കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ വീടിന് സമീപം ബോംബാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം കേവലം വിവാഹ ആഭാസമായി ചുരുക്കാന്‍ സിപിഎം നീക്കം. ബോംബ് എറിഞ്ഞയാളും കൊല്ലപ്പെട്ടയാളും സജീവ സിപിഎം പ്രവര്‍ത്തകരാണെന്നതിനാല്‍, ബോംബ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊതുചര്‍ച്ച പോകാതിരിക്കാനും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുമാണ് നീക്കം. ഇതിന്റെ ഭാഗമായി സംഭവത്തെ വെള്ളപൂശാന്‍ സിപിഎം ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐയും നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നാലെ അക്രമികളെ തളളാതെ മുന്‍മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയുള്‍പ്പെടെയുളളവരും രംഗത്തെത്തി.
വിവാഹ വീട്ടില്‍, കല്യാണത്തലേന്ന് രാത്രിയുണ്ടായ വാക് തര്‍ക്കത്തിനും കൈയ്യാങ്കളിക്കും പ്രതികാരം ചെയ്യുന്നതിന് പിറ്റേന്ന് ഉഗ്രസ്‌ഫോടകശേഷിയുള്ള ബോംബുമായി വരികയും ഇത് എറിയുമ്പോള്‍ സംഘാംഗം തന്നെ കൊല്ലപ്പെടുകയും ചെയ്ത സംഭവം കേരളത്തില്‍ തന്നെയല്ല, രാജ്യത്തു തന്നെ ആദ്യ സംഭവമാണ്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും സജീവ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ്. മുഖ്യമന്ത്രിയുടെ നാട്ടിലുണ്ടായ ഈ സംഭവം പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ നാണക്കേടുണ്ടാക്കുകയും ആഭ്യന്തരവകുപ്പ് വീണ്ടും പ്രതികൂട്ടിലാവുകയും ചെയ്തതോടെയാണ് സംഭവം ഗതിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കം നടക്കുന്നത്.
കൊല്ലപ്പെട്ടതും കൊന്നതും പാര്‍ട്ടിക്കാരായതു കൊണ്ടുതന്നെ സംഭവത്തെ അപലപിക്കാനോ കുറ്റപ്പെടുത്താനോ തയ്യാറാവാതെ ജാള്യത മറയ്‌ക്കാന്‍ സംഭവം നടന്ന തൊട്ടടുത്ത ദിവസം വിവാഹവീടുകളിലെ ആഭാസങ്ങളെക്കുറിച്ച് ബോധവല്‍ക്കരണവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയത് പാര്‍ട്ടിക്കുളളില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. മാത്രമല്ല അക്രമികളെ തളളിപ്പറയാന്‍ തയ്യാറാവാത്ത നേതൃത്വത്തിന്റെ നിലപാടിനെതിരെ പലയിടങ്ങളിലും പരസ്യമായി പാര്‍ട്ടിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.
വിവാഹവേളയില്‍ ആഭാസങ്ങള്‍ അക്രമത്തിലേക്കും കൊലയിലേക്കും നീങ്ങുന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് തോട്ടടയില്‍ ഉണ്ടായ ബോംബേറും കൊലപാതകവുമെന്നായിരുന്നു സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ വിശദീകരണം. വിവാഹ ആഭാസങ്ങള്‍ക്കെതിരെ യുവജനങ്ങളും മഹിളകളും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവാഹ ആഭാസങ്ങള്‍ക്കെതിരെ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് സമാന ആശയവുമായി കെ.കെ. ശൈലജ ഫേസ് ബുക് പോസ്റ്റ് ഇട്ടത്.
വിവാഹ ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണമെന്നാണ് പോസ്റ്റില്‍ പറയുന്നത്. സാമൂഹ്യ ബോധവല്‍ക്കരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന പോസ്റ്റില്‍ ഒരിടത്തും ബോംബ് നിര്‍മ്മിച്ചവര്‍ക്കെതിരെയും ഉപയോഗിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യം എവിടെയും ഉന്നയിച്ചിട്ടില്ലെന്നാണ് ശ്രദ്ധേയം. സമാനമായ രീതിയില്‍ അക്രമികളെ തളളിപ്പറയാന്‍ ജില്ലയിലെ ഒരൊറ്റ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളോ ഭരണത്തലപ്പത്തിരിക്കുന്ന ജില്ലയില്‍ നിന്നുളള മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ലെന്നത് സംഭവത്തെ തളളിപ്പറയാന്‍ തയ്യാറല്ലെന്നും പാര്‍ട്ടി അക്രമികള്‍ക്കൊപ്പമാണ് എന്നതാണ് വ്യക്തമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയുടെ കീഴടങ്ങലും ബോംബ് എവിടെ നിന്ന് കിട്ടിയെന്ന ചോദ്യവും പ്രതികള്‍ ഉപയോഗിച്ച വാഹനം ദിവസങ്ങള്‍ കഴിഞ്ഞ് ഡ്രൈവര്‍ തന്നെ സ്റ്റേഷനിലെത്തിച്ച സാഹചര്യവുമെല്ലാം കേസുമായി ബന്ധപ്പെട്ട് ചില ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പടിനെട്ടോളം വരുന്ന സംഘത്തിലെ ഏതാനും പേരെ മാത്രം പ്രതികളാക്കി കേസ് അന്വോഷണം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായ ആരോപണം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ട്. ഏതാനും ചിലരെ മാത്രം പ്രതികളാക്കാനുളള നീക്കം മേഖലയിലെ പാര്‍ട്ടി നേതാക്കള്‍ക്കും അംഗങ്ങള്‍ക്കുമിടയില്‍ കടുത്ത പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: