പരപ്പ: കൊവിഡ് കാലത്ത് മലയോര കര്‍ഷകര്‍ നട്ടുനനച്ച് വളര്‍ത്തിയ കപ്പ (മരച്ചീനി) വിളവെടുപ്പ് കാലമാണിപ്പോള്‍. പച്ചക്കപ്പക്ക് വിലയിടിഞ്ഞതിനാല്‍ കപ്പ വാട്ടി സൂക്ഷിക്കുകയാണ് മലയോര കര്‍ഷകര്‍. കപ്പയുടെ പുറത്തെ തൊലി കളഞ്ഞ് വെള്ളം തിളപ്പിച്ച് പുഴുങ്ങിയെടുത്ത് ഉണക്കി സൂക്ഷിക്കുന്നതിനാണ് കപ്പവാട്ടല്‍ എന്നറിയപ്പെടുന്നത്.
പറിച്ചു വിറ്റാല്‍ കൂലിച്ചെലവുപോലും കിട്ടില്ലെന്ന സ്ഥിതിയാണ്. പണ്ടുകാലം മുതല്‍ എല്ലാവരും ഒത്തുകൂടുന്ന നാടിന്റെ ഒരു കാര്‍ഷികോത്സവം കൂടിയാണിത്. ഉപജീവനവും ആഘോഷവും തിരിച്ചെത്തിയ സന്തോഷത്തിലാണ് മലയോര കര്‍ഷകര്‍. ചെറുപ്പകാലത്ത് ബന്ധുക്കളും അയല്പക്കക്കാരും ഒക്കെ ഒത്തുകൂടി കപ്പ വാട്ടല്‍ ഉത്സവമാക്കി മാറ്റിയ കാലമുണ്ടായിരുന്നു. കൃഷിയോടൊപ്പം ആഘോഷമായ മലയോരത്തിന് ഒരുകാലത്തെ കൂട്ടായ്മ കൂടിയാണ് കപ്പവാട്ടല്‍.
ക്വിന്റല്‍ കണക്കിന് കപ്പ വാട്ടി പട്ടിണിക്കാലത്തേക്ക് സൂക്ഷിക്കുന്ന കുടുംബങ്ങള്‍ മലയോരത്തിന്റെ നിത്യസാനിധ്യമായിരുന്നു. എന്നാല്‍, ക്രമേണ കപ്പ വാട്ടല്‍ ഓര്മ മാത്രമായി. എങ്കിലും കൊവിഡ് കാലത്തെ ലോക്ഡൗണ്‍ കാലം ഈ കാര്‍ഷിക വൃത്തിയെയും ആഘോഷങ്ങളെയും തിരിച്ചെത്തിക്കുകയായിരുന്നു. ഇതോടെ കപ്പകൃഷിയിലുണ്ടായ ഉണര്‍വ് കടകളില്‍ കപ്പ ധാരാളമായി എത്തിക്കുന്നതിന് കാരണമായി. അതോടൊപ്പം ആഘോഷമായി കപ്പ വാട്ടലും തിരിച്ചെത്തി.
ഉണക്കി സൂക്ഷിച്ചാല്‍ സ്വന്തം ഉപയോഗം കഴിഞ്ഞുള്ളത് സീസണ് കഴിയുമ്പോള്‍ കൂടിയ വിലക്ക് വില്ക്കാന് കഴിയും. അയല്‍ക്കാര്‍ പരസ്പരം സഹകരിച്ചാണ് കപ്പ സംസ്കരണം നടത്തുന്നത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ പങ്കാളികളാകും. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കപ്പ വാട്ടല്‍ കാലം. കര്‍ണാടകയിലെ കുടക് മേഖലയില്‍ വ്യാപകമായി കപ്പ കൃഷിനടത്തിയിരുന്നു. വിലയിടിഞ്ഞതിനാല്‍ കര്‍ഷകര്‍ ഇവ കൈയൊഴിഞ്ഞു.
കുടിയേറ്റ കര്‍ഷകരാണ് കൂടുതലായും കപ്പ വാട്ടല്‍ ചെയ്തിരുന്നത്. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഒക്കെയായി വലിയൊരു ആഘോഷമായി നടത്തുന്നതിനാല്‍ കപ്പ വാട്ടല്‍ കല്യാണം എന്നും അറിയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: