തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 450 പേര് പാമ്പുകടിയേറ്റ് മരിച്ചതായി വനംമന്ത്രി എ.കെ. ശശീന്ദ്രന്. വര്‍ഷത്തില്‍ ഏകദേശം മൂവായിരത്തോളം പേര് പാമ്പുകടിയേറ്റ് ചികിത്സ തേടുന്നുവെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
പാമ്പുകടിയേറ്റ് ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് 2017നും 2019നും ഇടയിലാണ്. ഇക്കാലയളവില്‍ 334 പേരാണ് മരിച്ചത്. അതേസമയം, പാമ്പുകടിയേറ്റുള്ള മരണങ്ങള് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംസ്ഥാനത്ത് കുറഞ്ഞുവരുന്നതായും മന്ത്രി പറഞ്ഞു.
2017 മുതല്‍ 2019 വരെ പ്രതിവര്‍ഷം പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ശരാശരി എണ്ണം 110 ആയിരുന്നു. ഇത് 2020ല്‍ 76 ആയും 2021ല്‍ 40 ആയും കുറഞ്ഞു. ആവാസവ്യവസ്ഥ നഷ്ടമായത് പാമ്പുകളെ ജനവാസ മേഖലകളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കിയെന്നും അവയെ രക്ഷപ്പെടുത്തി സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
”വനംവകുപ്പ് ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെ 1657 പേര്‍ക്ക് പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നല്കി. അവരില്‍ 928 പേര്‍ക്ക് പാമ്പ് രക്ഷാപ്രവര്‍ത്തകരായി പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്, ‘അദ്ദേഹം പറഞ്ഞു. 65 വയസ്സിന് താഴെയുള്ളവര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനവും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. വനംവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ദീര്‍ഘകാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാമ്പുപിടിത്തക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: