സിദ്ധാര്‍ത്ഥ്
കേരളത്തിലെ പ്രശസ്ത ബാലസാഹിത്യകാരന്മാരായ കുഞ്ഞുണ്ണി മാഷ്, സുമംഗല, സിപ്പി പള്ളിപ്പുറം എന്നിവര്‍ക്ക് ശേഷം നിരവധി ബാലസാഹിത്യകാരന്മാര് കേരളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരില്‍ നിരവധി ബാല സാഹിത്യ കൃതികള്‍ രചിച്ച ബാലസാഹിത്യ മേഖലയില്‍ പ്രശസ്തി നേടിയ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ് സത്യന് താന്നിപ്പുഴ. കുട്ടികളുടെ മനസ്സില്‍ നന്മയുടെ പൂക്കള്‍ വിതറുന്ന കുട്ടികഥകളുടെ ചക്രവര്‍ത്തിയാണ് സത്യന് താന്നിപ്പുഴ. ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന് യേശുക്രിസ്തു മുതലാവരുടെ ഗുണപാഠ കഥകളാണ് അദ്ദേഹം കൂടുതലായി രചിച്ചിട്ടുള്ളത്.
എറണാകുളം ജില്ലയില്‍ ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ താന്നിപ്പുഴ തൂമ്പായില്‍ നാരായണന്റെയും പാര്‍വ്വതിയുടെയും മകനായി 1933 മാര്‍ച്ച് 20ന് ജനിച്ചു. ഒക്കല്‍ പ്രൈമറി സ്കൂളിലും കാഞ്ഞൂര്‍ സെന്റ്സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിലും വിദ്യാഭ്യാസം ചെയ്തു. പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്ന സത്യന് താന്നിപ്പുഴ സാഹിത്യ ലോകത്തേക്ക് വരുന്നത് ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ്.
ഒക്കല്‍ തച്ചയത്ത് നാരായണന് വൈദ്യര് മെമ്മോറിയല്‍ വായനശാല സ്ഥാപക പ്രസിഡന്റ്, ബാലസാഹിത്യ സമിതി (കൊടുങ്ങല്ലൂര്‍) വൈസ്പ്രസിഡന്റ്, ആശാന് സ്മാരക സാഹിത്യ വേദി (പെരുമ്പാവൂര്‍) വൈസ്പ്രസിഡന്റ്, ഗുരുദര്‍ശന കുടുംബയോഗം രക്ഷാധികാരി, ശ്രീനാരായണ സാഹിത്യ അക്കാദമി ജോയിന്റ് കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. ആകാശവാണിയിലും കുട്ടികള്‍ക്കുവേണ്ടി കഥകള്‍ അവതരിപ്പിക്കാറുണ്ട്.
സൗഹൃദം ലിറ്റററി സ്പെഷ്യല്‍ അവാര്‍ഡ്, ഗുരുചൈതന്യ അവാര്‍ഡ്, ആശാന്‍സ്മാരക സാഹിത്യ വേദി പുരസ്കാരം, ഗുരുദര്‍ശന അവാര്‍ഡ്, തൂമ്പായില്‍ ട്രസ്റ്റ് സാഹിത്യ അവാര്‍ഡ്, ബാലസാഹിത്യസമിതി പുരസ്കാരം, ഗുരുരത്നം അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മുഖ്യകൃതികള്‍: അമ്മൂമ്മയുടെ കോഴി, ആനപ്പാപ്പാന്‍, സ്വര്‍ണ്ണക്കടുക്കന്‍, അണ്ണാറക്കണ്ണനും പൂച്ചക്കുറിഞ്ഞിയും, കുഞ്ഞാറ്റക്കുരുവികള്‍, മിന്നാമിനുങ്ങും തവളയും, കുട്ടികളുടെ ശ്രീനാരായണഗുരുദേവന്‍, ഗുരുദേവന് കഥകളിലൂടെ, ഗുരുദേവന്റെ അത്ഭുതകഥകള്‍, സ്വാമി വിവേകാനന്ദ കഥകള്‍, ചെമ്മീന്റെ വിമാനയാത്ര, കുട്ടികള്‍ക്കുള്ള രസകരമായ കഥകള്‍, പല്ലിക്കുഞ്ഞും ചക്കിപ്പൂച്ചയും, എലിയുടെ സൂത്രം, പൂവും പൂമ്പാറ്റയും, ആമയും അരയന്നങ്ങളും, കുറുക്കന്റെ കൗശലം, ഗ്രാമത്തിലിറങ്ങിയ സിംഹം, പൂവമ്പഴത്തിന്റെ വിനോദയാത്ര, ആമിനയുടെ ആട്, എട്ടുകാലിയും തേനീച്ചയും, പൂച്ചക്കുഞ്ഞിന്റെ ആഗ്രഹങ്ങള്‍, അപ്പൂപ്പനും
പേരക്കുട്ടിയും, മണ്ണപ്പവും പഴത്തൊലിയും, പൂച്ചയ്ക്ക് മണികെട്ടി, നുണപറയാത്ത പെണ്‍കുട്ടി, കര്‍ഷകനും കോഴിയും, ആദിവാസി പറഞ്ഞ കഥ, മുത്തശ്ശിയുടെ ചിരി, ആട് വളര്‍ത്തിയ കുരങ്ങ്, കള്ളനും പൊലീസും കളിക്കാം, കോഴിക്കുഞ്ഞും തള്ളക്കോഴിയും, കുറുക്കനും ചക്കിപ്പരുന്തും, കാക്കക്കൂട്ടില്‍ കുയില്‍ക്കുഞ്ഞുങ്ങള്‍.
മഹേശ്വരിയാണ് സത്യന് താന്നിപ്പുഴയുടെ ഭാര്യ. മക്കള്‍ : ബൈജു, സതീശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: