ഗാന്ധിനഗര്‍: അപകടങ്ങളില്‍പ്പെട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ മരണപ്പെട്ടാല്‍ കൊവിഡ് പരിശോധനയ്ക്കായി നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധന ഫലം വൈകുന്നു. ഇതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ശവസംസ്കാരം നടത്താന്‍ കഴിയാതെ വരുന്നതായി മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍പ്പട്ട് ചികിത്സയില്‍ ഇരിക്കെ മരണമടഞ്ഞ പുതുപ്പള്ളി, വൈക്കം സ്വദേശികളുടെ കൊവിഡ് പരിശോധനാഫലം യഥാസമയം ലഭിക്കാത വന്നതിനെ തുടര്‍ന്ന് 24 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയായത്. ഈ സംഭവം ആശുപത്രി പരിസരത്ത് വാക്ക് തര്‍ക്കത്തിനും വഴിയൊരുക്കി.
മുമ്പ് കൊവിഡ് പരിശോധന അത്യാഹിത വിഭാഗം കെട്ടിടത്തിലായിരുന്നു നടന്നിരുന്നത്. ഇപ്പോള്‍ ഇവിടെ നിന്ന് വളരെ ദൂരെ മാറി പ്രിന്‍സിപ്പാള്‍ ഓഫീസിലാണ് പരിശോധന നടക്കുന്നത്. ഫലം ലഭിക്കുവാന്‍ കാലതാമസം നേരിടുന്നതിന് ഇത് കാരണമാകുന്നതായി പറയുന്നു. മൂന്നു ഷിഫ്റ്റുകളായി, അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണ്‍ വിഭാഗത്തിലാണ് സ്രവം ശേഖരിക്കുന്നത്.
രാത്രി 9 വരെയുള്ള സ്രവം രാവിലെ 8.30ന് ശേഖരിച്ച് ഉച്ചയ്ക്ക് 1.30നാണ് ഫലം നല്‍കുന്നത്. തുടര്‍ന്ന് 2ന് ശേഖരിക്കുന്ന സ്രവ പരിശോധനാ ഫലം വൈകിട്ട് 6ന് നല്‍കും. രാവിലെ 9ന് ശേഷം മരണപ്പെടുന്ന ഒരാളുടെ സ്രവ പരിശോധന സാംമ്പിള്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് എടുക്കുന്നത്. ഫലം ലഭിക്കുമ്പോള്‍ വൈകിട്ട് 6 കഴിയും. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച് പോലീസ് എത്തി മരണപ്പെട്ട ദിവസം തന്നെ ഇന്‍ക്വസ്റ്റ് ചെയ്യാന്‍ പോലും കഴിയാതെ വരുന്നു.
മൂന്നു മാസം മുമ്പുവരെ കൊവിഡ് പരിശോധന അത്യാഹിത വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍, ഷിഫ്റ്റ് ഏര്‍പ്പെടുത്താതെ ഏത് സമയവും സ്രവം ശേഖരിക്കുമായിരുന്നു. പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് മാറ്റിയ പരിശോധന തിരികെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതര്‍ ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: