ന്യൂദല്‍ഹി: സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ മനസില്‍ വേര്‍തിരിവ് ഉണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്ന് ഗുരു സദ്ഗുരു ജഗ്ഗി വാസുദേവ്. കുട്ടികള്‍ അത്തരം വ്യത്യാസങ്ങള്‍ അറിയാതെ വേണം വളരാന്‍ എന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിക്കുകയാണ് സദ്ഗുരു.
മനുഷ്യനെ ഒന്നിപ്പിക്കുന്ന ജീവിതത്തിന്റെ വശങ്ങളിലേക്ക് നോക്കുന്നതിന് പകരം എല്ലാവരേയും ഭിന്നിപ്പിക്കുന്ന വശത്തേക്കാണ് നാം പോകുന്നത്. മണ്ണ് എന്നത് സര്‍വ്വവ്യാപിയായ ഒന്നാണ്. നിങ്ങള്‍ ഏത് ജാതിയോ, മതമോ, വംശമോ, ആയാലും നിങ്ങള്‍ മണ്ണില്‍ നിന്നാണ് വരുന്നത്. മണ്ണിലേക്ക് തന്നെ തിരികെ പോകുകയും ചെയ്യും. നിങ്ങള്‍ ഹിജാബോ, ബുര്‍ഖയോ, സാരിയോ, മറ്റെന്ത് വസ്ത്രം ധരിച്ചാലും എന്ത് ഭക്ഷണം കഴിച്ചാലും, അതും മണ്ണില്‍ നിന്നാണ് ലഭിക്കുന്നത്. മനുഷ്യനെ എന്നും ഒന്നിച്ച് നിര്‍ത്തുന്ന ഒരു ഘടകം കൂടിയാണ് മണ്ണ് എന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ വേര്‍തിരിവ് ഉണ്ടാക്കുന്ന ഒന്നും ചെയ്യരുത്. മുന്‍ തലമുറകളിലെ ആളുകള്‍ വളര്‍ന്ന അതേ മാതൃകയില്‍ തന്നെ പുതിയ തലമുറയിലെ കുട്ടികളും വളരണം. നമുക്ക് പരസ്പരം പ്രശ്നങ്ങളോ വിദ്വേഷമോ സ്നേഹമോ എന്തുതന്നെ ഉണ്ടെങ്കിലും അത് കുട്ടികളെ ഒരിക്കലും ബാധിക്കരുത്. നമ്മെ പരിമിതപ്പെടുത്തിയ ശക്തികള്‍ നമ്മുടെ കുട്ടികളെ ഒരിക്കലും പരിമിതപ്പെടുത്തരുത് എന്നും സദ്ഗുരു ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: