കോണ്‍ഗ്രസ്സ് നേതൃത്വം നല്കുന്ന പ്രതിപക്ഷത്തിന്റെ സഹായത്തോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പിണറായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളില്‍ ഏറ്റവും പുതിയതാണ് ഗവര്‍ണറെ പുറത്താക്കാനുള്ള അധികാരം വേണമെന്ന ആവശ്യം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാവാം എന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചിക്ക് മുന്നിലാണ് കേരള സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ഗവര്‍ണറെ നിയമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കണം, ഇതിനായി ഭരണഘടനാ ഭേദഗതി വേണം, ഗവര്‍ണറുടെ വിവേചനാധികാരം നിജപ്പെടുത്തണം, ഗവര്‍ണര്‍ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് വേണ്ട, ക്രമസമാധാന പ്രശ്നങ്ങള്‍ക്കുമേല്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ സംസ്ഥാനത്തിന്റെ അനുമതി വേണം എന്നൊക്കെയാണ് പിണറായി സര്‍ക്കാരിന്റെ ആവശ്യങ്ങള്‍. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് പൂഞ്ചി കമ്മീഷന് ആവശ്യപ്പെട്ടതെങ്കിലും അങ്ങേയറ്റം രാഷ്ട്രീയ പ്രേരിതമായി അതിന് കടകവിരുദ്ധമായ ആവശ്യങ്ങളാണ് പിണറായി സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. കേരളം ഭരിക്കാന്‍ ഗവര്‍ണര്‍ സംവിധാനം ആവശ്യമില്ലെന്നും, അത് തങ്ങള്‍ നിര്‍വഹിച്ചുകൊള്ളാമെന്നുമാണ് ഈ പറയുന്നതിന്റെ ചുരുക്കം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് ഉത്തര കൊറിയന്‍ മോഡല്‍ കമ്യൂണിസ്റ്റ് ചക്രവര്‍ത്തിയായി നീണാള്‍ വാഴണം.
പുഞ്ചീ കമ്മീഷന് മറുപടി നല്‍കാനുള്ള അവസരം മുതലാക്കി പിണറായി സര്‍ക്കാര്‍ ഇങ്ങനെയൊക്കെ പറയുന്നതിന്റെ പശ്ചാത്തലം വ്യക്തമാണ്. ചാന്‍സലര്‍ പദവി രാജിവയ്ക്കുമെന്നതുള്‍പ്പെടെ സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടുകള്‍, നിയമസഭയില്‍ നയപ്രഖ്യാപനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി പാര്‍ട്ടിക്കാരെ നിയമിച്ച് ആജീവനാന്തം പെന്ഷന് നല്‍കാനുള്ള തീരുമാനം തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയും സ്വാഭാവിക ഭരണ ശൈലിയാക്കിയിട്ടുള്ള ഇടതു സര്‍ക്കാരിന് ഗവര്‍ണര്‍ ഒരു തടസ്സമാണ്. സര്‍ക്കാരിന്റേത് അമിതാധികാര പ്രയോഗവും കള്ളപ്രചാരണവുമാണെന്നും ഗവര്‍ണര്‍ പറയുന്നതാണ് ശരിയെന്നുമുള്ള പൊതുവികാരമാണ് ജനങ്ങള്‍ക്കുള്ളത്. ഗവര്‍ണര്‍ ഒരു റബ്ബര്‍ സ്റ്റാമ്പ് മാത്രമാണെന്നും, ഭരണഘടന നല്കുന്ന വിവേചനാധികാരം വിനിയോഗിച്ചാല്‍ അംഗീകരിക്കില്ലെന്നുമാണ് സര്‍ക്കാരിന്റെ ഒന്നിനു പുറകെ ഒന്നായുള്ള നടപടികളില്‍നിന്ന് വ്യക്തമാവുന്നത്. ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള ഒരു ഗവര്‍ണര്‍ ആവശ്യമില്ലെന്ന് സിപിഎം നേതാക്കള്‍ കുറെക്കാലമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്. പ്രതിപക്ഷത്തെയും കൂട്ടിനു ലഭിച്ചതോടെ എന്തുമാവാമെന്ന നിലയിലേക്ക് സര്‍ക്കാര്‍ മാറുകയായിരുന്നു. ഗവര്‍ണര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മെഗാഫോണായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒച്ചവയ്ക്കുന്നത്.
ഭരണഘടനയുടെ വിവിധ വകുപ്പുകളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരാവകാശങ്ങള്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. അവയിലൊരിടത്തും ഭരണപരമായ വിഷയങ്ങളില്‍ ഗവര്‍ണര്‍ മൂകസാക്ഷിയായി ഇരുന്നുകൊള്ളണമെന്ന് പറഞ്ഞിട്ടില്ല. അഭിപ്രായം പറയുകയും നിലപാട് എടുക്കുകയും ചെയ്യാം. ഇത് മാനിക്കാന്‍ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും തയ്യാറാവാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഗവര്‍ണറോടുള്ള ഇവരുടെ വിയോജിപ്പ് ഏതെങ്കിലും വിഷയങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഗവര്‍ണര്‍ എന്ന പദവിയോടുള്ള വിയോജിപ്പാണത്. അതാണിപ്പോള്‍ മറനീക്കി പുറത്തുവന്നിട്ടുള്ളത്. വിഘടനവാദം തന്നെയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ നിയമനിര്‍മാണങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുക, കേന്ദ്ര അന്വേഷണ ഏജന്‍സികളെ അംഗീകരിക്കാതിരിക്കുക, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഐഎഎസ് സംവിധാനത്തിനു ബദലായി കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് രൂപം നല്‍കുക, പത്മ പുരസ്കാരങ്ങള്‍ക്ക് ബദലായി സംസ്ഥാന പുരസ്കാരങ്ങള്‍ നല്കാന് തീരുമാനിക്കുക എന്നിങ്ങനെ ഞങ്ങള്‍ വേറെയാണെന്ന മനോഭാവം സൃഷ്ടിക്കാനാണ് ശ്രമം. ഭാരതം ഒരൊറ്റ രാഷ്ട്രമല്ലെന്നും പതിനാറ് രാഷ്ട്രങ്ങളാണെന്നുമുള്ള അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലത്തെ നിലപാട് വീണ്ടും പൊടിതട്ടി എടുക്കുകയാണ്. രാജ്യത്ത് മറ്റൊരിടത്തും തങ്ങള്‍ക്ക് അധികാരമോ അധികാര പങ്കാളിത്തമോ ലഭിക്കില്ലെന്ന് ഉറപ്പായതോടെ കേരളത്തെ സ്വന്തം അധീനതയിലാക്കി ബംഗാള്‍ മോഡല്‍ ഭരണം നടത്താമെന്നാണ് സിപിഎം വ്യാമോഹിക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ വിഘടനവാദത്തിലേക്ക് കൊണ്ടുവരുന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ശ്രമങ്ങളെ തുറന്നുകാട്ടുകയും, ഗവര്‍ണറുടെ ഭരണഘടനാപരവും നിയമപരവുമായ നിലപാടുകളെ പൂര്‍ണമായി പിന്തുണയ്ക്കുകയുമാണ് ഇന്നത്തെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: