കാഞ്ഞാണി: ഗുരുവായൂരിൽ ക്ഷേത ദർശനത്തിന് മാത്രമല്ല വിവാഹം, ചോറൂണ് തുടങ്ങി പല ചടങ്ങുകൾക്ക് ഭഗവാന്റെ അനുഗ്രഹം ഏറ്റുവാങ്ങാൻ നാനാദേശത്ത് നിന്നും ജനലക്ഷങ്ങൾ ഒഴുകിയെത്താറുണ്ട്. ഈ ധന്യ മുഹൂർത്തങ്ങളെല്ലാം വരും തലമുറക്ക് കൂടി ദർശിക്കാവുന്ന വിധം കാലത്തിന്റെ ഓർമ്മച്ചെപ്പിലേക്ക് പകർത്തി തരുന്ന ഫോട്ടോഗ്രാഫർമാർക്കും ഗുരുവായൂർ ക്ഷേത്ര നടക്കൽ ഓരോ വട്ടം എത്തുമ്പോഴും വ്യതസ്ത അനുഭവങ്ങളായിക്കും. മണലൂർ കാരമുക്കിൽ പ്രതിഷ്ഠ സ്‌റ്റുഡിയോ നടത്തുന്ന ഭുവനദാസ് എന്ന ഭുവനനും നാല് പതിറ്റാണ്ടിന്റെ ഓർമ്മകൾ ഈ ഗുരുപവനപുരിയിലുണ്ട്.
കണ്ടശ്ശാംകടവിൽ സ്റ്റുഡിയോ നടത്തുന്ന ജ്യേഷ്ഠൻ രാജന്റെ ക്യാമറയിലൂടെ ചിത്രങ്ങൾ പകർത്തിയാണ് ഭുവനൻ ഫോട്ടോഗ്രാഫറായത്. നാല് പതിറ്റാണ്ട് മുൻപ് ഗുരുവായൂർ ക്ഷേത്ര നടയിൽ ആദ്യമായി കല്യാണ ചിത്രങ്ങൾ എടുക്കാൻ പോയിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ മനസിലുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ ഓർവോയുടെ ഫിലം ലോഡ് ചെയ്ത യാഷിക 120 ക്യാമറയും, മെഗാ ഫ്ലാഷും പിടിപ്പിച്ചാണ് ഗുരുവായൂരിലെത്തി വിവാഹം പകർത്തി തിരിച്ചെത്തുന്നത്. 12 ചിത്രമാണ് ഒരു റോൾ ഫിലിമിൽ അക്കാലത്ത് പകർത്തിയിരുന്നത്. ഒരു കല്യാണത്തിനാകെ 24 ചിത്രങ്ങൾ മാത്രമാണ് കൂടുതലും എടുത്തിരുന്നത്. താലികെട്ടും മറ്റുമായി ആറോ ഏഴോ ചിത്രങ്ങൾ മാത്രം അമ്പല പരിസരത്തു നിന്നെടുക്കും. തിരികെ സ്റ്റുഡിയോയിലെത്തി ഡാർക്ക് റൂമിൽ ഫിലം വാഷ് ചെയ്തു കഴിഞ്ഞ ശേഷമേ ഭുവനന് മനസമാധാനം ഉണ്ടാകാറുള്ളൂ.
ഗുരുവായൂരിലേക്കുള്ള യാത്രയിൽ അംബാസഡർ കാറിൽ വധുവിന്റെ വരന്റെയോ വീട്ടുകാരോടൊപ്പം ഫോട്ടോഗ്രാഫറും കാറിൽ കയറും. നടയിലെ കല്യാണ മണ്ഡപത്തിന് താഴെ നിന്ന് വേണം ചിത്രമെടുക്കാൻ. ഒരു കല്യാണ ആൽബം തയ്യാറാക്കാൻ അക്കാലത്ത് 250 മുതൽ 300 രൂപയോളമായിരുന്നു ഭുവനൻ വാങ്ങിയിരുന്നത്. പിന്നീട് ഇലക്ട്ര 35, എസ്.എൽ.ആർ തുടങ്ങി ഡി.എസ് എൽ ആർ വരെയുള്ള ക്യാമറകൾ തൂക്കി ഗുരുവായൂരിലെത്തി കല്യാണങ്ങൾ പകർത്തി.
സാങ്കേതിക വിദ്യക്കു വന്ന വളർച്ചക്കൊപ്പം സഞ്ചരിച്ച് ഇന്നും ഭുവനൻ ഗുരുവായൂരിലെത്തുന്നുണ്ട് ചിത്രങ്ങൾ പകർത്താൻ. പുലർച്ചെ മുതൽ കല്യാണങ്ങൾ നടക്കുന്നതിനാൽ വധുവിന്റെയോ വരന്റെയോ വീടുകളിൽ പുലർച്ചെ രണ്ടു മണിക്കു വരെ എത്തേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്ന് ഭുവനൻ പറയുന്നു. ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കുമായി കല്യാണ മണ്ഡപത്തിന് സമീപം നിന്ന് ചിത്രങ്ങൾ പകർത്താൻ നിൽക്കാൻ പടികൾ സ്ഥാപിച്ചത് ഗുണകരമായി.
ക്യാമറയിലും ആൽബത്തിലും പുതുമകൾ വന്നെങ്കിലും ഭുവനന് ഈ കാലഘട്ടത്തിലും ഫോട്ടോയെടുക്കാൻ പോകാൻ സഹായികളെ കൂട്ടാറില്ല. ഗുരുവയൂർ അമ്പല നടയിൽ താടി വച്ച് പതിവ് ജുബ്ബ വേഷത്തിലുള്ള അറുപത്കാരനെ ഇപ്പോഴും കാണാം. ഷീലയാണ് ഭുവനന്റെ ഭാര്യ. മക്കൾ: വിഷ്ണുദാസ്, അർജുൻദാസ്, ഭദ്രദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: