ഇന്ത്യയും യുഎഇയും തമ്മില്‍ ചരിത്രപരമായ ധാരണയിലെത്തി നില്ക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. യുഎഇ 50-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി അടുത്ത 50 വര്‍ഷത്തേക്കുള്ള പദ്ധതികളുടെ ശില പാകുകയാണ്.
കൊവിഡ് നാശംവിതച്ച സാഹചര്യത്തിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സവിശേഷബന്ധം സുഗമമായി മുന്നോട്ടു പോയി. ഇതിന്റെ ഫലമായി ആഗോളതലത്തിലെ അനിശ്ചിതമായ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും കഴിഞ്ഞു. എല്ലാ സമൂഹങ്ങള്‍ക്കുമിടയില്‍ സമാധാനവും സഹകരണവും സഹവര്‍ത്തിത്വവും പുലരുന്നതിനു നാം ഒന്നിച്ചു പ്രവര്‍ത്തിച്ചു. വ്യാപാരം, സാങ്കേതിക വിദ്യ, നൈപുണ്യം, വിനോദസഞ്ചാരം എന്നിവയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ക്കൊപ്പം ആഗോളസമൂഹത്തിനും പുരോഗതി സൃഷ്ടിക്കുകയാണ് പ്രധാനലക്ഷ്യം. കൊവിഡ് മഹാമാരിക്കാലത്തു യുഎഇ വിജയകരമായി നടത്തിയ എക്സ്പോ 2020ല്‍ ഇന്ത്യയുടെ പങ്കാളിത്തവും ദേശീയബോധം പ്രകടമാക്കുന്ന ആകര്‍ഷകമായ പവലിയനുമെല്ലാം ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്.
ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള തന്ത്രപ്രധാനപങ്കാളിത്തം മറ്റൊരു തലത്തിലേക്കു മുന്നേറുന്ന സാഹചര്യമാണുള്ളത്. കൊവിഡിനുശേഷമുള്ള കാലഘട്ടത്തില്‍ സഹകരണാടിസ്ഥാനത്തില്‍ വികസനത്തിനും വളര്‍ച്ചയ്ക്കുമായി നിരവധി സാധ്യതകള്‍ തിരയുമ്പോള്‍ നാം ഒരിക്കല്‍ക്കൂടി നമുക്കിടയിലെ പങ്കാളിത്തം അടുത്തഘട്ടത്തിലേക്കു മുന്നേറാനുള്ള ധാരണയില്‍ എത്തിയിരിക്കുകയാണ്.
ഇത് ചരിത്രം
അഞ്ചുമാസം മുമ്പാണു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ചുള്ള (സിഇപിഎ) ചര്‍ച്ചകള്‍ ആരംഭിച്ചത്. വ്യാപാരം, വാണിജ്യം, നിക്ഷേപം എന്നീ മേഖലകളില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം മാറ്റത്തിനു സാധ്യതയുള്ള, ആഗോളതലത്തിലെ പ്രതിസന്ധികളെ അതിജീവിക്കുന്നതിനു സംഭാവന നല്കാനുംകൂടി ലക്ഷ്യമിട്ടാണിത്.
ഇപ്പോള്‍ ആ കരാര്‍ ഒപ്പിട്ടിരിക്കുന്നു. യുഎഇയും ഇന്ത്യയും തമ്മിലുള്ള സമൃദ്ധിയുടേയും തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും പുതുയുഗത്തിനുള്ള സാഹചര്യം വന്നിരിക്കുന്നു. അത് ഇരുരാജ്യങ്ങളെയും പുതിയ തലത്തിലേക്ക് കൊണ്ടുപോകും.
വളര്‍ച്ചയ്ക്കുള്ള അവസരം
ഇരുരാജ്യങ്ങള്‍ക്കും നേരിട്ടുള്ള പ്രയോജനം വളരെ വ്യക്തമായി അറിയാനാകും. ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള വ്യാപാരം അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ അമേരിക്കന്‍ ഡോളറായി വളരും. മഹാമാരിക്കാലത്തിനു മുമ്പുള്ളതിന്റെ ഇരട്ടിയാണിത്. കയറ്റുമതിക്കാര്‍, ഇറക്കുമതിക്കാര്‍, ഉപഭോക്താക്കള്‍ തുടങ്ങി വ്യാപാരത്തിന്റെ ഭാഗമായ എല്ലാവര്ക്കും വികാസം പ്രാപിച്ച വിപണി പ്രവേശം കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. അതിനൊപ്പം ഉന്നതനിലയില്‍ പ്രാഗത്ഭ്യം നേടിയ പ്രൊഫഷണലുകള്‍ക്കു കൂടുതല്‍ സാധ്യതകള്‍ ലഭിക്കും. ഇരുരാജ്യത്തും ജനങ്ങള്‍ക്ക് ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
രത്നങ്ങള്‍, ആഭരണങ്ങള്‍, വസ്ത്രവ്യാപാരം, തുകല്‍, പാദരക്ഷകള്‍, പ്ലാസ്റ്റിക്, കാര്‍ഷികോത്പന്നങ്ങള്‍, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, ഔഷധമേഖല പോലുള്ള തൊഴിലധിഷ്ഠിത മേഖലകളില്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍ക്കു കൂടുതല്‍ വിപണിപ്രവേശം ലഭിക്കും. അതേസമയം ഇന്ത്യയുടെ ബൃഹത്തായ വിപണിയില്‍ യുഎഇയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്കു പെട്രോളിയം, ലോഹങ്ങള്‍, ധാതുക്കള്‍, രാസവസ്തുക്കള്‍, പെട്രോകെമിക്കല്‍സ് പോലുള്ള മേഖലകളിലേക്കു കൂടുതല്‍ പ്രവേശനം സാധ്യമാകും. ഇന്ത്യയിലെ പ്ലാസ്റ്റിക്, രത്നങ്ങള്‍, ആഭരണങ്ങള്‍ പോലുള്ള മേഖലകള്‍ക്കു കുറഞ്ഞ ചെലവിലുള്ള അസംസ്കൃതവസ്തുക്കളുടെ ലഭ്യതയില്‍ നിന്നു പ്രയോജനം ലഭിക്കും.
ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ നൂറ്റാണ്ടുകളായുള്ള, അതിരുകളില്ലാത്ത പരസ്പര സഞ്ചാരത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നവരാണ്. ഈ സിഇപിഎയിലൂടെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കു യുഎഇയില്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനൊപ്പം ആഗോള തലത്തില്‍ ശോഭിക്കാനുള്ള അവസരവും സൃഷ്ടിക്കും. മധ്യേഷ്യ, ആഫ്രിക്ക, യൂറോപ്പ്, മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേ്ക്കുള്ള പ്രവേശനകവാടമായുള്ള യുഎഇയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യും. ധനകാര്യം, സാങ്കേതികം, മനുഷ്യവിഭവശേഷി തുടങ്ങി എല്ലാത്തരത്തിലുമുള്ള മൂലധനം നവീനവും കാര്യക്ഷമവുമായ രീതിയില്‍ ഇരുഭാഗങ്ങളിലേക്കും ഒഴുകും. ഇന്ത്യയുടെ പുതിയ ബജറ്റില്‍ പറയുന്നതുപോലെ, സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതുവഴിയുള്ള മൂലധനനിക്ഷേപം ഇന്ത്യയ്ക്ക് വളര്‍ച്ചയും യുഎഇയ്ക്കു മികച്ച നിക്ഷേപസാധ്യതകളും നല്കുന്നതായിരിക്കണം.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ആഗോളതലത്തിലുള്ള ശ്രദ്ധനേടല്‍ എളുപ്പമായി മാറും. ഇന്ത്യക്കും യുഎഇയ്ക്കും ആകര്‍ഷകവും മത്സരാധിഷ്ഠിതവുമായ സ്റ്റാര്‍ട്ടപ്പുകളുടെ ശ്രേണിയുണ്ട്. ബംഗളൂരു, മുംബൈ, ന്യൂദല്‍ഹി തുടങ്ങിയ പട്ടണങ്ങളില്‍ നിന്നുള്ള സംരംഭകത്വത്തിന്റെ സുവര്‍ണകാലഘട്ടം യുഎഇയിലെ അബുദാബി, ദുബായ് പോലുള്ള വ്യവസായ കേന്ദ്രങ്ങളിലേക്കു വ്യാപിക്കുകയാണ്. ഞങ്ങളുടെ സിഇപിഎ, പുതിയ ഉപഭോക്താക്കള്‍ക്കു സ്റ്റാര്‍ട്ടപ്പിനുള്ള അവസരം കൂടാതെ ശൃംഖലകളും അവസരങ്ങളും പ്രകടനം മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങളും നല്കുന്നു.
ഭാവി ഊര്ജ്ജസ്വലമാക്കല്
ഊര്‍ജ്ജമേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളരെയടുത്ത സഹകരണമാണുള്ളത്. മാലിന്യമുക്തവും ഹരിതാഭവുമായ ഭാവിക്കായി സമയബന്ധിതവും നീതിയുക്തവുമായ ഊര്‍ജ്ജ പരിവര്‍ത്തനത്തിന് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു. ഇരുരാജ്യങ്ങളിലും സംയുക്തനിക്ഷേപമുള്ള നാം പെട്രോളിയം- പ്രകൃതിവാതകമേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം കരുതല്‍ പദ്ധതിയുടെ ഭാഗമായ ഏകരാജ്യം യുഎഇയാണ്.
ഇരുരാജ്യങ്ങളും ചലനാത്മകമായ പുതിയ വ്യാപാര-നിക്ഷപനയങ്ങളാണു പിന്തുടരുന്നത്. 2022ല്‍ കയറ്റുമതി 400 ബില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ത്താന്‍ ഇന്ത്യ ലക്ഷ്യമിടുന്നു. 2030ഓടെ രാജ്യത്തിന്റെ വരുമാനം ഇരട്ടിയാക്കാനുള്ള യുഎഇയുടെ ശ്രമങ്ങള്‍ക്ക് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം പ്രധാന പങ്കുവഹിക്കും. ഇന്ത്യയുടേയും യുഎഇയുടേയും പുരോഗതിയും ഭാവിയും കാലങ്ങളായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടുതല്‍ സഹകരണവും ആഴത്തിലുള്ള സൗഹൃദവും പരസ്പരവിശ്വാസവും സംരംഭകത്വവും ഇരുരാജ്യത്തെയും സമ്പദ് വ്യവസ്ഥകള്‍ക്കും വ്യവസായങ്ങള്‍ക്കും നഗരങ്ങള്‍ക്കും ജനങ്ങള്‍ക്കും വരാനിരിക്കുന്ന തലമുറകള്‍ക്കും അനന്ത സാധ്യതകള്‍ തുറന്നു നല്‍കും. ഈ കാഴ്ചപ്പാടാണു നാം പ്രാവര്‍ത്തികമാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: