കണ്ണൂര്‍: വളപട്ടണം പാലത്തിന് താഴെ ബോട്ട്ജെട്ടിക്ക് സമീപം പുഴയില്‍ മുങ്ങിത്താഴുന്ന ബോട്ട് യാത്രക്കാര്‍ രക്ഷയ്ക്കായി നിലവിളിക്കുന്നു. പാലത്തിനു മുകളിലൂടെ പോകുന്ന യാത്രക്കാര്‍ പരിഭ്രാന്തരായി വാഹനം നിര്‍ത്തി. അപ്പോഴേക്കും ഓറഞ്ച് യൂണിഫോം അണിഞ്ഞ കുറച്ച് പേര് രക്ഷാ ബോട്ടുമായി വെള്ളത്തില്‍ ഇറങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) മോക് ഡ്രില്ലിനാണ് തങ്ങള്‍ സാക്ഷ്യം വഹിച്ചതെന്ന് അറിഞ്ഞതോടെ കൂടി നിന്നവരുടെ പരിഭ്രാന്തി ആശ്വാസത്തിന് വഴിമാറി. ഇന്നലെ രാവിലെ 11 മണി മുതലാണ് മോക് ഡ്രില്‍ അരങ്ങേറിയത്.
സേനയുടെയും വിവിധ ഗവ. വകുപ്പുകളുടെയും രക്ഷപ്രവര്‍ത്തന മുന്നൊരുക്കം പരിശോധിക്കാനായാണ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് എന്‍ഡിആര്‍എഫ് നാലാം ബറ്റാലിയന് അരക്കോണം മോക് ഡ്രില്‍ നടത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ തുടര്‍ച്ചയായി വെള്ളപ്പൊക്കവും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടണ്ടാകുന്നതിനാല് അത്തരം സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സേനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായിരുന്നു മോക് ഡ്രില്‍.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ, പോലീസ്, ആരോഗ്യം, റവന്യൂ തുടങ്ങിയ വകുപ്പുകളും ഇതിന്റെ ഭാഗമായി. ബോട്ട് മറിഞ്ഞ ഉടനെ പ്രാദേശികമായ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീം രക്ഷപ്രവര്‍ത്തനത്തിനായി എത്തിച്ചേരുന്നു. ഒരാളെ രക്ഷിച്ച് കരക്കെത്തിക്കുന്നു. ആരോഗ്യ വിഭാഗം പ്രഥമ ശുശ്രൂഷ നല്കി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. രണ്ടുപേര്‍ മുങ്ങിത്താഴുന്നു എന്ന വിവരം രക്ഷപ്പെട്ടയാളില്‍ നിന്നും ലഭിച്ചതിനാല്‍ എന്‍ഡിആര്‍എഫിന്റെ സഹായം തേടുന്നു. ടീം സ്ഥലത്തെത്തി രണ്ട് ബോട്ടുകളിലായി അവരെ രക്ഷിക്കുന്നു. അവര്‍ക്കും പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു തുടങ്ങിയ കാര്യങ്ങളാണ് ആവിഷ്കരിച്ചത്. എന്‍ഡിആര്‍എഫ് ആസ്ഥാനവുമായുള്ള ആശയ വിനിമയത്തിനായി സാറ്റലൈറ്റ് സംവിധാനങ്ങളും ഒരുക്കിയിരുന്നു.
എഡിഎം കെ.കെ. ദിവാകരന്, ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) ഡി. മേരിക്കുട്ടി, എന്‍ഡിആര്‍എഫ് അസി. കമാന്‍ഡന്റും ടീം ക്യാപ്റ്റനുമായ പ്രവീണ്‍ എസ് പ്രസാദ്, ഇന്‍സ്പെക്ടര്‍ കെ.കെ. ചവാന്, സബ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. അശോക് കുമാര്‍, എന്‍. പ്രമോദ്, 25 ജവാന്മാര്, കണ്ണൂര്‍ തഹസില്‍ദാര്‍ വി.വി. രാധാകൃഷ്ണന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.വി. ഷാജു, വളപട്ടണം എസ്ഐ രാജേഷ് മാംഗലത്ത്, ജില്ലാ അഗ്നിശമനസേന ഓഫീസര്‍ ബി. രാജ്, കണ്ണൂര്‍ സ്റ്റേഷന് ഓഫീസര്‍ കെ.വി. ലക്ഷ്മണന്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: