ചിദംബരം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ഒരു ദളിത് സ്ത്രീയെ അധിക്ഷേപിച്ചു എന്ന കാരണം പറഞ്ഞ് 20 ചിദംബരം പൊതു ദീക്ഷിതര്‍മാര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ്ഗ പീഡനനിരോധന നിയമപ്രകാരം കേസെടുത്തിരിക്കുകയാണ് ഡിഎംകെ സര്‍ക്കാര്‍. ഇതൊരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കരുതുന്നത്. പിന്നില്‍ ചിദംബരം ക്ഷേത്രത്തിലെ തന്നെ പൂജാരിമാരില്‍ ഒരു വിഭാഗമുണ്ട്. ഈ ക്ഷേത്രം പിടിച്ചെടുക്കാന്‍ വളരെക്കാലമായി ആഗ്രഹിച്ചിരുന്നു ഡിഎംകെയുടെ മോഹങ്ങളുണ്ട്.
പൂജാരിമാര്‍ക്കെതിരെ ഇത്തരം ആരോപണങ്ങളുയര്‍ത്തി ചിദംബരം ക്ഷേത്രം സര്‍ക്കാരിന്റെ ക്ഷേത്രനടത്തിപ്പ് വകുപ്പിലേക്ക് അടര്‍ത്തിക്കൊണ്ടുപോകാനാണ് ശ്രമം.
നടരാജ ശിവന്‍ ആനന്ദ നൃത്തമാടിയ ചിദംബരം
തമിഴ്‌നാട്ടിലെ ഓരോ പ്രധാന നഗരങ്ങളിലും നൂറ്റാണ്ട് പഴക്കമുള്ള ഒരു പഴയ ക്ഷേത്രമെങ്കിലും ഉണ്ട്. ഇത്തരം പഴയ പ്രൗഢഗംഭീരക്ഷേത്രങ്ങളില്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ ദിവസേന എത്താറുമുണ്ട്. അങ്ങിനെ ഒരു ക്ഷേത്രമാണ് ചിദംബരത്തിലെ നടരാജക്ഷേത്രവും. വാസ്തുശില്‍പിയായ വിശ്വകര്‍മ്മാവ് തില്ലൈ മരങ്ങളുടെ ഒരു കാട്ടിനകത്ത് പണികഴിപ്പിച്ചതാണ് ചിദംബരം ക്ഷേത്രം എന്ന് പറയുന്നു. പതഞ്ജലി മഹര്‍ഷിയില്‍ നിന്നും ചിദംബര രഹസ്യം അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചത്.അത്യത്ഭുതകരമായ വാസ്തുശില്‍പകലയില്‍ വിരിഞ്ഞ ക്ഷേത്രമാണ് ചെന്നൈയില്‍ നിന്നും 141 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന ചിദംബരം ശിവക്ഷേത്രം. ലോകത്തിലെ ഏറ്റവും കരുത്തുറ്റ ശിവക്ഷേത്രം എന്നാണ് ചിദംബരം ശിവക്ഷേത്രം അറിയപ്പെടുന്നത്.
ചിദംബരം ക്ഷേത്രത്തിന്റെ പരമ്പരാഗത അധികാരികളാണ് ചിദംബരം ദീക്ഷിതര്‍. ആരാണ് ദീക്ഷിതര്‍മാര്‍ എന്നറിയണമെങ്കില്‍ ചിദംബരം ക്ഷേത്രക്കുറിച്ചുള്ള ഐതിഹ്യം അറിയണം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതഞ്ജലി, വൈയാഗ്രപാദ എന്നിവരുടെ തപസ്സിന്റെയും യാചനയുടെയും ഫലമായി ശിവന്‍ ചിദംബരത്തില്‍ പ്രത്യക്ഷപ്പെട്ടു. ദേവിയായ പാര്‍വ്വതിയും 3,000 ഭൂതഗണങ്ങളുമൊത്താണ് ശിവന്‍ എത്തിയത്. തുടര്‍ന്ന് അദ്ദേഹം തന്റെ അഞ്ച് കഴിവുകള്‍ കാണിച്ചുകൊടുക്കാനായി ആനന്ദ താണ്ഡവനൃത്തം ആരംഭിച്ചു. സൃഷ്ടി, സ്ഥിതി, സംഹാരം, ആത്മാവിന്റെ പാപവിമുക്താവസ്ഥ ഒളിപ്പിച്ചുവെയ്‌ക്കല്‍, തുറന്നു കാട്ടല്‍ എന്നിങ്ങനെ അഞ്ച് കഴിവുകളാണ് ശിവനുള്ളത്. താണ്ഡവനൃത്തത്തിന് ശേഷം ഭൂതഗണങ്ങളോട് ചിദംബരത്തില്‍ തന്നെ നിലകൊണ്ട് തന്നെ ശിവ നടരാജ (നൃത്തത്തിന്റെ രാജാവ്) ആയി ആരാധിക്കാനും കല്‍പിച്ചു. ഒപ്പം പാര്‍വ്വതി ദേവിയെ ശിവഗാമി സുന്ദരിയായി കൂടെ ആരാധിക്കാനും പറഞ്ഞു. ദീക്ഷിതര്‍മാര്‍ ശിവന്റെ ആ ഭൂതഗണങ്ങളാമെന്നാണ് സങ്കല്‍പം. ഇപ്പോള്‍ 420 ദീക്ഷിതര്‍ പരോഹിതര്‍ ഉണ്ടെന്ന് കരുതുന്നു.
ആരാണ് ചിദംബര ദീക്ഷിതര്‍?
വേദങ്ങളും യജ്ഞങ്ങളും പഠിച്ച ബ്രാഹ്മണന്മാരായ ചിദംബരത്തിലെ നടരാജക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റിമാരാണ് ചിദംബര ദീക്ഷിതര്‍. കേരളത്തിലെ നമ്പൂതിരിമാരെപ്പോലെ മുന്‍പിലായി കുടുമകെട്ടുന്ന സ്വഭാവക്കാരാണ്. ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെ സ്വാധീനം വര്‍ധിച്ചുവന്നതോടെ വടക്കേയിന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് ദക്ഷിണേന്ത്യയില്‍ കുടിയേറിയ ബ്രാഹ്മണരിലാണ് ചിദംബര ദീക്ഷിതരുടെ വേരുകള്‍.
ദീക്ഷിതര്‍മാരുടെ സമര്‍പ്പണമനോഭാവം ഏഴാം നൂറ്റാണ്ടില്‍ ശൈവസന്യാസിയാ അപ്പരും എട്ടാം നൂറ്റാണ്ടില്‍ സുന്ദരാരും വാഴ്‌ത്തിയിട്ടുണ്ട്. കറയില്ലാത്ത വ്യക്തികള്‍ എന്നാണ് 14ാം നൂറ്റാണ്ടിലെ തമിഴ് കവി ഉമാപതി ശിവചാരിയാര്‍ പറഞ്ഞത്. ശുഷ്‌കാന്തിയോടെ പൂജ ചെയ്യുകയും ക്ഷേത്രത്തിലെ വരവിനെ കൃത്യതയോടെ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ദീക്ഷിതര്‍മാരെ 13ാം നൂറ്റാണ്ടിലെ മാരവര്‍മ്മന്‍ സൂന്ദര പാണ്ഡ്യന്‍ എന്ന രാജാവ് ശ്ലാഘിച്ചിട്ടുണ്ട്.
മികച്ച രീതിയിലാണ് ചിദംബരത്തിലെ നടരാജക്ഷേത്രം ദീക്ഷിതര്‍മാര്‍ നടത്തിവരുന്നത്. ഇത് എല്ലാക്കാലത്തും ഹിന്ദു വിരുദ്ധ ഡിഎംകെ സര്‍ക്കാരില്‍ രോഷമുണര്‍ത്തിയിരുന്നു. ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡൊവ്‌മെന്‍റ്സ് വകുപ്പാണ്(എച്ച്ആര്‍സിഇ) തമിഴ്‌നാട്ടില്‍ ഹിന്ദുക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതല കയ്യടക്കിവെച്ചിരിക്കുന്നത്. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴെ എച്ച്ആര്‍സിഇയുടെ കീഴിലേക്ക് ചിദംബരം ക്ഷേത്രത്തെ കൊണ്ടുവരുമെന്ന് അതിന്റെ ചുമതലയുള്ള മന്ത്രി പി.കെ. ശേഖര്‍ബാബു സൂചിപ്പിച്ചിരുന്നു.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി പറഞ്ഞ് ഒരു ദളിത് സ്ത്രീയെക്കൊണ്ട് പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢന നിരോധനിയമപ്രകാരമാണ് പരാതി കൊടുപ്പിച്ചിരിക്കുന്നത്. 20 ദീക്ഷിതര്‍ പൂജാരിമാര്‍ക്കെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് വ്യാജമായ പരാതിയാണെന്ന് ദീക്ഷിതര്‍ പൂജാരിമാര്‍ പറയുന്നു.
ദീക്ഷിതരിലെ വില്ലന്മാരായ അച്ഛനും മകനും
2019ല്‍ ക്ഷേത്രത്തില്‍ നടന്ന ഒരു സംഭവവും ഇപ്പോഴത്തെ പരാതിക്ക് പിന്നിലുണ്ടെന്ന് കരുതുന്നു. അന്ന് ദീക്ഷിതര്‍പൂജാരിമാരില്‍ ഒരാളായ ദര്‍ശന്‍ ഒരു ഭക്തയെ ചെരിപ്പുകൊണ്ടടിച്ച സംഭവമുണ്ടായി. ഇതേ തുടര്‍ന്ന് ദര്‍ശനും അദ്ദേഹത്തിന്റെ പിതാവ് ശക്തി ഗണേശ ദീക്ഷിതര്‍ക്കും മറ്റ് ദീക്ഷിതര്‍മാരോട് വിദ്വേഷമുണ്ടായി. പിന്നീട് ദര്‍ശനെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കുകയും ദുഷ്‌പെരുമാറ്റത്തിന് ക്ഷേത്രസമിതി പിഴ ചുമത്തുകയും ചെയ്തു. ചിദംബരം ക്ഷേത്രത്തിന് ചീത്തപ്പേരുണ്ടാക്കി എന്ന കാരണത്താലായിരുന്നു ഇത്.
ഇതോടെ മറ്റ് ദീക്ഷിതര്‍മാര്‍ക്കെതിരെ ഒരു കാരണം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു ദര്‍ശനും അദ്ദേഹത്തിന്റെ പിതാവ് ശക്തി ഗണേശ ദീക്ഷിതരും. കോവിഡ് മഹാമാരി വര്‍ധിച്ചതോടെ ക്ഷേത്രത്തിലെ ചിദംബല സഭയില്‍ (നിലത്ത് നിന്നും അല്‍പം ഉയരത്തി കെട്ടിയിട്ടുള്ള തറ) ദീക്ഷിതര്‍മാര്‍ മാത്രം കയറിയാല്‍ മതി എന്ന തീരുമാനം ക്ഷേത്ര അധികൃതര്‍ എടുത്തിരുന്നു. നേരത്തെ നടരാജസ്വാമിയുടെ ദര്‍ശനം ലഭിക്കാന്‍ ഭക്തരും ഈ ചിദംബല സഭയില്‍ കയറി നിന്ന് തൊഴുന്ന പതിവുണ്ടായിരുന്നു. കോവിഡ് മഹാമാരി ദുര്‍ബലമായതോടെ പഴയതുപോലെ ഭക്തര്‍ക്കെല്ലാം ചിദംബല സഭയില്‍ കയറിനിന്ന് സ്വാമി ദര്‍ശനം നടത്താന്‍ അവസരമുണ്ടാക്കണമെന്ന് ശക്തി ഗണേശ ദീക്ഷിതര്‍ വാദിച്ചു. എന്നാല്‍ ക്ഷേത്ര ഭരണസമിതി ഈ നിര്‍ദേശം തള്ളി. പിന്നീട് മറ്റൊരു തെറ്റ് ചെയ്തതിന്റെ പേരില്‍ ശക്തിഗണേഷിന്റെ മേല്‍ ക്ഷേത്രസമിതി പിഴ ചുമത്താനിടയായി. ഇതോടെ പക വര്‍ധിച്ചു. ശക്തി ഗണേഷും മകന്‍ ദര്‍ശനും ചേര്‍ന്ന് ക്ഷേത്രത്തില്‍ നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് മറ്റ് ദീക്ഷിതര്‍മാര്‍ പറയുന്നു. പൊതു ദീക്ഷിതര്‍മാരുടെ പ്രതിനിധിയായി മാധ്യമങ്ങളോട് സംസാരിക്കുന്ന അയ്യപ്പദീക്ഷിതര്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നതിങ്ങിനെ: ‘ശക്തി ഗണേഷും ദര്‍ശനും ചലി ക്ഷുദ്ര ശക്തികളുമായി കൈകോര്‍ത്ത് പൊതു ദീക്ഷിതരേയും ക്ഷേത്രത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്’.
ഗണേഷ് ദീക്ഷിതര്‍ മനപൂര്‍വ്വം നടത്തിയ ഗൂഢപദ്ധതി
കുറച്ച് ദിവസം മുന്‍പ് ഒരു ശിവഭക്തയെ കൂട്ട് പിടിച്ച് ഗണേഷ് ദീക്ഷിതര്‍ മനപൂര്‍വ്വം നടത്തിയ ഗൂഢപദ്ധതിയാണ് പൊതു ദീക്ഷിതര്‍മാര്‍ സ്ത്രീയെ അപമാനിച്ചു എന്ന പരാതി. നല്ല സ്വാമിദര്‍ശനം കിട്ടാന്‍ ഈ സ്ത്രീയെ ചിദംബല സഭയില്‍ കയറ്റാമെന്ന് പറഞ്ഞ് ഗണേഷ് ദീക്ഷിതര്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതുപോലെ ദര്‍ശനും ജയശീല എന്ന ഒരു യുവതിയെ കൂട്ടിക്കൊണ്ട് വന്ന് ചിദംബല സഭയില്‍ കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ മറ്റ് പൊതുദീക്ഷിതര്‍മാര്‍ എല്ലാവരും ചേര്‍ന്ന് ഈ സ്ത്രീയെ താഴെയിറക്കി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണെന്ന് പറയുകയും ചെയ്തു.
എന്നാല്‍ ക്ഷേത്രത്തില്‍ തൊട്ടുകൂടായ്മ നിലനിര്‍ക്കുന്നു എന്ന വ്യാഖ്യാനമാണ് ദര്‍ശന്‍ ഇതിന് നല്‍കിയത്. ദര്‍ശന്റെ സഹായത്തോടെയാണ് പട്ടികജാതിയില്‍പ്പെട്ട ഒരു സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. ആ സ്ത്രീ 20 ദീക്ഷിതര്‍മാര്‍ക്കെതിരെയും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഢന നിയമപ്രകാരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഈ പരാതി പൊതുദീക്ഷിതര്‍മാര്‍ നിഷേധിച്ചു. ‘ക്ഷേത്രത്തില്‍ യാതൊരു വിധ തൊട്ടുകൂടായ്മയും നിലനില്‍ക്കുന്നില്ല. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇവിടെ വരുന്നു. ഹിന്ദുക്കളിലെ എല്ലാ ജാതിയില്‍പ്പെട്ടവരും വരുന്നു. ആരോടും ഞങ്ങള്‍ മോശമായ ഭാഷയില്‍ സംസാരിക്കാറില്ല’- അയ്യപ്പ ദീക്ഷിതര്‍ പറയുന്നു.
‘ഭരണ കൗണ്‍സില്‍ അംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെ തീരുമാനപ്രകാരമാണ് കോവിഡ് നിയന്ത്രണം കാരണം ചിദംബല സഭയില്‍ ഭക്തരെ കയറ്റേണ്ടെന്ന് തീരുമാനിച്ചത്. ആരും ക്ഷേത്ര ഭരണത്തിലെ പൂജാ നിയമത്തിലോ കൈകടത്തരുതെന്ന് കോടതി ഉത്തരവുണ്ട്,’- അദ്ദേഹം പറയുന്നു.
ചിദംബരം ക്ഷേത്രം പിടിച്ചെടുക്കാന്‍ ദ്രാവിഡ സര്‍ക്കാരുകള്‍ നടത്തിയ ശ്രമങ്ങളുടെ ചരിത്രം
1951ല്‍ ചിദംബരം ക്ഷേത്രത്തെ സ്വകാര്യ നടത്തിപ്പില്‍ നിന്നും മോചിപ്പിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എച്ച്ആര്‍സിഇയ്‌ക്ക് കീഴിലാക്കാന്‍ ശ്രമം നടന്നു. ഉടനെ ദീക്ഷിതര്‍മാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഈ ക്ഷേത്രം ഒരു പ്രത്യേകമതവിഭാഗത്തിന്റെ ക്ഷേത്രമായതിനാല്‍ സര്‍ക്കാരിന് ഉടമസ്ഥാവകാശം എടുക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. പിന്നീട് ഫണ്ട് ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് 1982ല്‍ വീണ്ടും ക്ഷേത്രം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാന്‍ ശ്രമം നടന്നു.
വീണ്ടും ദീക്ഷിതര്‍മാര്‍ കോടതികളെ സമീപിച്ചു. 2009 മുതല്‍ 2014 വരെ ഒരു സര്‍ക്കാര്‍ പ്രതിനിധിയും ചിദംബരം ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായെത്തി. ക്ഷേത്രം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന ശ്രുതി പരന്നു. പക്ഷെ ദീക്ഷിതര്‍മാര്‍ സുപ്രിംകോടതിയില്‍ 2014ല്‍ കേസ് ജയിച്ചു. ഉടമസ്ഥാവകാശം സ്വന്തമാക്കി. അങ്ങിനെ 2009ല്‍ തമിഴ്നാട്ടിലെ ആയിരക്കണക്കിന് ഹിന്ദുക്ഷേത്രങ്ങല്‍ ബലമായി പിടിച്ചെടുത്തിരുന്ന ദ്രാവിഡസര്‍ക്കാരുകളുടെ പിടിയില്‍ നിന്നും ചിദംബരം ശിവക്ഷേത്രം രക്ഷനേടി. ഭരണം ദീക്ഷതര്‍മാരുടെ കൈകളിലായി. ഒടുവില്‍ സുപ്രീംകോടതിയില്‍ അനുകൂല വിധി ഉണ്ടായതിനെത്തുടര്‍ന്ന് പൊതുദീക്ഷിതര്‍മാര്‍ തന്നെ ക്ഷേത്രത്തിന്റെ നടത്തിപ്പ് കയ്യാളി. ഹിന്ദു വിരുദ്ധ ഡിഎംകെ സര്‍ക്കാരിന്റെ കണ്ണിലെ കരടാണ് ഇപ്പോഴും ചിദംബരം ക്ഷേത്രം. ഇക്കുറി തെരഞ്ഞെടുപ്പ് ജയിച്ചാല്‍ ചിദംബരം ക്ഷേത്രത്തെ സര്‍ക്കാര്‍ ഭരണത്തിന്റെ കീഴിലാക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചിരുന്നു. ‘തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ഈ ക്ഷേത്രത്തില്‍ പ്രത്യേക താല്‍പര്യമുണ്ടെന്നും ഉചിതമായ സമയത്ത് ഉചിതമായ നടപടിയെടുക്കുമെന്നാണ് എച്ച്ആര്‍സിഇ മന്ത്രി പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഡിഎംകെ ഔദ്യോഗികമായി അവരുടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ അതിനെ സ്വാഗതം ചെയ്തു.
ഹിന്ദുക്കളുടെ അവരുടെ വിരലുകള്‍കൊണ്ട് തന്നെ തോണ്ടി അസ്വാരസ്യം സൃഷ്ടിക്കല്‍ ഡിഎംകെയുടെയും മറ്റ് ദ്രാവിഡ സംഘടനകളുടെയും വിനോദമാണ്. ചിദംബരം ക്ഷേത്രത്തിലെ ഇപ്പോഴത്തെ വിവാദവും ഇതേ രീതിയിലുള്ളതാണ്. ദളിത് ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടും അവിടെ തൊട്ടുകൂടായ്മ അനുഭവിക്കുന്നുണ്ട്്. തങ്ങള്‍ക്ക് പ്രത്യേകം ആരാധനാക്രമം അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഡിഎംകെ സര്‍ക്കാര്‍ ഇത് കണ്ടതായേ നടിക്കുന്നില്ല. അതേ സമയം ബ്രഹ്മര്‍ക്കെതിരെ വെറുപ്പ് പരത്തിവിട്ട് ചിദംബരം ക്ഷേത്രം പിടിച്ചെടുക്കാന്‍ ഗൂഢപദ്ധതി ആസൂത്രണം ചെയ്യുന്നതിന് ഇവര്‍ക്ക് മടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: