കിവ് : റഷ്യ ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. ഉക്രൈന്‍ ഒറ്റയ്‌ക്ക് നേരിടുന്ന യുദ്ധമാണിത്. ലോകത്തിലെ വന്‍ ശക്തികള്‍ ഇതില്‍ കാഴ്‌ച്ചക്കാരായി നില്‍ക്കുകയാണ്. റഷ്യയെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെല്ലാം ഭയമാണ്. എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്നും ഉക്രൈന്‍ പ്രസിഡന്റ് അറിയിച്ചു.
റഷ്യ ആക്രമണം അവസാനിപ്പിച്ച് ചര്‍ച്ചയ്‌ക്ക് തയ്യാറാകണം. റഷ്യ ആക്രമണം അവസാനിപ്പിക്കുന്നത് വരെ പ്രതിരോധം തുടരും. എന്തൊക്കെ സംഭവിച്ചാലും രാജ്യം വിടില്ലെന്നും സെലന്‍സ്‌കി അറിയിച്ചു. അതേസമയം ഉക്രൈനിലെ കടന്നുകയറ്റം അവസാനിപ്പിച്ച് റഷ്യ പിന്മാറണമെന്ന് യുഎന്നും ആവശ്യപ്പെട്ടു. റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്നില്‍ അവതരിപ്പിച്ച കരട് പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റഷ്യന്‍ അധിനിവേശമാണ് ഉക്രൈനിലുള്ളത്. ആക്രമണത്തില്‍ നിന്നും റഷ്യ പിന്മാറി ഉക്രൈനുമായി ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കണമെന്നും പ്രമേയത്തിലുണ്ട്.
നിലവില്‍ കീവില്‍ റഷ്യയുടെ സഫോടന പരമ്പരയാണ്. സപ്പോരിജിയയിലും ഒഡേസയിലും വ്യോമാക്രമണത്തിന് ശേഷം റഷ്യന്‍ ടാങ്കറുകള്‍ കീവിലേക്ക് നീങ്ങുകയാണ്. 28 ലക്ഷം മനുഷ്യരുള്ള കീവ് നഗരത്തിനു മേല്‍ ഇന്ന് പുലര്‍ച്ചെ റഷ്യ ഉഗ്ര ആക്രമണമാണ് നടത്തിയത്. സിവിലിയന്‍ കേന്ദ്രങ്ങള്‍ അടക്കം മിസൈല്‍ ആക്രമണത്തില്‍ കത്തിയെരിഞ്ഞു. അക്രമിക്കാനെത്തിയ ഒരു റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചു വീഴ്‌ത്തിയെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. ഇന്നലെ 204 മിസൈലുകളാണ് ആകെ തൊടുത്തത് എങ്കില്‍ ഇന്ന് കീവ് നഗരത്തില്‍ മാത്രം നാല്‍പ്പതോളം മിസൈലുകള്‍ വീണതായാണ് റിപ്പോര്‍ട്ട്.
ആക്രമണം ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയെന്ന് ഉക്രെയ്ന്‍. 316 പേര്‍ക്ക് പരിക്കേറ്റു. സിമിനി ദ്വീപിലെ എല്ലാ സുരക്ഷാ സൈനികരും കൊല്ലപ്പെട്ടതായി ഉക്രൈന്‍ പ്രസിഡന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ താനും കുടുംബവും കൊല്ലപ്പെട്ടേക്കാം. എന്നാല്‍ മരണഭയത്താല്‍ പിന്മാറുകയോ ഒളിവില്‍ പോകുകയോ ഇല്ലെന്നും സെലന്‍സ്‌കി നേരത്തെ രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: