കൊട്ടാരക്കര: അന്യമാകുന്ന കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചറിഞ്ഞ് കുഞ്ഞുകരങ്ങളിലൂടെ കൃഷിയെ തിരികെ എത്തിക്കുകയാണ് പഴിഞ്ഞം എല്‍പിഎസിലെ കാര്‍ഷിക ക്ലബ്ബിലെ കൂട്ടുകാര്‍. ‘പാഠം ഒന്ന് പാടത്തേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷിക പാരമ്പര്യത്തെ അടുത്തറിയാനും മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കാന്‍ പഠിപ്പിക്കാനുമുള്ള ഭക്ഷ്യസുരക്ഷയുടെ ആദ്യ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കിയത്.
40 സെന്റ് പാടത്ത് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിതച്ച നെല്‍വിത്തുകളുടെ കൊയ്‌ത്തുത്സവം നടന്നു. ജ്യോതി ഇനത്തില്‍പ്പെട്ട വിത്തിനത്തില്‍ നിന്നും നൂറുമേനി വിളവാണ് ലഭിച്ചത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും അധ്യാപകരുടെയും പൗരപ്രമുഖരുടെയും നേതൃത്വത്തില്‍ നടന്ന കൊയ്‌ത്തുത്സവത്തില്‍ നാടന്‍പാട്ടുകളുമായും നെല്ല് കൊയ്തെടുത്തും കുട്ടികളും പങ്കാളികളായി.
പിന്നിട്ട വര്‍ഷങ്ങളിലെ അനുഭവസമ്പത്തുമായി അതിജീവനത്തിന്റെ ഈ കാലത്ത് ഇത്തരം കൊയ്തുത്സവങ്ങളിലൂടെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞതായി അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിക്കാനാണ് കാര്‍ഷിക ക്ലബ്ബിലെ അംഗങ്ങളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: