ചെന്നൈ: തമിഴ്നാടിന്റെ ചരിത്രത്തിലാദ്യമായി തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില് മുന്നൂറ് സീറ്റ് കടന്ന ബിജെപിയുടെ പ്രകടനം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ഡിഎംകെ, എഡിഎംകെ മുന്നണികള്‍ക്കെതിരെ ഒറ്റയ്ക്ക് പൊരുതിയാണ് 308 സീറ്റ് എന്ന ചരിത്രനേട്ടം ബിജെപി നേടിയത്. ഇതില്‍ 200 എണ്ണവും കന്യാകുമാരി ജില്ലയില്‍ നിന്നാണ്.
തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രികാസമര്‍പ്പണം അവസാനിക്കുന്നതിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് എഡിഎംകെ സഖ്യമുപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചത്. വെറും നാല് ദിവസത്തിനുള്ളില്‍ 5480 സ്ഥാനാര്‍ഥികളെ മത്സരരംഗത്തിറക്കിയാണ് പാര്‍ട്ടി പോരാട്ടം കടുപ്പിച്ചത്. വെറും പതിനെട്ട് ദിവസത്തെ പ്രചാരണം കൊണ്ടാണ് ബിജെപി തമിഴ്നാട്ടില്‍ മുന്നേറ്റം നടത്തിയത്.
ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ശേഷം ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി മാറിയെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ അവകാശപ്പെട്ടു. ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് വിഹിതമുള്ളപ്പോള്‍ എങ്ങനെയാണ് ആ അവകാശവാദം ഉന്നയിക്കുന്നതെന്ന ചോദ്യത്തിന്, തന്റെ പാര്‍ട്ടി വിജയിച്ച സ്ഥലങ്ങളുടെയും വോട്ട് വിഹിതത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ അങ്ങനെ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കട്ടെ, കുറഞ്ഞപക്ഷം അവരുടെ കെട്ടിവെച്ച തുകയെങ്കിലും തിരിച്ചുപിടിക്കട്ടെ,’ അദ്ദേഹം പറഞ്ഞു.
ഡിഎംകെ സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ബിജെപി വാര്‍ഡ് അംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ പോരാടിയത് 13 പാര്‍ട്ടികളുടെ സഖ്യത്തിനെതിരെയാണ്. ഈ 13 പാര്‍ട്ടികള്‍ക്കും ഒരു പ്രത്യയശാസ്ത്രവുമില്ല. ജാതി-മത രാഷ്ട്രീയത്തില്‍ മാത്രമാണ് അവര്‍ നിലനില്‍ക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
എഐഎഡിഎംകെ സഖ്യം വിട്ട് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട് വോട്ടെണ്ണത്തില്‍ കരുത്ത് തെളിയിക്കാനായി. ചെന്നൈ കോര്‍പ്പറേഷനിലെ ഒരു സീറ്റ് ഉള്‍പ്പെടെ 230 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളും 56 മുനിസിപ്പാലിറ്റി വാര്‍ഡുകളും 22 കോര്പ്പറേഷന് വാര്‍ഡുകളും പാര്‍ട്ടി നേടി. കോര്പ്പറേഷന് സീറ്റുകളുടെ എണ്ണം പത്തില്‍ നിന്ന് ഇരുപത്തിരണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: