തിരുവനന്തപുരം: പിണറായി സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ്മുഹമ്മദ്ഖാനെതിരെ ചെളിവാരിയെറിയുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍ പക്ഷെ കേന്ദ്രമന്ത്രി പദം വലിച്ചെറിഞ്ഞ ആദര്‍ശവാദിയായ ആരിഫ്ഖാനെ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.
ഖജനാവിലെ പണമെടുത്ത് ഗവര്‍ണര്‍ മൂന്നാര്‍ സന്ദര്‍ശിച്ചു എന്നാണ് മുന്‍മന്ത്രി എം.എം. മണി പുച്ഛിച്ചത്. ഗവര്‍ണര്‍ ഇസ്ലാം മത വിശ്വാസിയല്ലെന്നാണ് മുസ്ലിംലീഗ് കഴിഞ്ഞ ദിവസം ആരോപിച്ചത്. 17 സ്റ്റാഫുകളുമായി ഗവര്‍ണര്‍ മന്ദിരത്തില്‍ സുഖിക്കുന്ന വ്യക്തിയായാണ് സിപി ഐ നേതാവ് കാനം രാജേന്ദ്രന് ആരിഫ് മുഹമ്മദ്ഖാനെക്കുറിച്ച് വര്‍ണ്ണിച്ചത്. കഴിഞ്ഞ ദിവസം ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞതുപോലെ ആരിഫ് മുഹമ്മദ് ഖാനോട് കളിക്കിറങ്ങും മുന്‍പ് പിണറായി ഇഎംഎസിനെ പഠിക്കണം എന്ന് പറഞ്ഞതാണ് ശരി. ഷബാനു കേസില്‍ വ്യക്തമായ നിലപാട് സ്വീകരിച്ച് രാജീവ് മന്ത്രി സഭയില്‍ രാജിവെച്ച ആരീഫിനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആദര്‍ശ പുരുഷന് എന്നാണ് ഇഎംഎസ് അന്ന് വിശേഷിപ്പിച്ചത്.
ആരിഫ് മുഹമ്മദ് ഖാന് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോഴാണ് ഷാ ബാനു കേസ് വരുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ഷാബാനു 1978ല്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി. വിവാഹമോചനത്തിന് ശേഷം തനിക്ക് ഭര്‍ത്താവ് ചെലവിന് നല്‍കണമെന്നാവശ്യപ്പെട്ട് ഷാ ബാനു സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഷാ ബാനുവിന് ജീവനാംശം നല്കാന് സുപ്രീംകോടതി വിധിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് വിവാഹമോചനം നേടിയ ഒരു മുസ്ലിം സ്ത്രീക്ക് ജീവനാംശം നല്‍കണമെന്ന ചരിത്ര വിധി ഉണ്ടായത്. എന്തിനും ഏതിനും സ്ത്രീയെ മൊഴിചൊല്ലാമെന്ന സ്ഥിതി മാറ്റിമറിക്കുന്ന വിധി.
പക്ഷെ മുസ്ലിം സമുദായത്തില്‍ നിന്നും വിധിയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നു. ഈ സുപ്രിംകോടതി വിധി ഖുറാന് നിയമങ്ങള്‍ക്ക് എതിരാണെന്ന വ്യാഖ്യാനം മുസ്ലിം പണ്ഡിതര്‍ ഉയര്‍ത്തി. മുഖം രക്ഷിക്കാന്‍ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് ഒരു വളഞ്ഞ വഴി കണ്ടെത്തി. വിവാഹമോചനം നേടിയ സ്ത്രീക്ക് സ്ത്രീയുടെ ബന്ധുക്കളോ അതല്ലെങ്കില്‍ വഖഫ് ബോര്‍ഡോ ചെലവിന് കൊടുക്കണമെന്ന രീതിയില്‍ കോണ്‍ഗ്രസ് ഒരു നിയമം കൊണ്ടുവന്നു. മുസ്ലിം പേഴ്സണല്‍ ലോ ബില്‍ (മുസ്ലിം വ്യക്തിഗത നിയമ ബില്‍). മുസ്ലിം സ്ത്രീക്ക് ചെലവിനുള്ള പണം മൊഴിചൊല്ലിയ ഭര്‍ത്താവില്‍ നിന്നും കിട്ടാനുള്ള മാര്‍ഗ്ഗമാണ് ഇത് വഴി കോണ്‍ഗ്രസ് അടച്ചുകളഞ്ഞത്. കവിയും നോവലിസ്റ്റുമായ മകരന്ദ് പരാഞ്ജ്പേ അന്ന് പറഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വ്യാജമതേതരമുഖം വെളിവായി എന്നാണ്. പ്രമുഖ അഭിഭാഷകനായ രാംജെത് മലാനി പറഞ്ഞത് ന്യൂനപക്ഷ പ്രീണനത്തിനായി നടത്തിയ പിന്തിരിപ്പന് പരിഷ്കരണ വിരോധം എന്നാണ്. ഉല്പതിഷ്ണുവായ ആരിഫ് ഖാന് ഇത് സഹിക്കാവുന്നതില്‍ അധികമായിരുന്നു. അദ്ദേഹം ഈ നീക്കത്തെ ശക്തിയുക്തം എതിര്‍ത്തു. രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിട്ട് കൂടി ഇദ്ദേഹം കേന്ദ്ര മന്ത്രിസ്ഥാനവും വലിച്ചെറിഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥി നേതാവായാണ് ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയനില്‍ 1972-73 കാലത്ത് പ്രസിഡന്റായിരുന്നു. അതിന് മുമ്പിലത്തെ വര്‍ഷം സെക്രട്ടറിയായിരുന്നു. 26ാം വയസ്സില്‍ ഉത്തര്‍പ്രദേശില്‍ നിന്നും നിയമസഭാ അംഗമായി മാറി. പിന്നീട് ജനതാദളില്‍ ചേര്‍ന്ന അദ്ദേഹം 1989ല്‍ ലോക്സഭാംഗമായി. അന്നും അദ്ദേഹം കേന്ദ്ര വ്യോമയാന-ഊര്‍ജ്ജ മന്ത്രിയായിരുന്നു. എന്നാല്‍ പിന്നീട് ജനതാദള്‍ വിട്ട് ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍(ബിഎസ്പി) ചേര്‍ന്ന അദ്ദേഹം ബഹ്റൈചയില്‍ നിന്നും 1998ല്‍ ലോക്സഭാംഗമായി. 1984 മുതല്‍ 1990 വരെ കേന്ദ്രമന്ത്രിയായിരുന്നു.
ആധുനിക വിദ്യാഭ്യാസം നേടിയ ആരിഫ് മുഹമ്മദ് ഖാന് ഇസ്ലാമിലെ പരിഷ്കരണങ്ങളില്‍ താല്പര്യം ഏറെയായിരുന്നു. മുസ്ലിം സമുദായത്തെ പിന്തിരപ്പന്‍ മതചട്ടക്കൂടില്‍ നിന്നും മോചിപ്പിച്ച് ആധുനിക മനുഷ്യനാക്കി മാറ്റാനായിരുന്നു അദ്ദേഹം വാദിച്ചത്. മുത്തലാഖിനെ അങ്ങേയറ്റം എതിര്‍ത്ത വ്യക്തിയായിരുന്നു ഖാന്. മുത്തലാഖ് ചെയ്തയാള്‍ക്ക് മൂന്ന് വര്‍ഷമെങ്കിലും തടവ് ശിക്ഷ നല്‍കണമെന്ന് അദ്ദേഹം വാദിച്ചു. വിവിധ ബൗദ്ധിക സംഘടനകളിലെ സജീവാംഗമാണ്. നിരവധി പുസ്തകങ്ങള്‍ രചിച്ചു. ശാരീരികവൈകല്യമുള്ളവര്‍ക്ക് സമര്പ്പണ് എന്ന പേരില്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നതില്‍ ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ ആരിഫ് ഖാനും വ്യാപൃതരാണ്. ഇദ്ദേഹം രചിച്ച ‘വചനവും സന്ദര്‍ഭവും: ഖുറാനും സമകാലിക വെല്ലുവിളികളും’ (Text and Context: Quran and Contemporary Challenges) എന്ന 2010ല്‍ രൂപ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ബെസ്റ്റ് സെല്ലറാണ്. ഇസ്ലാമിനെയും സൂഫിസത്തെയും കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: