കൊച്ചി : ട്വന്റി- ട്വന്റി ചീഫ് കോ- ഓര്‍ഡിനേറ്ററും കിറ്റക്സ് എംഡിയുമായ സാബു ജേക്കബിനെതിരെ വീണ്ടും സിപിഎം. ട്വന്റി ട്വന്റി പ്രവര്‍ത്തകനായിരുന്ന ദീപു മരിക്കുമെന്ന് ഉറപ്പായ ശേഷമാണ് സാബു രംഗത്ത് വന്നത്. സന്ദേശം സിനിമയിലെപോലെ മൃതദേഹം പിടിച്ചെടുക്കാനാണ് സാബു ശ്രമിച്ചതെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ വിമര്‍ശിച്ചു.
ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസറ്റിലായ പ്രതികളില്‍ സിപിഎമ്മുകാര്‍ ഉണ്ടെങ്കിലും ആളെ കൊല്ലാന്‍ പോയെന്ന് പറയാനാകുമോ. ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ട്വന്റി- ട്വന്റിയുടെ ആരോപണവും സിപിഎം തള്ളി. അതേസമയം ദീപുവിന്റേത് കൊലപാതകമാണെന്ന വാദത്തയും മോഹനന്‍ ചോദ്യംചെയ്യുന്നുണ്ട്. ഒരുപാട് കാശ് കയ്യിലുണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാമെന്ന അവസ്ഥയാണ് സാബു എം. ജേക്കബിനുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.
കഴിഞ്ഞ 12-ാം തീയതിയാണ് ദീപുവിന് പരിക്കേറ്റ സംഭവമുണ്ടാകുന്നത്. ഇതിനു ശേഷം സാബുവും ട്വന്റി ട്വന്റിയുടെ പഞ്ചായത്ത് അംഗവും എവിടെ ആയിരുന്നു. 14-ാം തീയതി ദീപുവിനെ അദ്ദേഹത്തിന്റെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അല്ലാതെ ട്വന്റി ട്വന്റി അല്ല. ഇപ്പോള്‍ ദീപുവിന്റെ മൃതദേഹത്തിന് ട്വന്റി ട്വന്റി അവകാശം ഉന്നയിക്കുകയാണെന്നും സിപിഎം ആരോപിച്ചു.
ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ നിലവില്‍ അറസ്റ്റിലാണ് ഇവരെല്ലാം സിപിഎം പ്രതികളാണ്. വിളക്കണക്കയ്‌ക്കല്‍ സമരത്തെ തുടര്‍ന്ന് സിപിഎമ്മുകാരുടെ മര്‍ദ്ദനമേറ്റാണ് ദീപുവിനെ ആശുപത്രിയില്‍ പ്രവേശിപ്പ്ിക്കുന്നത്. ആന്തരിക രക്തസ്രാവം മൂലം ആരോഗ്യസ്ഥിതി മോശമായ ദീപുവിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും പിന്നീട് മരണമടയുകയുമായിരുന്നു.
വിഷയത്തില്‍ എംഎല്‍എ പി.വി. ശ്രീനിജനെതിരേയും ആരോപണമുയര്‍ന്നിട്ടുണ്ട്. എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരം ആസൂത്രിതമായാണ് ദീപുവിനെതിരെ ആക്രമണം നടത്തിയതെന്നാണ് ട്വന്റി ട്വന്റി ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: