കീവ് : റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഉക്രൈന് അതിര്‍ത്തിയില്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍. രണ്ട് യുദ്ധ വിമാനങ്ങള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് നിരീക്ഷണത്തിനെത്തിയ വിമാനങ്ങളാണോയെന്ന് വ്യക്തമല്ല. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് ഉക്രൈന് വ്യോമാതിര്‍ത്തി ഇന്ന് രാവിലെ അടച്ചിരുന്നു.
അതേസമയം ഉക്രൈന് നേരെ റഷ്യയുടെ ബോംബാക്രമണം തുടരുകയാണ്. ഉക്രൈന് തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഇരു ഭാഗത്തും വന്‍ സൈനിക നഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരു രാജ്യങ്ങളുടേയും നൂറോളം സൈനികരാണ് ആക്രമണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത്. റഷ്യന്‍ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതായി യുക്രൈയിന് സൈന്യം. തിരിച്ചടിയില്‍ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
യുക്രൈയിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ തിരിച്ചാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതെന്ന് യുക്രൈയിന് സൈനിക മേധാവി പറഞ്ഞു. റഷ്യന്‍ ആക്രമണത്തില്‍ 40 ഓളം ഉക്രൈന് സൈനികര്‍ കൊല്ലപ്പെട്ടു. ഷെല്ലാക്രമണങ്ങളില്‍ ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
കിഴക്കന്‍ മേഖലയിലെ രണ്ടു ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി ഉക്രൈന് അറിയിച്ചു. റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വിമാനത്താവളത്തളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടാതെ കീവിലെ സുരക്ഷ ആശങ്കയുണര്‍ത്തുന്നതാണ്. അതിനാല്‍ ജനങ്ങള്‍ കഴിവതും വീടുകളില്‍ സുരക്ഷിതരായി ഇരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ റഷ്യയിലെ 12 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മാര്‍ച്ച് രണ്ട് വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ആക്രമണം തുടങ്ങിയതോടെ ഉക്രൈനിലെ പമ്പുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ജനങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറികൊണ്ടിരിക്കുകയാണ്. അവശ്യ സാധനങ്ങള്‍ വാങ്ങി വെയ്ക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് ജനങ്ങള്‍. വന്‍ തിരക്കാണ് നിരത്തുകളില്‍.
തെരക്കിനെ തുടര്‍ന്ന് യുക്രൈയിനിലെ സെന്‍ട്രല്‍ ബാങ്കുകളില്‍ പണം പിന്‍വലിക്കുന്നതിനും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരാള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്ന പരമാവധി തുക 100,000 ഹ്രീവ്നിയ (യുക്രൈയിന് കറന്‍സി) ആയി പരിമിതപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: