കാഞ്ഞാണി : സംസ്ഥാന പാതയിൽ കരുവാൻവളവിനും എറവ് സ്കൂളിനും ഇടക്ക് റോഡിലേക്ക് ചാഞ്ഞ് ഏതു നിമിഷവും വീഴാവുന്ന രീതിയിൽ നിൽക്കുന്ന കൂറ്റൻ മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. അരിമ്പൂർ പഞ്ചായത്തിന്റെ ഒഴിഞ്ഞു കിടക്കുന്ന പറമ്പിലാണ് മരങ്ങൾ നിൽക്കുന്നത്.
ഗതാഗത തിരക്കേറിയ തൃശൂർ – കാഞ്ഞാണി പാതയിലേക്ക് ചെരിഞ്ഞാണ് മരങ്ങൾ നിൽക്കുന്നത്. കൂട്ടത്തിൽ ഒരു മരം ഏതു നിമിഷവും മറിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ മാസം അരിമ്പൂരിൽ റോഡരുകിൽ നിന്നിരുന്ന കൂറ്റൻ വാകമരം കടപുഴകി റോഡിന് കുറുകെ വീണ് രണ്ട് കാറുകൾ തകർന്നിരുന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
മഴക്കാലത്ത് റോഡരുകിലെ മരങ്ങളുടെ കൂറ്റൻ ചില്ലകൾ ഒടിഞ്ഞ് വീണ് ഗതാഗത തടസം നേരിടാറുണ്ട്. അപകട ഭീഷണിയായ മരങ്ങൾ അടിയന്തിരമായി മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: