മുംബൈ: ഹിന്ദി സംഗീതസംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദേഹം മുബൈയിലെ ആശുപത്രിയില്‍ മാസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആരോഗ്യ സ്ഥിതി മോശമായിരുന്നതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നായിരുന്നു അന്ത്യം.
ബപ്പി ലാഹിരി എന്നറിയപ്പെടുന്ന അലോകേഷ് ലാഹിരിയാണ് ഇന്ത്യന്‍ സിനിമയില്‍ സിന്തസൈസ് ചെയ്ത ഡിസ്കോ സംഗീതത്തിന്റെ ഉപയോഗം ജനപ്രിയമാക്കിയത്. സ്വന്തം രചനകളില്‍ ചിലത് അദ്ദേഹം ആലപിക്കുകയും ചെയ്തിട്ടുണ്ട്. ബംഗാളി ഭാഷയില്‍ ഗാനങ്ങള്‍ ഒരുക്കി കരിയര്‍ തുടങ്ങിയ അദേഹം ഹിന്ദില് തയാറാക്കിയ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. ഡിസ്കോ ഡാന്‍സര്‍, നമക് ഹലാല്‍, ഷറാബി ഡാന്‍സ് ഡാന്‍സ്, എന്നിവ ജനപ്രീതി നേടിയ ചില ഗാനങ്ങളാണ്.
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെ ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ലാഹിരി ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ അപരേഷ് ലാഹിരിയും ബന്‍സുരി ലാഹിരിയും പ്രശസ്ത ബംഗാളി ഗായകരും ശാസ്ത്രീയ സംഗീതജ്ഞരുമായിരുന്നു.
2014ല്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗില്‍ നിന്നും അംഗത്വം സ്വീകരിച്ചാണ് ബപ്പി ബിജെപിയില്‍ എത്തുന്നത്. തുടര്‍ന്ന് 2014 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ശ്രീറാംപൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയെങ്കിലും പാരജയപ്പെട്ടു. 18 ശതമാനത്തിലധികം വോട്ടുകള്‍ ബിജെപിക്ക് അദേഹം നേടിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: