തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയതിന് സിസ്ട്ര പാരിസ് എന്ന ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി (22,27,93,060.80 രൂപ) നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി കത്തിടപാടുകള്‍ നടക്കുകയാണ്. ഇത് സംബന്ധിച്ച് വര്‍ക്കിങ് ഷീറ്റ്, കഡാസ്ട്രല്‍ മാപ്പ് എന്നിവ റെയില്‍വെയ്ക്ക് വീണ്ടും സമര്‍പ്പിക്കാനാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം വിവരങ്ങള്‍ ഡിപിആറിന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ലൈനിലെ മൊത്തം എംബാങ്ക്മെന്റായ 292 കിലോമീറ്ററില്‍ 33.6 കി.മീറ്റര്‍ ദൂരം ഏഴ് മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലഭാഗങ്ങളിലായിരിക്കും എംബാങ്ക്മെന്റ് ഏഴ് മീറ്ററില്‍ കൂടുതല്‍ ഉയരം വരുന്നത്. നിലവിലെ പാത നവീകരിച്ച് വേഗം കൂട്ടല്‍ അപ്രായോഗികമാണ്. തിരുനനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പാതയില്‍ 626 വളവുകളാണുള്ളത്. നിലവിലെ ട്രെയിന്‍ സര്‍വീസിനൊപ്പം ഇവ നിവര്ത്തിയെടുക്കുന്നതിന് രണ്ട് ദശാബ്ദം വേണമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
തിരുവനന്തപുരം-കാസര്‍കോട് റെയില്‍പാതയില്‍ 19 കിലോമീറ്റര്‍ മാത്രമാണ് ഇനി പാത ഇരട്ടിപ്പിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് പുറത്ത് രാജധാനി എക്സ്പ്രസ് ശരാശരി 102 കിലോമീറ്റര്‍ വേഗത്തില്‍ ഓടുമ്പോള്‍ കേരളത്തിലിതിന് 57 കിലോമീറ്റര്‍ മാത്രമാണ് വേഗം കൈവരിക്കാന്‍ സാധിക്കുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: