കൊല്ലം: സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഒരു റാംപ് നിര്‍മിച്ചാല്‍ കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമായി എന്നാണ് പ്രചാരണം. എന്നാല്‍ ജില്ലയിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും റാംപുപോലും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഒട്ടേറെ സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന കൊല്ലം സിവില്‍ സ്റ്റേഷന് തന്നെ വലിയ തെളിവാണ്. ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമായ ജില്ലാ കളക്ട്രേറ്റിലും ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഇവിടെ ലിഫ്റ്റുണ്ടെങ്കിലും ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിപ്പിക്കാറില്ല. ഏറെ പ്രയാസപ്പെട്ടുവേണം ഭിന്നശേഷിക്കാര്‍ക്ക് മുകള്‍ നിലകളിലെ വിവിധ ഓഫീസുകളില്‍ എത്തിപ്പെടാന്‍.
കളക്ട്രേറ്റിലെ ലിഫ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയും മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നത്. കളക്ട്രേറ്റില്‍ എത്തുന്ന പ്രായമുള്ളവരും ഭിന്നശേഷിക്കാരും മുകളിലത്തെ നിലകളിലെ ഓഫീസുകളില്‍ എത്തുന്നത് വളരെ പ്രയാസപ്പെട്ടാണ്. ജില്ലാ കളക്ട്രേറ്റിലെ ഒന്നാംനിലയിലേക്ക് വീല്‍ച്ചെയര്‍ ഉള്‍പ്പെടെ കയറ്റാന്‍ പറ്റുന്നവിധത്തില്‍ റാംപുണ്ടാക്കണമെന്നാണ് ഭിന്നശേഷിക്കാരുടെ ആവശ്യം.
ഏറ്റവും താഴത്തെ നിലയില്‍ പോലും റാംപില്ല. പടികള്‍ കടന്നുവേണം ഇവിടേക്ക് കയറാന്‍. ജില്ലാ സപ്ലൈ ഓഫീസ്, ആര്‍ടിഒ ഓഫീസ്, എക്സൈസ് ഓഫീസ്, കോടതികള്‍, ജില്ലാ കളക്ടറുടെ ആസ്ഥാനം, നിരവധി ഓഫിസുകള്‍ എന്നിവ ഇവിടെയാണ്. നടക്കാന്‍ പ്രയാസമുള്ളവര്‍ക്കും കാഴ്ചയില്ലാത്തവര്ക്കുമെല്ലാം വലിയ വെല്ലുവിളിയാണ് പടിക്കെട്ടുകള്‍. സപ്ലൈ ഓഫീസിലും മറ്റും വരുന്ന ഭിന്നശേഷിക്കാര്‍ക്ക് ഓഫീസിലേക്ക് കയറാന്‍ കഴിയാതെ വരുമ്പോള്‍ ജീവനക്കാര്‍ പുറത്തേക്ക് ഇറങ്ങിവരേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലേക്ക് പടികള്‍ മാത്രമാണുള്ളത്. നോര്‍ക്ക ഓഫിസ്, കൊവിഡ് കണ്ട്രോള് റൂം ഉള്‍പ്പെടെയുള്ളവ രണ്ടാമത്തെ നിലയിലാണ്. ഇവിടെ ലിഫ്റ്റ് സൗകര്യമില്ല. ഭിന്നശേഷിക്കാര്‍ക്ക് മാത്രമല്ല, പ്രായമായര്‍ക്കും ദുരിതമാണിത്. കൊല്ലം താലൂക്ക് സപ്ലെ ഓഫീസിലും റാംപ് സൗകര്യവുമില്ല. ലിഫ്റ്റ് സൗകര്യവുമില്ല. സബ് ട്രഷറികളിലെയും ജില്ലാപഞ്ചായത്ത് അടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്ഥിതിയും വ്യത്യസ്തമല്ല.
പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നിട്ടും ഭിന്നശേഷിക്കാരെ അവഗണിക്കുകയാണ്. മിക്ക സര്‍ക്കാര്‍ ഓഫീസുകളും റാംപില്‍ സൗകര്യം ഒതുക്കുകയാണ് പതിവ്. അതും ഒരുനിലയില്മാത്രം. ലിഫ്റ്റുകളുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ ജില്ലയില്‍ തീരെയില്ലെന്നുതന്നെ പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: