ന്യൂദല്‍ഹി:കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കുന്ന സ്വഭാവക്കാരനാണ് പണ്ടേ അംബേദ്കര്‍ എന്ന ഇന്ത്യയുടെ ഭരണഘടനാശില്പി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഉല്പതിഷ്ണുത്വം നിറഞ്ഞ മനസ്സില്‍ മുളപൊട്ടിയ ബുര്‍ഖയെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹം 1945ല്‍ എഴുതിയ പാകിസ്ഥാന് ഓര് ദ പാര്ട്ടീഷന് ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. അതിലെ ചില ചിതറിയ ചിന്തകള്‍:
മുസ്ലിം സ്ത്രീകളെ തടവിലിടുന്ന ഒന്നാണ് ബുര്‍ഖയെന്ന് അംബേദ്കര്‍ പറയുന്നു. ഹിന്ദുക്കളിലുള്ളതുപോലെ മുസ്ലിങ്ങളിലും എല്ലാ സാമൂഹ്യ തിന്മകള് ഉണ്ടെന്നും എന്നാല്‍ മുസ്ലിങ്ങളില്‍ ഇതില്‍ കൂടുതലായി ചിലതുണ്ടെന്നും അംബേദ്കര്‍ എഴുതിയിട്ടുണ്ട്. അതില്‍ ഒന്നാണ് ബുര്‍ഖ. പര്‍ദ്ദ സംവിധാനം മുസ്ലിം സ്ത്രീകളെ സമൂഹത്തില്‍ വേര്‍തിരിക്കുന്നു. ഒറ്റപ്പെടുത്തുന്നു. – അംബേദ്കര്‍ കുറിയ്ക്കുന്നു.
സ്ത്രീകള്‍ പുറത്തോ, വരാന്തയിലോ തോട്ടത്തിലോ സന്ദര്‍ശിക്കില്ല. എപ്പോഴും വീടിന്റെ പിന്നാമ്പുറത്താണ് അവരുടെ സ്ഥാനം. അവരുടെ സാന്നിധ്യത്തില്‍ ഒരു പുരുഷ ജോലിക്കാരന് പോലും അവിടെ പണിയെടുക്കില്ല. തന്റെ മക്കളെയും ഭര്‍ത്താവിനെയും സഹോദരനെയും അച്ഛനെയും അമ്മാവന്മാരെയും അടുത്ത ബന്ധുക്കളേയും മാത്രമേ പര്‍ദ്ദ ധരിച്ച സ്ത്രീയെ കാണാന്‍ അനുവദിക്കു. പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ സ്ത്രീക്ക് അവകാശമില്ല. പുറത്ത് പോകുമ്പോള്‍ ബുര്‍ഖ ധരിയ്ക്കണം. തെരുവിലൂടെ നീങ്ങളും ബുര്‍ഖ ധരിച്ച സ്ത്രീകള്‍ ഭീതിപ്പെടുത്തുന്ന കാഴ്ചയാണ് ഇന്ത്യയില്‍.- അംബേദ്കര്‍ എഴുതുന്നു.
ബുര്‍ഖ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യത്തിന് വരെ കാരണമാവുന്നു. അവര്‍ പലപ്പോഴും രക്തക്കുറവിനും ക്ഷയരോഗത്തിനും പാത്രമാവുന്നു. എല്ലാ എല്ലുകളും വേദനിക്കും. ഹൃദയമിടിപ്പ് അവരില്‍ ഉയര്‍ന്ന് കേള്‍ക്കാം. പലപ്പോഴും ബുര്‍ഖാധാരണം മൂലം അവരുടെ നട്ടെല്ല് വളയുന്നു. എല്ലുകള്‍ തൂങ്ങുന്നു. കൈകാലുകള്‍ വളയുന്നു. വസ്തിപ്രദേശത്തുള്ള അസ്വാരസ്യങ്ങള്‍ പ്രസവസമയത്ത് ചിലപ്പോള്‍ മരണത്തിന് വരെ കാരണമാവുന്നു.- അംബേദ്കര്‍ മറ്റൊരിടത്ത് കുറിയ്ക്കുന്നു.
മറ്റു സമുദായങ്ങളിലെ പെണ്‍കുട്ടികളില്‍ നിന്നും അവര്‍ പിറകിലാവുന്നു. പുറത്തെ കളികളിലും മറ്റ് വ്യാപാരങ്ങളിലും അവര്‍ക്ക് ഏര്‍പ്പെടാന്‍ കഴിയില്ല. വീടിന്റെ നാലു ചുമരുകള്‍ക്ക് പുറത്ത് അവരെ മറ്റൊന്നിലും താല്‍പര്യമില്ലാത്തവരാക്കി പര്‍ദ്ദ മാറ്റുന്നു. അവര്‍ അടിമമനോഭാവവും അപകര്‍ഷതോബോധവും കൊണ്ട് തകരുന്നു. പര്‍ദ്ദ ധരിക്കുന്ന സ്ത്രീകള്‍ ജീവിതത്തില്‍ ഭീരുവായിത്തീരുന്നു. ജീവിതത്തില്‍ സമരം ചെയ്യാന്‍ പലപ്പോഴും കഴിവില്ലാത്തവരാകുന്നു.- അംബേദ്കര്‍ എഴുതുന്നു. –
പര്‍ദ്ദ പലപ്പോഴും സ്ത്രീയെ മറ്റ് പുരുഷന്മാരില് നിന്നും വേര്‍തിരിച്ചുനിര്‍ത്താനും കൂടി ഉദ്ദേശിച്ചുള്ളതാണ്. ലൈംഗികതയോടുള്ള ആഴത്തില്‍ വേരൂന്നിയ സംശയവും പര്‍ദ്ദയുടെ ജനനത്തിന് പിന്നിലുണ്ട്. ഇത് മുസ്ലിം പുരുഷന്മാരിലെ സന്മാര്ഗ്ഗികതയെ ബാധിക്കുന്നു. ബുര്‍ഖ പലപ്പോഴും സമൂഹത്തില്‍ ഹിന്ദുവിനെയും മുസ്ലിങ്ങളെയും ശക്തമായി വേര്‍തിരിച്ചുനിര്‍ത്തുന്നു. ഇത് ഇന്ത്യയുടെ പൊതുജീവിതത്തിലെ ശാപമാണ്. ഇതിനെ ഇല്ലാതാക്കാന്‍ മുസ്ലിങ്ങളില്‍ നിന്നും ഒരു ശ്രമവും ഉണ്ടായതായി തെളിവില്ല.- അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു.
(അംബേദ്കര്‍ 1945ല്‍ എഴുതിയ പാകിസ്ഥാന് ഓര് ദ പാര്ട്ടീഷന് ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ നിന്നുള്ളത്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: