ന്യൂദല്‍ഹി: ഖലിസ്ഥാന്‍ അനുകൂല സംഘടനയുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന പഞ്ചാബ് പൊളിറ്റിക്സ് ടിവിക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ടിവിയുടെ ആപ്പുകള്‍, വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിയും നിരോധിച്ചു. പൊതു ക്രമസമാധാനം തടസ്സപ്പെടുത്താന്‍ ‘പഞ്ചാബ് പൊളിറ്റിക്സ് ടിവി’ ചാനല്‍ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ശ്രമിക്കുന്നുവെന്ന ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധപ്പെട്ട സ്ഥാപനമാണ് പഞ്ചാബ് പൊളിറ്റിക്സ് ടിവി. എസ്എഫ്ജെ എന്നറിയപ്പെടുന്ന സിഖ് ഫോര്‍ ജസ്റ്റിസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തോയല്‍) നിയമം,1967 പ്രാകാരം നിരോധിക്കപ്പെട്ട സംഘടനയാണ്. പ്രസ്തുത ചാനലിന്റെ ഡിജിറ്റല്‍ മാധ്യമ വിഭവങ്ങളെ നിരോധിക്കാന്‍ ഫെബ്രുവരി 18ന് ഐടി ചട്ടങ്ങള്‍ക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ പ്രയോഗിക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിരോധിച്ച ആപ്പുകള്‍, വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയുടെ ഉള്ളടക്കങ്ങള്‍ സാമുദായിക അനൈക്യവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും പൊതു സമാധാനത്തിനും ഇവ ഹാനികരമാണെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: