ശ്രീനഗര്‍: കശ്മീരില്‍ വ്യാപക പരിശോധനയില്‍ പത്ത് ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ പിടിയില്‍. ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എസ്ഐഎ) ചൊവ്വാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഭീകരര്‍ പിടിയിലായത്. ജെയ്ഷെ മുഹമ്മദിന്റെ ശൃംഖല കേന്ദ്രീകരിച്ച് മധ്യ-ദക്ഷിണ കശ്മീരിലെ വിവിധ പ്രദേശങ്ങളിലായിരുന്നു പരിശോധന.
ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍മാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് താഴെത്തട്ടില്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ പദ്ധതി ആസൂത്രണം ചെയ്യുന്നവരാണ് പിടിയിലായവരെന്ന് എസ്ഐഎ അറിയിച്ചു. കശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ രഹസ്യമായി പ്രവര്‍ത്തിക്കണം എന്നതായിരുന്നു ജെയ്ഷെ കമാന്‍ഡര്‍മാര്‍ ഇവര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശമെന്നും അവര്‍ പറഞ്ഞു.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറച്ചു നാളുകളിലായി ജെയ്ഷെ കേന്ദ്രങ്ങള്‍ അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. സംഘത്തിലെ ഒരു ഭീകരനെ അറസ്റ്റ് ചെയ്താല്‍ രഹസ്യ നീക്കങ്ങള്‍ കണ്ടെത്താന്‍ പ്രയാസപ്പെടുമെന്നും അത് പിന്നീടുള്ള അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കേന്ദ്രങ്ങളില്‍ നീരീക്ഷണം ശക്തമാക്കി. തുടര്‍ന്നായിരുന്നു ചൊവ്വാഴ്ച പരിശോധന നടത്തിയത്.
അറസ്റ്റിലായ ഭീകരരില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ഉടനെ കോടതിക്ക് കൈമാറുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സ്കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് ഇവര്‍ കൂടുതലായും സംഘടനയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നത്. പരിശോധനയില്‍ സെല്‍ഫോണുകള്‍, സിം കാര്‍ഡുകള്‍, ബാങ്ക് റെക്കോര്‍ഡ്സ്, പിസ്റ്റള്‍ എന്നിവയും കണ്ടെടുത്തതായും അന്വേഷണ സംഘം പറഞ്ഞു. പാകിസ്ഥാനില്‍ നിന്നാണ് ജെയ്ഷെ കമാന്‍ഡര്‍മാര്‍ കശ്മീരിലെ ഭീകരര്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: