ഹൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെ എച്ച് എൻ എ ) 2023 ഹൂസ്റ്റൺ കൺവൻഷന് മുന്നോടിയായി രൂപം നൽകിയ എച്ച് കോർ കമ്മിറ്റിക്ക് ഡോ.ബിജു പിള്ള , ഡോ. കല സാഹി, ശ്രീജിത് ശ്രീനിവാസൻ, മാളവിക പിള്ള എന്നിവർ നേതൃത്വം നൽകും. വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഹിന്ദുക്കളായ വ്യക്തികളുടെ വിവര ശേഖരണം നടത്തുക, ഇത്തരം വ്യക്തിത്വങ്ങളുടെ അനുഭവ പാഠങ്ങളും ആശയങ്ങളും കെഎച്ച്എൻഎ കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് പ്രചോദനവും പ്രയോജനകരവുമാകുന്ന തരത്തിൽ സംവേദന വേദികൾ ഒരുക്കുക , വ്യത്യസ്ത രംഗങ്ങളിലെ പ്രൊഫഷണനുകളായ ഹിന്ദുക്കളെ ഏകോപിപ്പിച്ച് കെഎച്ച്എൻഎയുടെ യുവതലമുറക്ക് മാർഗ്ഗ നിർദ്ദേശങ്ങളും ഭാവി പദ്ധതികൾ കെട്ടിപ്പടുക്കുവാൻ അവശ്യമായ സഹായങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുക, യു എസിലും ഇന്ത്യയിലുമുള്ള ഹിന്ദു വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും പ്രൊഫഷണൽ പരിശീലനങ്ങൾക്കുമുള്ള സ്കോളർഷിപ്പ് പദ്ധതികൾ ആവിഷ്ക്കരിക്കുക തുടങ്ങിയവയായിരിക്കും എച്ച് – കോർ കമ്മിറ്റിയിൽ നിയുക്തമായ ചുമതലകൾ.
കെഎച്ച്എൻഎ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലെക്കു കുതിക്കുകയാണെന്നു കോർ കമ്മറ്റിയുടെ വിശദാംശങ്ങൾ വിവരിച്ചു കൊണ്ട് പ്രസിഡൻ്റ് ജി.കെ പിള്ള കൺവെൻഷൻ ചെയർമാൻ ഡോ. രഞ്ജിത് പിള്ള എന്നിവർ പറഞ്ഞു. എല്ലാ മേഖലകളിലും ഉന്നതശീർഷരായ യുവാക്കൾ നേതൃത്വം കൊടുക്കുന്ന കമ്മറ്റികളാണ് ഇന്ന് കെഎച്ച്എൻഎയെ നയിക്കുന്നത്.
എച്ച് കോർ കമ്മിറ്റി ചെയർമാൻ ഡോ. ബിജു പിള്ള മാവേലിക്കര സ്വദേശിയാണ്. കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷം ബയോ മെഡിക്കൽ എഞ്ചിനീറിങ്ങിൽ ഡൽഹി ഐഐടി യിൽ നിന്നും പിഎച്ച്ഡി പൂർത്തിയാക്കി, തുടർന്ന് 2004 ൽ അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിൽ ചേർന്നു. ഹൂസ്റ്റനിലെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിൽ നിന്നുള്ള റിസേർച് ഫെല്ലോഷിപ്പിനു ശേഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് മെഡിക്കൽ ബ്രാഞ്ചിൽ അസിസ്റ്റന്റ് പ്രൊഫസർ ആൻഡ് സയൻ്റിസ്റ്റ് ജോയിന്റ് പൊസിഷൻ ആയി പ്രവർത്തിച്ചു. നിലവിൽ കോർപ്പറേറ്റ് സ്ഥാപനത്തിൽ മെറ്റീരിയൽ സയൻസ് റിസേർച് വിഭാഗത്തിൽ നാനോ ടെക്നോളജി പ്രൊജക്റ്റിൽ സയൻ്റിസ്റ്റ് ആണ്.
കേരള ഹിന്ദു സൊസൈറ്റി ഹ്യൂസ്റ്റൺ -ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡന്റ്, ട്രസ്റ്റീ ചെയർമാൻ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ ബോർഡ് മെമ്പർ, വേൾഡ് മലയാളീ കൗൺസിൽ തുടങ്ങിയ പ്രസ്ഥാനങ്ങളുടെയും സജീവ പ്രവർത്തകനായി. ഡോ. റജീന പിള്ള (പൾമനറി ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ) യാണ് ഭാര്യ . കുട്ടികൾ: പ്രിയ, മായ.
എച്ച് – കോർ കമ്മിറ്റി ഉപാദ്ധ്യക്ഷനായ ആയ ശ്രീജിത്ത് ശ്രീനിവാസൻ പാലക്കാട് ജില്ലയിലെ പല്ലാവൂർ സ്വദേശിയാണ്. അരിസോണയിലെ ഫീനിക്സിൽ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നു. ഹൈന്ദവ കൂട്ടായ്‌മകളിലും സാമൂഹിക സാംസ്കാരിക മേഖലകളിലും കർമ്മനിരതനായ അദ്ദേഹം വാൻഡർ ഡീൽ എന്ന സ്ഥാപന ഉടമയുമാണ്. കെഎച്ച്എൻഎ മീഡിയ കമ്മ്യൂണിക്കേഷൻ മാർക്കറ്റിംഗ് ചെയർമാൻ, കേരള ഹിന്ദൂസ് ഓഫ് അരിസോണ സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. അയ്യപ്പ സമാജ് അരിസോണ, കലാക്ഷേത്ര, ജനം ടി വി അമേരിക്ക എന്നിവയിലും സജീവമാണ്. ഭാര്യ :സിമി, ഒരു മകന്‍.
എച്ച് കോർ കമ്മിറ്റി ഉപാദ്ധ്യക്ഷയായ മാളവിക പിള്ള ഇലക്റ്റഡ് യൂത്തിന്റെ ബോർഡ് ഓഫ് ഡയറക്ടറാണ്. ഹെൽത്ത് ഇന്ഫോര്മാറ്റിക്സ് വിഷയത്തിൽ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിനയിൽ പിഎച്ച്ഡി ഗവേഷകയാണ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ പ്രീ ഡോക്ടറൽ ഫെല്ലോഷിപ്പ് ലഭിച്ചു. യുവജന ക്ഷേമ പ്രവർത്തനങ്ങളിലും, ക്ലാസിക്കൽ മ്യൂസിക്, മറ്റു കലാ സാംസ്കാരിക രംഗങ്ങളിലും സജീവമായി പങ്കെടുക്കുന്ന സാമൂഹിക പ്രവർത്തകയുമാണ്.
എച്ച് കോർ കമ്മിറ്റി മെമ്പറായ എറണാകുളം സ്വദേശി ഡോ. കലാ ഷാഹി വാഷിംഗ്ടൺ ഡി സി ഫസ്റ്റ് ക്ലിനിക് ഹെൽത്ത് കെയർ സിസ്റ്റം മെഡിക്കൽ ഡയറക്ടറാണ്. സെക്കൻഡ് ചാൻസ് അഡിക്ഷൻ സെന്റർ മേരിലാൻഡ് ഡയറക്ടർ, സെന്റർ ഫോർ ബിഹേവിയർ ഹെൽത്ത് റിസർച്ച് കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
ഫൊക്കാന വനിതാ സമിതി ചെയർപേഴ്സൺ, വേൾഡ് മലയാളി കൗൺസിൽ, ഫെഡറേഷൻ ഓഫ് ശ്രീനാരായണ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (എന്‍റർടെയിൻമെന്‍റ് ചെയർ പേഴ്സൺ), കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ, കേരള കൾച്ചറൽ സൊസൈറ്റി എന്നിവയുടെ സജീവ പ്രവർത്തകയാണ്. ജീവകാരുണ്യ സംഘടനയായ താങ്ങും തണലും, കരിസ്മ, സൊലാങ്, കരുണ എന്നിവയിലും സജീവമാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക് നൃത്ത രൂപങ്ങളിലും ചിത്ര-ശില്പകലയിലും മികവ് തെളിയിച്ച കലാകാരിയാണ്.
കമ്മിറ്റിയിൽ നിയുക്തമായ വിവിധ പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ക്കു വിശദമായ രൂപം നൽകാനായുള്ള കുടിക്കാഴ്ചയും നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ഹിന്ദു പ്രൊഫെഷണൽസ് മായുള്ള ചർച്ചകളും നടന്നുവരുന്നതായി എച്ച് കോർ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: