തിലുള്ള ഉക്രൈന് പ്രതിരോധങ്ങളെ തുടര്‍ന്ന് വ്യോമാക്രമണം കടുപ്പിച്ച് റഷ്യ. ആറ് ഉക്രൈന് നഗരങ്ങളില്‍ ആധിപത്യം ചെലുത്താനാണ് റഷ്യയുടെ നീക്കം. മധ്യ ഉക്രൈനിലെ യുമനിലും ഒഡേസയിലും അടക്കം വ്യോമാക്രമണ സാധ്യതയുണ്ട്. വ്യോമാക്രമണം ശക്തമാക്കുമെന്ന് റഷ്യ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കാര്‍കീവില്‍ റഷ്യന്‍ വ്യോമാക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ട്. കീവിലെ വിക്ടറി അവന്യൂവില്‍ സൈനിക യൂണിറ്റിന് നേരെ ആക്രമണമുണ്ടായെങ്കിലും ഉക്രൈന് ശക്തമായി ഇതിനെ പ്രതിരോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബെറസ്റ്റെീസ്കയില്‍ റഷ്യന്‍ വാഹനവ്യൂഹം തകര്‍ത്തെന്ന് ഉക്രൈന് അവകാശപ്പെടുന്നുണ്ട്. ട്രക്കുകളും, കാറുകളും ടാങ്കറുകളും അടങ്ങുന് നൂറോളം വാഹനങ്ങള്‍ തകര്‍ത്തെന്നാണ് ഉക്രൈന് അവകാശപ്പെടുന്നത്. ഇത് കൂടാതെ മൂന്ന് ദിവസത്തിനിടെ 10000 റഷ്യന്‍ സൈനികരെ വധിച്ചെന്നും ഉക്രൈന് അറിയിച്ചു.
അതേസമയം ഉക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന നാറ്റോ രാഷ്ട്രങ്ങളിലേക്ക് യുദ്ധസജ്ജരായ കമാന്‍ഡോകളെ വിന്യസിക്കുകയാണെന്നും റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉക്രൈന് തീരത്തേക്ക് നീങ്ങുന്നുണ്ടെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് വെള്ളിയാഴ്ച പറഞ്ഞു.
നാറ്റോയുടെ ദ്രുതപ്രതികരണ സേനയെ കര, വ്യോമ, സമുദ്ര മേഖലകളിലായി വിന്യസിച്ചു കഴിഞ്ഞെന്നാണ് സെക്രട്ടറി ജനറല്‍ പറയുന്നത്. വിവിധ നാറ്റോ രാജ്യങ്ങള്‍ ഉക്രൈനായി ആയുധങ്ങള്‍ കൈമാറുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെയാണ് ഈ രാജ്യങ്ങളെന്നും ഏതൊക്കെ തരം ആയുധങ്ങളാണ് നല്‍കുന്നതെന്നും വിശദീകരിക്കാന്‍ നാറ്റോ തയ്യാറായിട്ടില്ല. ഉക്രൈന് പിന്തുണ നല്കാന് നാറ്റോ സഖ്യകക്ഷികള്‍ പ്രതിജ്ഞാബദ്ധരാണ്. നാറ്റോരാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം തങ്ങള്‍ ചെയ്യും സെക്രട്ടറി ജനറല്‍ പറഞ്ഞു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഉക്രൈനില്‍ റഷ്യയിപ്പോള്‍ നടത്തുന്നതെന്ന്- നാറ്റോ രാജ്യങ്ങളുടെ യോഗത്തിന് ശേഷം സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് വ്യക്തമാക്കി. നാറ്റോയുടെ ദുത്രപ്രതികരണ സേനയില്‍ നാല്‍പ്പതിനായിരം സൈനികരുണ്ടെങ്കിലും അത്രയും പേരെ ഈ ഘട്ടത്തില്‍ വിന്യസിക്കുന്നില്ലെന്നാണ് വിവരം. ഫ്രാന്‍സ് നേതൃത്വം നല്കുന്ന സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് വിഭാഗമാണ് നിലവില്‍ ഉക്രൈന് അതിര്‍ത്തികളിലേക്ക് വിന്യസിക്കപ്പെട്ടത്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജനലുകള്‍ക്ക് സമീപമോ ബാല്‍ക്കണിയിലോ നില്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: