Categories: Kerala

കെ- റെയില്‍: സാമൂഹ്യ- സാമ്പത്തിക- പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല; ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്ന് സുരേഷ് ഗോപി

Published by

കൊച്ചി: സംസ്ഥാനത്തിന്റെ ആവാസ വ്യവസ്ഥയെ കെ- റെയില്‍ തകര്‍ക്കുമെന്ന് സുരേഷ് ഗോപി എം.പി. ഇതു മൂലം ഉണ്ടാകുന്ന സാമൂഹ്യ- സാമ്പത്തിക- പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. എറണാകുളം സൗത്ത് മണ്ഡലത്തിലെ ബൂത്ത് 95 സമ്മേളനവും ദീനദയാല്‍ ഉപാദ്ധ്യായ സ്മൃതിദിനാചരണവും അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

2018ലെ ഓഖി ദുരന്തം മുതല്‍ കേരളം പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കുകയാണ്. ഇത്തരം കാര്യങ്ങളെ കുറിച്ചു കൂടി ചിന്തിച്ചു വേണം വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍. എല്ലാവിഭാഗം ജനങ്ങള്‍ക്കും ഗുണം ഉണ്ടാകുന്ന വികസന കാഴ്ചപ്പാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്. പ്രകൃതിയെ തോല്‍പ്പിച്ചുകൊണ്ട് ഒരു വികസനവും നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യമെന്നും സുരേഷ് ഗോപി പറഞ്ഞു.  

മുളന്തുരുത്തി യാക്കോബായ സഭ യാക്കോബൈറ്റ് ചര്‍ച്ച് കണ്‍വീനര്‍ ജോമോന്‍ ജോണ്‍, സാമുഹ്യ പ്രവര്‍ത്തക സുലഭ രാജന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചു. ബൂത്ത് 95 പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് ടി. പത്മകുമാരി,  ജന. സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക