റോം: അവസാന നിമിഷങ്ങളില്‍ റോബര്‍ട്ടോ ഫിര്‍മിനോയും മുഹമ്മദ് സലയും നേടിയ ഗോളുകളില്‍ ലീവര്‍പൂളിന് വിജയം. ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ടീമായ ഇന്റര്‍ മിലാനെ പരാജയപ്പെടുത്തി. 75-ാം മിനിറ്റിലാണ് ഫിര്‍മിനോ ലക്ഷ്യം കണ്ടത്. കളിയവസാനിക്കാന്‍ ഏഴു മിനിറ്റുളളപ്പോള്‍ മുഹമ്മദ് സലയും സ്‌കോര്‍ ചെയ്തു.
ആദ്യ പകുതിയില്‍ ഇന്റര്‍ മിലാനാണ് മികവ് കാട്ടിയത്. നിരന്തരം ലിവള്‍പുള്‍ ഗോള്‍മുഖം ആക്രമിച്ച അവര്‍ക്ക് ഒട്ടേറെ അവസരങ്ങളും ലഭിച്ചു. എന്നാല്‍ ഗോള്‍ നേടാനായില്ല. ആദ്യ പകുതിയില്‍ ശക്തമായി ചെറുത്തുനിന്ന ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ ആഞ്ഞടിച്ചു. ഇടവേളയ്‌ക്ക് ശേഷം പരിശീലകന്‍ ക്ലോപ്പ് നടത്തിയ നിര്‍ണായക മാറ്റമാണ് മത്സരഗതി മാറ്റിയത്. എഴുപത്തിയഞ്ചാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് എടുത്തു. ഒരു കോര്‍ണര്‍ കിക്ക് മുതലാക്കിയാണ് ഫിര്‍മിനോ ആദ്യ ഗോള്‍ നേടിയത്.
കളിയവസാനിക്കാന്‍ ഏഴു മിനിറ്റ്‌ശേഷിക്കെ മുഹമ്മദ് സല ലിവര്‍പൂളിന്റെ രണ്ടാം ഗോളും നേടി. 2019 ലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിന് രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ തോല്‍ക്കാതിരുന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാനാകും. ഇന്റര്‍ മിലാനും ലിവര്‍പൂളും തമ്മിലുള്ള രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മാര്‍ച്ച് എട്ടിന് ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: