കോഴിക്കോട് : ബാലുശ്ശേരിയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലില്‍ ജിനു കൃഷ്ണയുടെ ഭാര്യ കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില്‍ തേജാ ലക്ഷ്മി(18)യേയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
ഇക്കഴിഞ്ഞ ഒമ്പതിനായിരുന്നു ഇരുവരുടേയും രജിസ്റ്റര്‍ വിവാഹം നടന്നത്. ഇന്ന് രാവിലെ തേജാലക്ഷ്മി മുറിയില്‍ അനങ്ങുന്നില്ലെന്ന് ജിനു കൃഷ്ണ വിട്ടീലുള്ളവരെ അറിയിക്കുകയായിരുന്നു. കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയ നിലയിലായിരുന്നു തേജാ ലക്ഷ്മിയെന്ന് പോലീസ് അറിയിച്ചു. ആത്ഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഒമ്പതാം തിയതി രാവിലെ അഞ്ചര മണിയോടെ തേജാ ലക്ഷ്മിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വൈകുന്നേരം നാലരയോടെ ഇരുവരും സ്റ്റേഷനില്‍ ഹാജരായി രാവിലെ രജിസ്റ്റര്‍ വിവാഹം കഴിച്ചെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വരന്റെ ഇയ്യാട്ടുള്ള വീട്ടിലേക്ക് പോയതായും തേജാ ലക്ഷ്മിയുടെ ബന്ധുക്കള്‍ പറഞ്ഞു. വട്ടോളിയിലെ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന തേജാ ലക്ഷ്മിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ അവിടെനിന്നും വാങ്ങിയാണ് വിവാഹ രജിസ്ട്രേഷന് വേണ്ടി ജിനു കൃഷ്ണ ഹാജരാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ബാലുശ്ശേരി പോലീസ്, വിരലടയാള വിദഗ്ധര്‍, താമശ്ശേരി ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരേതനായ സുനിലിന്റെയും ജിഷിയുടേയും മകളാണ് തേജാ ലക്ഷ്മി. സഹോദരങ്ങള്‍: അക്ഷയ, വിശാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: