ന്യൂദല്‍ഹി: ഉക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40ന് മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. വിമാനം അല്‍പ്പസമയത്തിനകം റുമേനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ എത്തും.
അതേസമയം, ഉക്രൈനില്‍ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യാക്കാരുടെ ആദ്യ ബാച്ച് സൂകേവാ അതിര്‍ത്തി വഴി റൊമാനിയയില്‍ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ആദ്യ സംഘം സുകേവ അതിര്‍ത്തി കടന്നു. സുകേവില്‍ നിയോഗിച്ചിട്ടുള്ള ടീം ഇവരെ ബുക്കാറസ്റ്റില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി ട്വിറ്ററില്‍ ഒരു ഹ്രസ്വ വീഡിയോ പങ്കുവെച്ചുകൊണ്ട് അരിന്ദം ബാഗ്ചി അറിയിച്ചു.
ബുക്കാറെസ്റ്റിന് പുറമെ ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും രക്ഷാദൗത്യത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ വിമാനം അയക്കുന്നുണ്ട്. 17 മലയാളികള്‍ അടക്കം 470 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘം ഇന്ന് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇരുപതിനായിരം ഇന്ത്യക്കാരാണ് യുദ്ധം നടക്കുന്ന ഉക്രൈ്നില്‍ കുടുങ്ങിയിരിക്കുന്നത്. ഫെബ്രുവരി 22ന് കീവില്‍ നിന്നും 240 പേരെ ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു. നിലവില്‍ ഉക്രൈന് വ്യോമപാത അടച്ചിരിക്കുന്നതിനാല്‍ നാല് രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: