തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം ഗവർണർ നടത്തുമ്പോൾ ഭരണപക്ഷത്തിന് പോലും അഭിനന്ദിക്കാൻ സാധിക്കാത്തത് സർക്കാരിന് ഒരു നേട്ടവുമുണ്ടാക്കാനാവാത്തത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി സർക്കാർ പൂർണ പരാജയമാണെന്ന് ഇടതുപക്ഷത്തെ എംഎൽഎമാർക്ക് ബോധ്യമായതു കൊണ്ടാണ് നിയമസഭയിൽ കയ്യടികൾ ഉയരാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തം പിടിപ്പുകേട് മറയ്ക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തെ പഴിചാരുകയാണ്. കേന്ദ്രസർക്കാരിന്റെ സഹായം ഉള്ളതു കൊണ്ട് മാത്രമാണ് കേരളത്തിൽ പട്ടിണിയില്ലാതെ പോയത്. കൊവിഡ് കാലത്ത് കേന്ദ്രം ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചത് കേരളത്തിനാണ്. ജിഎസ്ടി നഷ്ടപരിഹാര തുകയും മറ്റ് സഹായങ്ങളും കൃത്യമായി ലഭിച്ചുവെങ്കിലും സംസ്ഥാനത്തിന് അത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചില്ല. സംസ്ഥാന ധനകാര്യ വകുപ്പിന് നികുതി പരിക്കാൻ പോലും കഴിവില്ലാത്തതിന് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്രഫണ്ടുകൾ വഴിമാറ്റി ചിലവഴിക്കാനാണ് പിണറായി സർക്കാരിന് താത്പര്യമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധത്തിലാവുമ്പോഴൊക്കെ അദ്ദേഹത്തെ സഹായിക്കുന്ന ജോലിയാണ് വിഡി സതീശൻ ചെയ്യുന്നത്. ഗവർണറെ ഗോബാക്ക് വിളിക്കുന്ന തരത്തിലേക്ക് അധപതിച്ച പ്രതിപക്ഷം സംസ്ഥാനത്തെ ജനങ്ങളെ നാണംകെടുത്തുകയാണ്. സർക്കാരിന്റെ അധികാര ദുർവിനിയോഗത്തെ ചോദ്യം ചെയ്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സർക്കാർ ഖജനാവ് കൊള്ളയടിക്കുന്ന കാര്യത്തിലും സഹകരണ മുന്നണിയായി മുന്നേറുകയാണ് യുഡിഎഫും എൽഡിഎഫുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: