ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതികളെ തൊടാതെ പോലീസ്. അറസ്റ്റ് നടക്കുന്നതായി പോലീസ് അവകാശപ്പെടുന്നെങ്കിലും കുറ്റക്കാര്‍ ഇപ്പോഴും സുരക്ഷിതരാണ്. ഇരുപതോളം പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരെല്ലാം കോളേജിലെ വിദ്യാര്‍ഥികളാണ്. കലാപങ്ങളുടെ സൂത്രധാരന്മാര് അടക്കമുള്ള യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സുരക്ഷിതരായി വിലസുകയാണ്.
സംഘര്‍ഷങ്ങള്‍ക്കെല്ലാം പരസ്യമായി നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റയും ജില്ലാ നേതാക്കളാണ്. ഇരു സംഘടനകളുടെയും പുറത്തു നിന്നെത്തിയ ഗൂണ്ടാ സംഘങ്ങളാണ് അക്രമം കാട്ടിയതെല്ലാം. ആഞ്ഞിലിമൂടിന് വടക്ക് ചിറ ഭാഗത്തുള്ള പാര്‍ട്ടി ക്രിമിനലുകളെ സിപിഎം രംഗത്തിറക്കിയപ്പോള്‍ അവരെ നേരിടാന്‍ കോണ്‍ഗ്രസുകള്‍ പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളിലുള്ള എസ്ഡിപിഐ സംഘത്തിന്റെ സഹായം തേടി. തുടക്കത്തില്‍ പോലീസ് നിഷ്ക്രിയരായിരുന്നങ്കിലും സംഘര്‍ഷം കൈവിട്ടു പോകുന്ന ഘട്ടം എത്തിയപ്പോള്‍ പോലീസ് രംഗത്തിറങ്ങി. കൊല്ലം റൂറല്‍ എസ്പി കെ.ബി രവി ശാസ്താംകോട്ടയില്‍ കേന്ദ്രീകരിച്ച് നടപടികള്‍ക്ക് നേതൃത്വം നല്കി.
എന്നാല്‍ സംഘര്‍ഷത്തിന്റെ പേരില്‍ നടത്തിയ അറസ്റ്റ് എല്ലാം കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു. ഇരു വിഭാഗത്തിലും പെട്ട കുഴപ്പക്കാരായ ക്രിമിനലുകളില്‍ ഒരാളെ പോലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇതിനെല്ലാം നേതൃത്വം നല്കി ജനപ്രതിനിധികള്‍ അടക്കമുള്ള സിപിഎം, കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലും പോലിസ് വിളിപ്പിച്ചിട്ടില്ല.
സംഘര്‍ഷത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. കലാലയത്തെ സംഘര്‍ഷഭൂമിയാക്കിയ ക്രിമിനല്‍ സംഘത്തെയും മത തീവ്രവാദികളേയും അമര്‍ച്ച ചെയ്യാന്‍ പോലീസ് തയ്യാറാകത്തപക്ഷം തുടര്‍ന്നും വലിയ സംഘര്‍ഷങ്ങള്‍ക്കു വഴിയൊരുക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും. സംഘര്‍ഷങ്ങളുടെ തുടക്കം ജംഗ്ഷന് വടക്കുള്ള ബാര്‍ ഹോട്ടലിലായിരുന്നു. കോളേജ് യൂണിയന് തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാന്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് സംഘം ബാറില്‍ ഒത്തുകൂടി. പിന്നാലെ ബാറിലെത്തിയ ഡിവൈഎഫ്ഐ സംഘം ഇവരുമായി വാക്കേറ്റവും കയ്യാങ്കളിയുമായി. ഇരു കൂട്ടരും ബാറിന് മുന്നില്‍ ഏറ്റുമുട്ടുന്നതിനിടെ രണ്ട് കെസ്യുകാര്‍ക്കും ഒരു യൂത്ത് കോണ്‍ഗ്രസുകാരനും പരിക്കേറ്റു.
ഇതിന്റെ തുടര്‍ച്ചയായി അടുത്ത ദിവസം കോളേജില്‍ കോളേജില്‍ സംഘര്‍ഷം ഉടലെടുത്തു. എസ്എഫ്ഐ-കെഎസ്യു സംഘം അടി തുടങ്ങിയതോടെ പുറത്തു നിന്നും ക്രിമിനല്‍ സംഘം ഇരച്ചു കയറി കൂട്ടത്തല്ലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: