പാലാ: പാലാ നഗരത്തിലും പരിസരപ്രദേശങ്ങളിലും ന്യൂജനറേഷന് ബൈക്കുമായി അഭ്യാസത്തിനിറങ്ങുന്ന കൗമാരക്കാരെയും യുവാക്കളെയും പിടികൂടി കര്‍ശന നിയമനടപടി സ്വീകരിക്കുന്നതിനായി പാലാ പോലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷന് വീലി’ യുടെ ആദ്യദിനത്തില്‍ 252 ഇരുചക്ര വാഹനങ്ങള്‍ പോലീസ് പരിശോധിച്ചു. 118 വാഹനങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. 90 പേര് പിഴയടച്ചു. അഞ്ച് പഞ്ചായത്ത്, പാലാ നഗരസഭ പരിധിയിലുമായിരുന്നു പരിശോധന. ഒരു രേഖയുമില്ലാത്ത ഒരു ബൈക്ക് പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് നീക്കി.
അമിതവേഗതയില്‍ വാഹനമോടിച്ച 5 പേര്‍ക്കെതിരെയും ഹെല്‍മറ്റില്ലാതെ വന്ന 12 പേര്‍ക്കെതിരെയും പെറ്റിക്കേസെടുത്തു. പാലാ സിഐ കെ.പി. ടോംസന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന് വീലിയില്‍ ട്രാഫിക് എസ്ഐ ജോര്‍ജ്ജ് ജോസഫ്, സ്റ്റേഷന് പ്രിന്‍സിപ്പല്‍ എസ്ഐ എം.ഡി. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
2022 ജനുവരി 1 മുതല്‍ ഫെബ്രുവരി 19 വരെ തീയതികള്‍ക്കിടയില്‍ പാലാ പോലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം 37 വാഹനാപകടങ്ങളാണ് ഉണ്ടായത്. 4 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. അപകടത്തില്‍പെട്ട 37 വാഹനാപകടങ്ങളില്‍ 34 എണ്ണവും ഇരുചക്രവാഹനങ്ങളായിരുന്നു. 22 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ പാലാ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഓപ്പറേഷന് വീലിയെന്ന പദ്ധതിക്ക് രൂപം നല്‍കിയത്.വാഹന പരിശോധന തുടരുമെന്നും ഇക്കാര്യത്തില്‍ എല്ലാവരും സഹകരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: