പാരീസ്: അവസാന നിമിഷങ്ങളില്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ മാജിക് ഗോളില്‍ പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി) വിജയം. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി.
ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലാണ് എംബാപ്പെയുടെ മാന്ത്രിക ഗോള്‍ പിറന്നത്. നൂറ് മീറ്റര്‍ ഓട്ടക്കാരനെപ്പോലെ കുതിച്ചുപാഞ്ഞ എംബാപ്പെ രണ്ട് റയല്‍ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ അതിമനോഹരമായി പന്ത് പാസ് ചെയ്ത റയലിന്റെ വലയിലേക്കു തിരിച്ചുവിട്ടു. നേരത്തെ എംബാപ്പെയുടെ ഒട്ടേറെ അവസരങ്ങള്‍ തടഞ്ഞിട്ട റയല്‍ ഗോളി തിബോട്ട് കോര്‍ട്ടിയോസിന് ഇത്തവണ കാഴ്ചക്കാരനായി നോക്കിനില്ക്കാനെ കഴിഞ്ഞൊള്ളു.
മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം സ്ഥാപിച്ച പിഎസ്ജി അര്‍ഹിച്ച വിജയം തന്നെയാണ് സ്വന്തമാക്കിയത്. തകര്‍ത്തുകളിച്ച പിഎസ്ജിക്ക് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. പക്ഷെ അതൊന്നും ഗോളാക്കാനായില്ല. റയല്‍ ഗോളി തിബോട്ടിന്റെ മിന്നുന്ന പ്രകടനമാണ് പിഎസ്ജിക്ക് പലപ്പോഴും ഗോള്‍ നിഷേധിച്ചത്. രണ്ടാം പകുതിയില്‍ സൂപ്പര്‍ സ്്റ്റാര്‍ ലയണല്‍ മെസിയുടെ സ്പോട്ട് കിക്കും തിബോട്ട് തട്ടിത്തെറിപ്പിച്ചു. ഒടുവില്‍ എംബാപ്പെയുടെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ തിബോട്ട് കീഴടങ്ങി. മത്സരം സമനിലയിലേക്ക് നീങ്ങവെയാണ് എംബാപ്പെയുടെ ഗോള്‍ പിറന്നത്.
ചാമ്പ്യന്‍സ് ലീഗില്‍ എംബാപ്പെ അവസാനം കളിച്ച പതിമൂന്ന് മത്സരങ്ങളില്‍ പതിമൂന്നാമത്തെ ഗോളാണിത്. പിഎസ്ജിയും റയല്‍ മാഡ്രിഡും തമ്മിലുള്ള രണ്ടാംപാദ മത്സരം മാര്‍ച്ച് ഒമ്പതിന് റയലിന്റെ തട്ടകത്തില്‍ നടക്കും. രണ്ടാം പാദത്തില്‍ കസീമിറോ, ഫെര്‍ലാന്‍ഡ് മെന്‍ഡി എന്നിവരുടെ സേവനം റയല്‍ മാഡ്രിഡിന് ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: